വിവാഹമോചനം വിവാദമാക്കേണ്ടെന്ന് മേതിൽ ദേവിക: പിരിയാനുള്ള തീരുമാനം തൻ്റേത്, പ്രശ്നങ്ങളില്ലാതെ നടപടികൾ തീർക്കണം

Published : Jul 27, 2021, 03:31 PM ISTUpdated : Jul 27, 2021, 03:34 PM IST
വിവാഹമോചനം വിവാദമാക്കേണ്ടെന്ന് മേതിൽ ദേവിക: പിരിയാനുള്ള തീരുമാനം തൻ്റേത്, പ്രശ്നങ്ങളില്ലാതെ നടപടികൾ തീർക്കണം

Synopsis

താനും മുകേഷും രണ്ട് തരം ആദർശമുള്ളവരാണ്. വിവാഹ മോചനം ഒരു രാഷ്ട്രീയ വിവാദമാക്കേണ്ടതില്ല.  

തിരുവനന്തപുരം: നടൻ മുകേഷുമായുള്ള വിവാഹമോചന വാർത്തയിൽ പ്രതികരണവുമായി നർത്തകി മേതിൽ ദേവിക. വിവാഹമോചനത്തിനുള്ള നടപടികൾ ആരംഭിച്ചതായും മുകേഷിന് വക്കീൽ നോട്ടീസ് അയച്ചെന്നും മേതിൽ ദേവിക ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വിവാഹമോചനം വ്യക്തിപരമായ കാര്യമാണ്. ഇക്കാര്യം വിവാദമാക്കേണ്ടതില്ലെന്നും അവർ പറഞ്ഞു. 

വിവാഹമോചനവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന കഥകളിൽ സത്യമില്ല. പരസ്പരമുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ് ബന്ധം വേർപിരിയുന്നത്. തുടർന്നുള്ള കാര്യങ്ങൾ കൂട്ടായി തീരുമാനിക്കുമെന്നും മേതിൽ ദേവിക പറഞ്ഞു. താനും മുകേഷും രണ്ട് തരം ആദർശമുള്ളവരാണ്. വിവാഹ മോചനം ഒരു രാഷ്ട്രീയ വിവാദമാക്കേണ്ടതില്ല.  പിരിയാമെന്ന് ആദ്യം വ്യക്തമാക്കിയത് താനാണെന്നും വിവാഹമോചനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പുറത്തു പറയാൻ താത്പര്യമില്ലെന്നും മേതിൽ ദേവിക പറഞ്ഞു. 

വക്കീൽ മുഖാന്തരം വിവാഹമോചനം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിട്ടുണ്ട്. കോടതി നടപടികളിലേക്ക് എത്തിയിട്ടില്ല. 
മുകേഷിനെതിരെ താൻ പരസ്യമായി യാതൊരു പ്രതികരണവും നടത്തിയിട്ടില്ല. മുകേഷിനെതിരെ ഒരു മോശം പ്രസ്താവനയും ഉണ്ടായിട്ടില്ല. ഓൺലൈൻ മാധ്യമങ്ങളിൽ തൻ്റെ പേരിൽ പ്രചരിക്കുന്ന പല കാര്യങ്ങളും തെറ്റാണ്. വളരെ വ്യക്തിപരമായ കാര്യമാണ് വിവാഹമോചനം. 40 വ‍ർഷത്തിലേറെയായി അഭിനയരം​ഗത്തുള്ള മുകേഷേട്ടനെ ഒരു തരത്തിലും അപമാനിക്കാൻ താൻ ആ​ഗ്രഹിക്കുന്നില്ല. ഒരു കുടുംബത്തിനകത്ത് നടക്കുന്ന കാര്യങ്ങൾ ആണിതൊക്കെ. 

വക്കീൽ നോട്ടീസിൽ പങ്കാളിയുമായി തുട‍ർന്ന് ജീവിക്കാനുള്ള വിശ്വാസം നഷ്ടമായി എന്നുണ്ട്. അതിനെ എങ്ങനെയൊക്കെ വ്യാഖ്യാനിച്ചെടുക്കും എന്നറിയില്ല. സൗഹാ‍ർദ്ദപരമായി പിരിയാനാണ് ശ്രമിക്കുന്നത്. അതിനാൽ തന്നെ വ്യക്തിപരമായി അധിക്ഷേപിക്കാനുള്ള യാതൊരു താത്പര്യവും തനിക്കില്ല. ഞങ്ങൾക്കിടയിൽ അഭിപ്രായ ഭിന്നതകളുണ്ട്. ‍ഞങ്ങൾക്കിടയിൽ പ്രശ്നങ്ങളുണ്ട് എന്നതിനർത്ഥം അദ്ദേഹം മോശക്കാരനായ ഒരു മനുഷ്യനാണ് എന്നല്ല. 

