'കഴിഞ്ഞ വര്‍ഷം മക്കളെ രക്ഷിക്കാന്‍ വിളിച്ചുകരഞ്ഞു, ഇന്ന് രണ്ടുചാക്ക് അരി ചോദിച്ചപ്പോള്‍ ബ്ലോക്ക് ചെയ്തു'; പുരോഹിതന്‍റെ കുറിപ്പ്

By Web TeamFirst Published Aug 12, 2019, 6:16 PM IST
Highlights

'ഈ പ്രാവിശ്യം ക്യാമ്പിലേക്ക് രണ്ട് ചാക്ക് അരി മാത്രം ഞാൻ ചോദിച്ചു.. ഉത്തരം ഇല്ല.. ഇന്നലെ വിണ്ടും മെസേജ് അയച്ചു.. വിജയകരമായ് എന്നെ ബ്ലോക്ക് ചെയ്തു'.

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയില്‍പ്പെട്ടവരെ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റുകള്‍ പ്രവഹിക്കുമ്പോള്‍ വ്യത്യസ്തമായ അനുഭവം വെളിപ്പെടുത്തി പുരോഹിതന്‍റെ കുറിപ്പ്. കഴിഞ്ഞ പ്രളയകാലത്ത് അവധിക്ക് നാട്ടിലെത്തിയ മകന്‍റെ ഭാര്യയെയും മകളെയും രക്ഷിക്കണമെന്ന് വിദേശത്ത് നിന്ന് വിളിച്ചുകരഞ്ഞ  സ്ത്രീ ഇത്തവണ ദുരിതാശ്വാസ സഹായമായി രണ്ടുചാക്ക് അരി ചോദിച്ചപ്പോള്‍ തന്നെ ബ്ലോക്ക് ചെയ്തെന്ന് പുരോഹിതന്‍ പറഞ്ഞു.  മലങ്കര ഓർത്ത‍ഡോക്സ് സഭയിലെ വൈദികനായ സന്തോഷ് ജോര്‍ജ് ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അനുഭവം പങ്കുവെച്ചത്. 

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം...

കഴിഞ്ഞ വർഷം ആറൻമുള കാരി ഒരു ആന്റി വിദേശത്ത് നിന്ന് പത്തു പ്രാവിശ്യമെങ്കിലും എന്നെ വിളിച്ച് മകന്റെ ഭാര്യയും മകളും അവധിക്കു വന്നതാണ് .വീട്ടിൽ വെള്ളം കേറി.. അടുത്ത് ആരുമില്ല.. രക്ഷിക്കണം എന്ന് നിലവിളിച്ച് പറഞ്ഞത് കാതിൽ ഇപ്പോളും ഉണ്ട്.. രണ്ടു മണിക്കൂറിനുള്ളിൽ നമ്മുടെ രാജുച്ചായനേം ബന്നിയേം പറഞ്ഞയച്ച് അവരെ പരുമല ക്യാമ്പിൽ എത്തിച്ചു... ഈ പ്രാവിശ്യം ക്യാമ്പിലേക്ക് രണ്ട് ചാക്ക് അരി മാത്രം ഞാൻ ചോദിച്ചു.. ഉത്തരം ഇല്ല.. ഇന്നലെ വിണ്ടും മെസേജ് അയച്ചു.. വിജയകരമായ് എന്നെ ബ്ലോക്ക് ചെയ്തു... ദൈവം നടത്തിയ വിധങ്ങളെ മറക്കുന്നതാ മനുഷ്യാ നിന്റെ മേലുള്ള കുറ്റം... അത് അത്ര പെട്ടന്ന് മാഞ്ഞു പോകില്ല... ചിരിക്കാനും ചിന്തിക്കാനും അല്ലേ ഇതൊക്കെ തരുന്ന സന്ദേശം... നിങ്ങളിത് വായിച്ച് ഒന്നു ചിരിച്ചാ മതി... എനിക്കതാ സന്തോഷം...

click me!