
തിരുവനന്തപുരം : ഒടുവില്‍ ഡിസിസി പുനഃസംഘടനയ്ക്കുള്ള സമ്പൂര്‍ണ പട്ടിക കെപിസിസിക്ക് മുന്നിലെത്തി. ജില്ലാതല സമിതികള്‍ നല്‍കിയ ജമ്പോ പട്ടികയില്‍ നിന്ന് ഭാരവാഹികളെ തീരുമാനിക്കാനുള്ള ഉപസമിതി ചര്‍ച്ച തുടങ്ങി. ഈ മാസം 25 നുശേഷം തുടര്‍ച്ചയായി യോഗം ചേര്‍ന്ന് ഭാരവാഹികളെ പ്രഖ്യാപിക്കുമെന്നാണ് കെപിസിസി പ്രസിഡന്‍റിന്‍റെ ഉറപ്പ്.
ഏഴുപേരടങ്ങുന്ന ഉപസമിതിയാണ് ഡിസിസി ഭാരവാഹികളുടെ പട്ടിക തയ്യാറാക്കുന്നത്. കെ സി ജോസഫും ജോസഫ് വാഴക്കനും കൊടിക്കുന്നില്‍ സുരേഷും കെ ജയന്തും എം ലിജുവും ടി സിദ്ദീഖും എപി അനില്‍കുമാറുമാണ് സമിതി അംഗങ്ങള്‍. എല്ലാ ഗ്രൂപ്പില്‍നിന്നും പ്രതിനിധികളുണ്ട്. ഇതിന് പുറമെ കെപിസിസി പ്രസിഡന്‍റും പ്രതിപക്ഷനേതാവും ചര്‍ച്ചകളുടെ ഭാഗമാകും. ആദ്യയോഗം ഇന്നലെ ചേര്‍ന്നു. താഴെത്തട്ടിലുള്ള പ്രവര്‍ത്തനം വിലയിരുത്തി മതി ഒരാളെ ഭാരവാഹിയാക്കുന്നത് എന്നാണ് പൊതുധാരണ.
ഡിസിസികളിലും ബ്ലോക്ക് കമ്മിറ്റികളിലും യുവാക്കള്‍, വനിതകള്‍, ന്യൂനപക്ഷ-പിന്നാക്ക വിഭാഗങ്ങള്‍ തുടങ്ങിയവര്‍ക്ക് പരമാവധി പ്രാതിനിധ്യം നല്‍കണമെന്നും തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ കെഎസ്‍യു മഹിളാ കോണ്‍ഗ്രസ് പുനസംഘടനകളില്‍ കടുത്ത എതിര്‍പ്പ് പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ഡിസിസി പുനസംഘടന കരുതലോടെ വേണ്ടിവരും. ചെറിയ അസ്വാരസ്യങ്ങളും അഭിപ്രായവ്യത്യാസങ്ങളും സംഘടനയുടെ കെട്ടുറപ്പിനെ ബാധിക്കാതിരിക്കാനുള്ള ജാഗ്രത എല്ലാവരും കാട്ടണമെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. പുനസംഘടന വേഗത്തിലാക്കണമെന്ന് പൊതു അഭിപ്രായം ഉണ്ടെങ്കിലും പട്ടിക കൊണ്ടുള്ള അടിക്ക് കുറവുണ്ടാകാന്‍ ഇടയില്ല.
Read More : കിണറ്റിൽ വീണ കരടി ചത്തു; വെള്ളത്തിൽ കിടന്നത് 50 മിനിറ്റ്; പാകപ്പിഴ പറ്റിയെന്ന് മയക്കുവെടിവച്ച ഡോക്ടർ