ഓട്ടോ ഡ്രൈവർ രാജേഷിന്‍റെ മൃതദേഹം റീ പോസ്റ്റ്‍മോ‍ർട്ടം ചെയ്യണമെന്ന് കുടുംബം

By Web TeamFirst Published Sep 22, 2019, 12:18 PM IST
Highlights

മൃതദേഹം റീപോസ്റ്റുമോര്‍ട്ടം ചെയ്യണമെന്നും മൃതദേഹവുമായി പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തുന്ന കാര്യം ആലോചിക്കുന്നെന്നും കുടുംബം.

കോഴിക്കോട്: എലത്തൂരിൽ സിപിഎം പ്രവർത്തകരുടെ മർദ്ദനത്തിനിരയായ ശേഷം ആത്മഹത്യ ചെയ്ത ഓട്ടോ ഡ്രൈവർ രാജേഷിന്‍റെ മൃതദേഹം വെസ്റ്റ്ഹില്ലിലെ ശ്‍മശാനത്തില്‍ ദഹിപ്പിക്കാനുള്ള തീരുമാനത്തിൽ നിന്ന് കുടുംബം പിന്മാറി. മൃതദേഹം വീട്ടുവളപ്പിൽ അടക്കം ചെയ്യാനാണ് കുടുംബത്തിന്‍റെ തീരുമാനം. പ്രതികളെ രക്ഷിക്കാൻ പൊലീസ് ഒത്തുകളിക്കുന്നെന്ന് വ്യക്തമായതിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് കുടുംബം പറഞ്ഞു.

മൃതദേഹം റീപോസ്റ്റുമോര്‍ട്ടം ചെയ്യണമെന്ന് ആവശ്യപ്പെടുമെന്നും മൃതദേഹവുമായി പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തുന്ന കാര്യം പരിഗണനയിലാണെന്നും കുടുംബം പറഞ്ഞു. എലത്തൂരിൽ സിപിഎം പ്രവര്‍ത്തകരുടെ മര്‍ദനത്തിനിരയായ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച് ഗുരുതരാവസ്ഥയിലായിരുന്ന രാജേഷ് ഇന്നലെ രാത്രിയാണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച വൈകിട്ടാണ് എലത്തൂരില്‍ വച്ച് ബിജെപി പ്രവർത്തകൻ കൂടിയായിരുന്ന രാജേഷിനെ സിപിഎം പ്രാദേശിക നേതാക്കള്‍ അടങ്ങുന്ന സംഘം ആക്രമിച്ചത്. പരിക്കേറ്റ രാജേഷ് ഓട്ടോറിക്ഷയിൽ സൂക്ഷിച്ചിരുന്ന പെട്രോളൊഴിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.

ഗുരുതരമായി പൊള്ളലേറ്റ് ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച രാജേഷിനെ പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. രാജേഷ് എലത്തൂരിൽ ഓട്ടോറിക്ഷ ഓടിക്കുന്നത് സിഐടിയു അംഗങ്ങളായ ഓട്ടോറിക്ഷ തൊഴിലാളികൾ വിലക്കിയിരുന്നു. ഇതേ ചൊല്ലിയുള്ള തര്‍ക്കമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചത്.

click me!