'ഡാമുകൾ സുരക്ഷിതം, കനത്ത മഴ പെയ്താൽ മുല്ലപ്പെരിയാറിൽ ആശങ്ക', ഹൈക്കോടതിയിൽ സർക്കാർ

By Web TeamFirst Published Aug 17, 2020, 3:58 PM IST
Highlights

വലിയ ദുരന്തമുണ്ടായ പെട്ടിമുടി, ഉരുൾപൊട്ടൽ സാധ്യതാമേഖലയിലായിരുന്നില്ലെന്നും, പെരിയവര പാലം തകർന്നതാണ് തുടക്കത്തിൽ രക്ഷാപ്രവർത്തനത്തെ ബാധിച്ചതെന്നും സർക്കാർ കോടതിയെ അറിയിച്ചു.

കൊച്ചി: സംസ്ഥാനത്തെ ഡാമുകളിൽ സംഭരണശേഷിയേക്കാൾ വളരെ കുറവ് വെള്ളമേ നിലവിൽ ഉള്ളൂവെന്ന് സംസ്ഥാനസർക്കാർ കോടതിയെ അറിയിച്ചു. ജലസേചനവകുപ്പിന്‍റെ ഡാമുകളിൽ സംഭരണശേഷിയുടെ 61.8% വെള്ളം മാത്രമാണുള്ളത്. വൈദ്യുതിവകുപ്പിന്‍റെ ഡാമുകളിൽ സംഭരണശേഷിയുടെ 63.5 ശതമാനം വെള്ളമേ ഉള്ളൂവെന്നും സർക്കാർ കോടതിയിൽ സത്യവാങ്മൂലം വഴി അറിയിച്ചു. അതേസമയം, ശക്തമായ മഴയുണ്ടായാൽ മുല്ലപ്പെരിയാർ ഡാമിന്‍റെ കാര്യത്തിൽ ആശങ്കയുണ്ടെന്നും സർക്കാർ സത്യവാങ്മൂലത്തിൽ പറയുന്നു.

മറ്റ് പ്രധാന അണക്കെട്ടുകളിലെ ജലനിരപ്പ് സർക്കാർ സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടുന്നതിങ്ങനെ: ഇടുക്കി (64.61%), ഇടമലയാർ (57.46%), കക്കി (64.420%), ബാണാസുരസാഗർ (77.98%), ഷോളയാർ (79.11%).

അതിതീവ്രമഴ ഉണ്ടാകാനാണ് സാധ്യതയെന്നാണ് കാലാവസ്ഥാനിരീക്ഷണവകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നതെങ്കിലും പ്രതീക്ഷിച്ച അത്ര രീതിയിൽ കനത്ത മഴ പെയ്യാതിരുന്ന സാഹചര്യത്തിൽ ഡാമുകൾ തുറക്കേണ്ടി വരില്ലെന്നും സർക്കാർ അറിയിച്ചു. മുല്ലപ്പെരിയാർ ഡാമിന്‍റെ കാര്യത്തിൽ പക്ഷേ, ഇപ്പോഴും ആശങ്ക നിലനിൽക്കുന്നുണ്ട്. ശക്തമായ മഴ പെയ്താൽ ഡാമിന്‍റെ സുരക്ഷ സംബന്ധിച്ച് സർക്കാരിന് ഇപ്പോഴും ആശങ്കയുണ്ടെന്നും, ഇക്കാര്യം തമിഴ്നാട് സർക്കാരിനെ രേഖാമൂലം അറിയിച്ചിട്ടുണ്ടെന്നും, സർക്കാർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.

കനത്ത മഴ പെയ്ത പശ്ചാത്തലത്തിൽ ഓഗസ്റ്റ് 13-ഓടെ തുറന്നത് 8 ഡാമുകളാണെന്ന് സർക്കാർ അറിയിക്കുന്നു. ഇവയൊന്നും പ്രധാനപ്പെട്ട റിസർവോയറുകളായിരുന്നില്ല. മെഗലം, മലങ്കര, കാഞ്ഞിരപ്പുഴ, ശിരുവാണി, നെയ്യാർ, കുറ്റിയാടി, കാരാപ്പുഴ, വാളയാർ എന്നീ ഡാമുകളാണ് തുറന്നത്. ഇവയെല്ലാം നിയന്ത്രിതമായ അളവിലാണ് ഷട്ടറുകൾ തുറന്ന് വെള്ളം പുറത്തുവിട്ടതെന്നും സർക്കാർ അറിയിക്കുന്നു. അതേസമയം, പെട്ടെന്ന് നിറഞ്ഞ അഞ്ച് റിസർവോയറുകളും തുറന്നിട്ടുണ്ട്. കല്ലാർകുട്ടി, ലോവർ പെരിയാർ, കല്ലാർ, എരട്ടയാർ, മൂഴിയാർ എന്നിവയാണ് തുറന്നത്. 

