
തിരുവനന്തപുരം : പുതിയ ഡിസിസി പ്രസിഡന്‍റുമാരെ പ്രഖ്യാപിച്ച് ഒന്നരവര്‍ഷം കഴിഞ്ഞിട്ടും ഭാരവാഹികളെ നിശ്ചയിക്കാന്‍ കഴിയാതെ കെപിസിസി. നാലാമതും നീട്ടിനല്‍കിയ അവസാന തീയതി ഇന്നലെ അവസാനിച്ചിട്ടും സംസ്ഥാനത്ത് ഒരു ജില്ലയും പട്ടിക സമര്‍പ്പിച്ചിട്ടില്ല. പ്ലീനറി സമ്മേളനമെന്ന ഒഴിവുപറഞ്ഞ് പുനസംഘടന ഇനിയും നീളും
വി.എം സുധീരന്‍ കെപിസിസി അധ്യക്ഷനായ കാലത്താണ് ജില്ലാകോണ്‍ഗ്രസ് കമ്മിറ്റി ജംബോ കമ്മിറ്റിയായി മാറിയത്. മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രസിഡന്‍റായപ്പോഴും ഇതേ അവസ്ഥ ആവര്‍ത്തിച്ചു. നൂറിലധികം ഭാരവാഹികളുള്ള ജില്ലാ കമ്മിറ്റികളെയൊക്കെയാണ് പുതിയ മാനദണ്ഡം അനുസരിച്ച് 35 ആയി ചുരുക്കേണ്ടത്. ഗ്രൂപ്പ് പ്രതിനിധികളായി കയറിക്കൂടിയവരെ ഒഴിവാക്കാന്‍ പറ്റാതെ വന്നതോടെ പട്ടികയും കൊണ്ട് ഇരിപ്പാണ് നേതാക്കള്‍. ഒന്നരവര്‍ഷമായിട്ടും ഒരടി മുന്നോട്ടുപോയിട്ടില്ല. ജില്ലാതലത്തില്‍ പ്രത്യേകസമിതികള്‍ രൂപീകരിച്ചെങ്കിലും സംസ്ഥാനത്തെ ഒരുജില്ലയിലും ഭാരവാഹികളുടെ പ്രാഥമിക പട്ടികപോലും തയ്യാറായിട്ടില്ല. ഈമാസം മാത്രം ഇത് രണ്ടാംതവണയാണ് തീയതി നീട്ടേണ്ടിവരുന്നത്.
തെരഞ്ഞെടുപ്പ് രീതി സംബന്ധിച്ച് കെപിസിസി ഇറക്കുന്ന സര്‍ക്കുലറുകള്‍ അടിക്കടി മാറുന്നതും തടസമാണ്. ഡിസിസി ഭാരവാഹികളെ തീരുമാനിച്ചു കഴിഞ്ഞാല്‍ എക്സിക്യൂട്ടീവിനെയും ഡിസിസി അംഗങ്ങളെയും ബ്ലോക്ക് ഭാരവാഹികളെയുമാണ് നോമിനേറ്റ് ചെയ്യേണ്ടത്. ജില്ലാതല സമിതികള്‍ക്കായിരുന്നു അധികാരം. പരാതികളേറിയതോടെ ഇക്കാര്യത്തിലും അന്തിമതീരുമാനം കെപിസിസി തന്നെ ഏറ്റെടുത്തു. കെപിസിസി ഭാരവാഹികളുടെ പ്രവര്‍ത്തനം മോശമാണെന്ന ഹൈക്കമാന്‍ഡ് വിലയിരുത്തല്‍ നിലനില്‍ക്കെയാണ് ഡിസിസിയും പുനസംഘടിപ്പിക്കാന്‍ കഴിയാതെ നീണ്ടു പോകുന്നത്. അണികളാണെങ്കില്‍ ഇക്കാര്യത്തില്‍ കടുത്ത അതൃപ്തിയിലുമാണ്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam