
കൊച്ചി: സര്‍ക്കാര്‍ ജീവനക്കാരുടെ സ്വകാര്യ വിവരങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ചോർത്തിയെന്ന ആരോപണത്തിൽ സർക്കാരിന് ആശ്വാസം. സ്വകാര്യത ലംഘനം ചൂണ്ടിക്കാട്ടിയുള്ള ഹർജി ഹൈക്കോടതി തള്ളി. മുഖ്യമന്ത്രിയുടെ ഓഫീസ് ഡി എ സന്ദേശമയച്ചതിൽ നിയമവിരുദ്ധതയില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. സന്ദേശമയച്ചത് നല്ല ഭരണത്തിന്റെ ഭാഗമായേ കാണാനാകൂവെന്നും കോടതി നിരീക്ഷിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിന് സ്പാർക്കിൽ നിന്ന് ഡാറ്റ കൈമാറി എന്നതിന് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഹർജി തള്ളിയത്.
സര്‍ക്കാര്‍ ജീവനക്കാരുടെ സ്വകാര്യ വിവരങ്ങള്‍ സ്പാർക്കിൽ നിന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ചോർത്തിയതിൽ സ്വകാര്യത ലംഘനം ചൂണ്ടികാട്ടിയുള്ള ഹർജിയാണ് ഹൈക്കോടതി തള്ളിയത്. സെക്രട്ടറിയേറ്റ് ജീവനക്കാരൻ അനിൽകുമാർ അടക്കമുള്ളവരാണ് അനുമതിയില്ലാതെ വിവരങ്ങൾ ചോർത്തിയതിൽ ഹൈക്കോടതിയെ സമീപിച്ചത്. ജീവനക്കാരുടെ മൊബൈൽ ഫോണുകളിലേക്ക് ക്ഷാമബത്ത അടക്കം നൽകിയത് ചൂണ്ടികാട്ടി മെസേജുകൾ അയക്കുന്നുവെന്നും ഇത് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണെന്നുമായിരുന്നു ഹർജിക്കാരുടെ വാദം. എന്നാൽ, തെരഞ്ഞെടുപ്പ് സന്ദേശങ്ങൾ ഒന്നും അയച്ചില്ലെന്നും ജിവനക്കാർക്ക് അയച്ചത് ഭരണ നിർവ്വഹണത്തിന്‍റെ ഭാഗമായ സന്ദേശങ്ങൾ മാത്രമാണെന്നുമാണ് സർക്കാറിന്‍റെ മറുപടി. ആരുടെയും വ്യക്തിഗത വിവരങ്ങൾ സൂക്ഷിച്ചിട്ടില്ലെന്നു മുഖ്യമന്ത്രിയുടെ ഓഫീസ് കോടതിയെ അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam