അമ്മയുടെ മരണ കാരണം ചികിത്സാ പിഴവ്; കളമശേരി മെഡിക്കൽ കോളേജിൽ മകളുടെ നിരാഹാര സമരം

By Web TeamFirst Published Feb 7, 2023, 9:09 AM IST
Highlights

ഡോ നിജാസ് എന്നയാളാണ് സുശീലാ ദേവിയെ ചികിത്സിച്ചതെന്നാണ് മെഡിക്കൽ കോളേജിൽ നിന്ന് സുചിത്രയ്ക്ക് നൽകിയ രേഖകളിൽ ഉള്ളത്

കൊച്ചി: അമ്മയുടെ മരണത്തിനു കാരണം ചികിത്സാ പിഴവെന്ന് ആരോപിച്ച് കളമശേരി മെഡിക്കൽ കോളജ് ആശുപത്രിക്കു മുന്നിൽ മകളുടെ നിരാഹാര സമരം. ആലുവ സ്വദേശി സുചിത്രയാണ് സമരം ചെയ്യുന്നത്. ഇവരുടെ അമ്മ സുശീല ദേവിയുടെ മരണത്തിന് ഉത്തരവാദികളായ ഡോക്ടർമാർക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് സമരം. വ്യാജ ജനന സർട്ടിഫിക്കറ്റ് വിവാദത്തിനു പിന്നാലെയാണ് ചികിത്സ പിഴവിനെതിരെ കളമശേരി മെഡിക്കൽ കോളേജിനു മുന്നിൽ സമരം നടക്കുന്നത്.

കഴിഞ്ഞ വർഷം ഏപ്രിൽ മൂന്നിനാണ് സുശീലാ ദേവി മരിച്ചത്. കളമശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. ചികിത്സാ പിഴവാണ് മരണ കാരണമെന്ന് ആരോപണമുയർന്നിരുന്നു. ബന്ധുക്കൾ പരാതിയും നൽകി. മകൾ സുചിത്ര നിരവധി തവണ അന്വേഷണം ആവശ്യപ്പെട്ട പലരെയും കണ്ടിരുന്നു. ഡോ നിജാസ് എന്നയാളാണ് സുശീലാ ദേവിയെ ചികിത്സിച്ചതെന്നാണ് മെഡിക്കൽ കോളേജിൽ നിന്ന് സുചിത്രയ്ക്ക് നൽകിയ രേഖകളിൽ ഉള്ളത്.

എന്നാൽ പിന്നീട് വിവരാവകാശ നിയമ പ്രകാരം ലഭ്യമായ രേഖകളിൽ ഇങ്ങനെയൊരു ഡോക്ടർ മെഡിക്കൽ കോളേജിൽ ഇല്ലെന്ന് പറയുന്നു. ഇതാണ് ചികിത്സാ പിഴവെന്ന സംശയം ബലപ്പെടാൻ കാരണം. ഡോക്ടർ ആൾമാറാട്ടം നടത്തി തന്റെ അമ്മയെ ഇല്ലാതാക്കിയെന്ന് സുചിത്ര ആരോപിക്കുന്നു. സംഭവത്തിൽ 2022 ജൂലൈ മാസത്തിൽ ആരോഗ്യവകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടും ഇതുവരെ അന്വേഷണം ആരംഭിച്ചിട്ടില്ല. കളമശേരി മെഡിക്കൽ കോളേജ് സൂപ്രണ്ട് ഗണേഷ് മോഹൻ കുറ്റവാളികളെ സംരക്ഷിക്കുകയാണ് ചെയ്യുന്നത്. ചികിത്സാ പിഴവ് സംബന്ധിച്ച് ഇദ്ദേഹം അറിഞ്ഞിട്ടും പൊലീസിൽ റിപ്പോർട്ട് ചെയ്തില്ലെന്നും സുചിത്ര കുറ്റപ്പെടുത്തി.

വ്യാജ ജനന സർട്ടിഫിക്കറ്റ് വിവാദത്തിലടക്കം പ്രതിക്കൂട്ടിൽ നിൽക്കുകയാണ് കളമശേരി മെഡിക്കൽ കോളേജ്. ഈ ഘട്ടത്തിലാണ് സുചിത്രയുടെ സമരവും ഉയർന്ന് വരുന്നത്. എറണാകുളത്ത് അഭിഭാഷകയാണ് സുചിത്ര. കളമശേരി മെഡിക്കൽ കോളേജ് സൂപ്രണ്ട് ഗണേഷ് മോഹനെ അടക്കം മാറ്റിനിർത്തി സംഭവത്തിൽ അന്വേഷണം വേണമെന്ന് അവർ ആവശ്യപ്പെട്ടു.

എന്നാല്‍ ആദ്യം  സുശീല ദേവിയെ ചികിത്സിച്ച ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സാ പിഴവ്  ഉണ്ടായതെന്നാണ് കളമശേരി മെഡിക്കല്‍ കോളേജിന്‍റെ ഭാഗത്ത് നിന്നുള്ള വിശദീകരണം. സുശീല ദേവിയെ ചികിത്സിച്ച ഡോ ഷിജാസ് ആശുപത്രിയിലെ ഹൗസ് സര്‍ജനാണ്. അദ്ദേഹം സ്ഥിരം ഡോക്ടര്‍മാരുടെ പട്ടികയില്‍ പെടില്ലെന്നും മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന്‍റെ വിശദീകരിച്ചു.

click me!