അതിതീവ്രമഴയെന്ന മുന്നറിയിപ്പ് കിട്ടിയ പശ്ചാത്തലത്തിൽ ഏപ്രിൽ മുതൽക്ക് തന്നെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മഴക്കാലദുരന്തങ്ങളെ നേരിടാനുള്ള തയ്യാറെടുപ്പ് വിവിധ വകുപ്പുകൾ തുടങ്ങിയിരുന്നുവെന്ന് സർക്കാർ സത്യവാങ്മൂലത്തിൽ പറയുന്നു. ദുരന്തനിവാരണത്തിനും പ്രതികരണത്തിനുമായി എന്തെല്ലാം ചെയ്യണമെന്ന് വിശദീകരിക്കുന്ന ഓറഞ്ച് ബുക്ക് തയ്യാറാക്കി. ഇത് 33 വകുപ്പുകൾക്കും കൈമാറി. പൊലീസിനും മറ്റ് ഏജൻസികൾക്കും നൽകി. എല്ലാ ജനപ്രതിനിധികൾക്കും അയച്ചു. കൊവിഡ് പശ്ചാത്തലത്തിൽ സാമൂഹിക അകലം പാലിച്ച് നടത്താൻ കഴിയുന്ന ദുരിതാശ്വാസക്യാമ്പുകൾ തയ്യാറാക്കാനും തുറക്കാനും എല്ലാ തദ്ദേശഭരണസ്ഥാപനങ്ങൾക്കും നി‍ർദേശം നൽകി. ദേശീയദുരന്തപ്രതികരണസേനയോട് നേരത്തേകൂട്ടി 10 സംഘങ്ങളെ അയക്കണമെന്ന് അഭ്യർത്ഥിച്ചു. 

ഓഗസ്റ്റ് 10ന് സംസ്ഥാനത്തെ ഡാമുകളുടെ സ്ഥിതിയെക്കുറിച്ചും, ജലനിരപ്പിനെക്കുറിച്ചും റിപ്പോർട്ട് നൽകണമെന്ന് ഹൈക്കോടതി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. പെട്ടിമുടി ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ സംഭവത്തെക്കുറിച്ചും സർക്കാരിനോട് കോടതി റിപ്പോ‍ർട്ട് തേടി.

56 പേർ മണ്ണിടിച്ചിലിൽ കൊല്ലപ്പെട്ട പെട്ടിമുടി, ഉരുൾപൊട്ടൽ സാധ്യതാമേഖലയിലായിരുന്നില്ലെന്നാണ് സംസ്ഥാനസർക്കാർ സത്യവാങ്മൂലത്തിൽ കോടതിയെ അറിയിക്കുന്നത്. 1974 മുതൽ പെട്ടിമുടിയിൽ ലയങ്ങളുണ്ട്. ഇതുവരെ പെട്ടിമുടിയിൽ ദുരന്തങ്ങളോ മണ്ണിടിച്ചിലോ ഉണ്ടായിട്ടില്ല. മണ്ണിടിച്ചിൽ ഉണ്ടാകുന്നതിന് മുമ്പേ പെരിയവര പാലം തകർന്നത് തുടക്കത്തിൽ രക്ഷാപ്രവർത്തനത്തെ ബാധിച്ചുവെന്ന് സർക്കാർ പറയുന്നു. തുടർച്ചയായി പെയ്ത മഴയും മൂടൽമഞ്ഞും രക്ഷാപ്രവർത്തനത്തിന് വിഘാതമായെന്നും സർക്കാർ 24 പേജുള്ള സത്യവാങ്മൂലത്തിൽ കോടതിയെ അറിയിക്കുന്നു. 

click me!