തുണികൊടുത്ത് നന്മ ചെയ്ത മനുഷ്യന് തുണികൊണ്ട് ആദരമൊരുക്കി ഡാവിഞ്ചി സുരേഷ്

By Web TeamFirst Published Aug 12, 2019, 6:28 PM IST
Highlights

നമ്മള്‍ പോകുമ്പോള്‍ ഇതൊന്നും ഇവിടുന്ന് കൊണ്ടുപോകില്ല. ഉപകാരപ്പെടുന്നവര്‍ക്ക് ഉപകാരപ്പെടട്ടേ....' ഇത് നമ്മുടെ നൗഷാദിന്‍റെ വാക്കുകളാണ്. 

കോഴിക്കോട്: 'നമ്മള്‍ പോകുമ്പോള്‍ ഇതൊന്നും ഇവിടുന്ന് കൊണ്ടുപോകില്ല. ഉപകാരപ്പെടുന്നവര്‍ക്ക് ഉപകാരപ്പെടട്ടേ....' ഇത് നമ്മുടെ നൗഷാദിന്‍റെ വാക്കുകളാണ്.  സ്വന്തം ഉപജീവനമായ തുണിക്കടയില് നിന്ന് പുതിയ വസ്ത്രങ്ങള്‍ ദുരിതബാധിതര്‍ക്കായി നല്‍കിയ നൗഷാദിന്‍റെ വാക്കുകളും പ്രവൃത്തിയും എങ്ങും നിറയുകയാണ്. ദുരിതബാധിതര്‍ക്കുള്ള സഹായങ്ങള്‍ പ്രതിസന്ധികള്‍ നേരിടുന്ന സമയത്തായിരുന്നു ആ നന്മ നമ്മളെ തേടിയെത്തിയത്. 

മടിച്ചുനിന്നവര്‍ക്കും മാറിനിന്നവര്‍ക്കും നൗഷാദ് നല്‍കിയ പ്രചോദനം ചെറുതല്ല. ആ പ്രചോദനമാണ് സാമൂഹിക മാധ്യമങ്ങളും ഏറ്റെടുത്തത്. ഇപ്പോള്‍  തുണികൊടുത്തു നന്മ ചെയ്ത ആ മനുഷ്യന് തുണികൊണ്ട് ഒരു സൃഷ്ടി ഒരുക്കി ആദരിക്കുകയാണ് ശില്‍പ്പി ഡാവിഞ്ചി സുരേഷ്. 

നൗഷാദിനെ വസ്ത്രങ്ങള്‍ കൊണ്ട് നിര്‍മ്മിച്ചായിരുന്നു പ്രശസ്ത ശില്‍പി ഡാവിഞ്ചി സുരേഷിന്‍റെ ആദരം. ഗിന്നസ് പക്രുവാണ് ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചത്. ഇതോടെ സൗമൂഹ്യമാധ്യമങ്ങളും ചിത്രം ഏറ്റെടുത്തു കഴിഞ്ഞു. സിനിമാ താരങ്ങളായ കുഞ്ചാക്കോ ബോബനടക്കം നിരവധിപേര്‍ ചിത്രം പങ്കുവയ്ക്കുന്നു.

നടന്‍ രാജേഷ് ശര്‍മയാണ് ഫേസ്ബുക്ക് ലൈവിലൂടെ നൗഷാദിന്റെ പ്രവര്‍ത്തനം ജനങ്ങളിലേക്ക് എത്തിച്ചത്. ക്യാംപുകളിലേക്ക് വസ്ത്രം ശേഖരിക്കാനാണ് സന്നദ്ധ സംഘം എറണാംകുളം ബ്രോഡ്വേയില്‍ കളക്ഷന് ഇറങ്ങിയത്. വസ്ത്രമാണ് ശേഖരിക്കുന്നതെന്ന് നൗഷാദിനോട് പറഞ്ഞപ്പോള്‍ അദ്ദേഹം അകമഴിഞ്ഞ് സഹായിക്കുകയായിരുന്നു.

click me!