രാഷ്ട്രീയത്തിലേക്ക് വരാനുള്ള തീരുമാനം മുകേഷിൻ്റെയാണ്. അതിനാൽ തന്നെ ഇപ്പോൾ വിവാഹമോചനം രാഷ്ട്രീയമായി ഉപയോഗിക്കപ്പെടുമ്പോൾ അതിനെ നേരിടാൻ അദ്ദേഹം തയ്യാറായിരിക്കും എന്നാണ്  തോന്നുന്നത്. ഇതൊരു രാഷ്ട്രീയ വിവാദമായി മാറുന്നതിനോട് എനിക്ക് യോജിപ്പില്ല. അങ്ങനെ ചെയ്യരുത് എന്നാണ് എനിക്ക് പറയാനുള്ളത്. പക്ഷേ ഒരു രാഷ്ട്രീയ നേതാവിൻ്റെ വിവാഹമോചനം സ്വാഭാവികമായും വിവാദമാകും അതിൽ നമ്മുക്കൊന്നും ചെയ്യാനില്ല. 

വളരെ ആലോചിച്ച് മാത്രം കാര്യങ്ങൾ തീരുമാനിക്കുന്നയാളാണ്. ഞാൻ ഈ ഒരു കാര്യവും ഒരുപാട് ആലോചിച്ചെടുത്ത തീരുമാനമാണ്. ഒരു വിവാഹബന്ധം വേർപ്പെടുത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. വളരെ വേദനിപ്പിക്കുന്ന കാര്യമാണിതൊക്കെ. വിവാഹമോചനത്തിലേക്ക് നയിച്ച കാര്യങ്ങളൊന്നും ചർച്ചയാവാൻ ഇടവരരുത് എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. അദ്ദേഹം ഒരു നല്ല ഭർത്താവായിരുന്നു എന്നു ഞാൻ പറയുന്നില്ല. വളരെ പക്വമതിയായ മനുഷ്യനായിരുന്നില്ല അദ്ദേഹം. ദേഷ്യം വന്നാൽ സ്വയം നിയന്ത്രണം നഷ്ടമാകുന്ന അവസ്ഥയുണ്ടായിരുന്നു. 

അഭിഭാഷകർ അടക്കമുള്ള ഇടനിലക്കാർ ഇടപെട്ടാണ് ഇപ്പോൾ വിവാഹമോചനവുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുന്നത്. രണ്ട് കൂട്ടർക്കും ബുദ്ധിമുട്ടില്ലാത്ത തരത്തിൽ നടപടികൾ പൂർത്തിയാവണം എന്നാണ് ആഗ്രഹിക്കുന്നത്. ഈ വക്കീൽ നോട്ടീസ് പോലും അതിനുള്ള ഒരു കളമൊരുക്കലാണ്. മുകേഷേട്ടനെ വിവരിക്കാൻ എനിക്ക് അറിയില്ല. ഇപ്പോൾ പ്രചരിക്കുന്ന പോലെ വലിയൊരു വില്ലനൊന്നുമല്ല അദ്ദേഹം. ഇക്കാര്യത്തിൽ എന്ത് നിലപാട് അദ്ദേഹമെടുക്കും എന്നറിഞ്ഞൂടാ. വിവാഹമോചനം കഴിഞ്ഞാലും ഒരു സുഹൃത്തായി തുടരാനാവണം എന്നാണ് ആഗ്രഹം. അതെങ്കിലും സാധിക്കട്ടെ... 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തൃശൂരില്‍ എല്‍ഡിഎഫിന്‍റെ അപ്രമാദിത്യത്തിന് കനത്ത തിരിച്ചടി; പത്തുവർഷത്തിന് ശേഷം യുഡിഎഫ് തിരിച്ചുപിടിച്ചു, 6ൽ നിന്ന് എട്ടിലേക്ക് നിലയുയർത്തി ബിജെപി
തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടി; പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ, 'ഒരിക്കൽ തോറ്റാൽ എല്ലാം തോറ്റെന്നല്ല, തിരുത്തി പോകും'