
തിരുവനന്തപുരം: ഏഴ് വയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ അധ്യാപകന് 52 വർഷം കഠിന തടവ്. കൊല്ലം തുളസിമുക്ക് പ്ലാവിള വീട്ടിൽ സുനിൽ കുമാറിനെയാണ് (46) 52 വർഷം കഠിന തടവിനും 3.25 ലക്ഷം രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചത്. തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതിയുടേതാണ് വിധി. പിഴ അടച്ചില്ലെങ്കിൽ മൂന്നര വർഷം അധിക തടവ് അനുഭവിക്കണം. പിഴത്തുക അതിജീവിതന് നൽകാനും ജഡ്ജ് അഞ്ജു മീര ബിർള ഉത്തരവിട്ടു.
വിധിയെഴുതുമ്പോൾ, അധ്യാപകൻ എന്ന നിലയിൽ കുട്ടികൾ നൽകിയ വിശ്വാസത്തെ പ്രതി ദുരുപയോഗം ചെയ്തെന്നും യാതൊരു ദയയും അർഹിക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. 2017 മുതൽ 2019 വരെയുള്ള കാലയളവിലാണ് സംഭവം. നൃത്തം പഠിക്കാൻ പോയിരുന്ന കുട്ടിയെ പഠന ഹാളിലെ മുറിക്കുള്ളിൽ വെച്ച് നിരവധി തവണ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്നാണ് പ്രോസിക്യൂഷൻ കേസ്.
നൃത്ത ക്ലാസ്സിൽ പോകാൻ കുട്ടി വിമുഖത കാണിച്ചെങ്കിലും, വീട്ടുകാർ മടിയായിരിക്കുമെന്ന് കരുതി നിർബന്ധിച്ച് വിടുകയായിരുന്നു. പ്രതിയുടെ ഭീഷണി കാരണം കുട്ടി പീഡന വിവരം പുറത്തു പറഞ്ഞില്ല. അനുജനെയും കൂടെ ട്യൂഷന് വിടാൻ വീട്ടുകാർ ഒരുങ്ങിയപ്പോഴാണ് അനുജനും ഇരയാകുമോ എന്ന ഭയത്താൽ കുട്ടി പീഡനവിവരം തുറന്നുപറഞ്ഞത്. പീഡനത്തെത്തുടർന്ന് കുട്ടിയുടെ മനോനില തെറ്റിയതിനാൽ കൗൺസിലിംഗിന് വിധേയനാക്കിയിരുന്നു.
പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.എസ്. വിജയ് മോഹൻ ഹാജരായി. പ്രോസിക്യൂഷൻ 17 സാക്ഷികളെ വിസ്തരിക്കുകയും 17 രേഖകൾ ഹാജരാക്കുകയും ചെയ്തു. പാങ്ങോട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർമാരായ സുനീഷ് എൻ., സുരേഷ് എം.ആർ. എന്നിവരാണ് കേസ് അന്വേഷിച്ചത്. ഈ കേസിൻ്റെ വിചാരണ നടക്കുന്നതിനിടെ, കടയ്ക്കൽ പോലീസ് സ്റ്റേഷൻ പരിധിയിൽ 12 വയസ്സുകാരനെ പീഡിപ്പിച്ചതിനും പ്രതിക്കെതിരെ കേസെടുത്തിട്ടുണ്ട്.