
പാലക്കാട്: ആശുപത്രി അധികൃതര്‍ പോസ്റ്റ്മോര്‍ട്ടം ചെയ്യാൻ മറന്നതോടെ വീട്ടിലെത്തിച്ച മൃതദേഹം തിരിച്ചുകൊണ്ടുപോയി പോസ്റ്റ്മോര്ട്ടം നടത്തി. പാലക്കാട് ജില്ലാ ആശുപത്രിയിലാണ് അസാധാരണമായ സംഭവം നടന്നത്. വിഷം കഴിച്ച് മരിച്ച പാലക്കാട് മുണ്ടൂർ സ്വദേശി സദാശിവന്‍റെ മൃതദേഹമാണ് പോസ്റ്റ്മോർട്ടം നടത്താതെ ബന്ധുക്കൾക്ക് വിട്ടു നൽകിയത്. ഇന്നലെ വീട്ടിൽ? പൊതുദർശനം നടക്കുന്നതിനിടെ ആശുപത്രി ജീവനക്കാർ പൊലീസുമായി എത്തി മൃതദേഹം തിരികെവാങ്ങി കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് ഇന്ന് പോസ്റ്റ്‍മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.ജില്ലാ ആശുപത്രി ജീവനക്കാരുടെ വീഴ്ച്ചയാണെന്ന് ബന്ധുക്കൾ ആരോപിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പാലക്കാട് ഡിഎംഒ അറിയിച്ചു.
സെപ്റ്റംബര്‍ 25ന് വിഷം കഴിച്ച നിലയിൽ ഗുരുതരാവസ്ഥയിൽ സദാശിവനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ഐസിയുവിൽ ഒരുമാസത്തോളമായി ചികിത്സയിലായിരുന്നു. ചികിത്സക്കിടെ ഇന്നലെയാണ് മരണം സംഭവിക്കുന്നത്. തുടര്‍ന്ന് വിഷം കഴിച്ച് മരിച്ചതിനാൽ പോസ്റ്റ്‍മോര്‍ട്ടം ഉണ്ടാകുമെന്ന് ബന്ധുക്കളും പ്രതീക്ഷിച്ചിരുന്നു. എന്നാൽ, ഒരു മാസത്തോളം ആശുപത്രിയിൽ ചികിത്സയിലായിരുന്ന ആളായതിനാൽ സാധാരണ രീതിയിൽ നടപടി പൂര്‍ത്തിയാക്കി മൃതദേഹം ആശുപത്രി അധികൃതര്‍ വിട്ടുകൊടുക്കുകയായിരുന്നു.
തുടര്‍ന്ന് വൈകിട്ടോടെ വീട്ടിൽ പൊതുദര്‍ശനവും ആരംഭിച്ചു. ഇതിനിടയിൽ രാത്രി ഒമ്പതോടെ പൊലീസും ആശുപത്രി ജീവനക്കാരും സ്ഥലത്തെത്തി മൃതദേഹം കൊണ്ടുപോവുകയായിരുന്നു. മരണ സര്‍ട്ടിഫിക്കറ്റിന്‍റെ കാര്യത്തിലടക്കം പ്രശ്നം നേരിടുമെന്നും പോസ്റ്റ്‍മോര്‍ട്ടം നടത്തണമെന്നും ബന്ധുക്കളോട് പറഞ്ഞശേഷമാണ് മൃതദേഹം കൊണ്ടുപോയത്. ആശുപത്രിയുടെ ഭാഗത്തുണ്ടായത് ഗുരുതര വീഴ്ചയെന്നും ആളുകള്‍ അറിയിട്ടെയെന്ന് കരുതിയാണ് പറഞ്ഞതെന്നും ഇക്കാര്യത്തിൽ പരാതി ഇല്ലെന്നും ബന്ധു പി എൻ പ്രമോദ് പറഞ്ഞു. എന്നാൽ ഒരു മാസത്തോളമായി ചികിത്സയിലായിരുന്നതിനാൽ സ്വാഭാവിക മരണമാണന്ന് കരുതിയെന്നാണ് ആശുപത്രി സുപ്രണ്ടിൻ്റെ വിശദീകരണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam