'ക്ഷമയോടെ കാത്തിരുന്ന വേറെ ആരുണ്ട്', വട്ടിയൂർക്കാവിൽ കണ്ണുനട്ട് പീതാംബരക്കുറുപ്പ്

By Web TeamFirst Published Sep 22, 2019, 11:52 AM IST
Highlights

തെരഞ്ഞെടുപ്പിൽ താൻ മത്സരിക്കുന്നതിനോട് ആർക്കെങ്കിലും അതൃപ്തി ഉണ്ടാകുമെന്ന് കരുതുന്നില്ലെന്നും പീതാംബരക്കുറുപ്പ് വ്യക്തമാക്കി.

തിരുവനന്തപുരം: പാർട്ടി പറഞ്ഞാൽ  വട്ടിയൂർക്കാവിൽ മത്സരിക്കുമെന്ന് പീതാംബരക്കുറുപ്പ് ഏഷ്യാനെറ്റ് ന്യൂസിനോട്. വട്ടിയൂർക്കാവിൽ മത്സരത്തിനിറങ്ങാൻ ഔദ്യോഗികമായി പറഞ്ഞിട്ടില്ലെന്നും തന്നെ പോലെ കാത്തിരിക്കാൻ തയ്യാറായ ആളെ പാർട്ടിയിൽ അടുത്തിടെ ഒന്നും കണ്ടിട്ടില്ലെന്നും പീതാംബരക്കുറുപ്പ് പറഞ്ഞു.

'മത്സരത്തിനിറങ്ങാൻ പാർട്ടി ഔദ്യോ​ഗികമായി പറഞ്ഞിട്ടില്ല. കാരുണ്യത്തിന്റെ അല പാർട്ടി നേതൃത്വത്തിന് എന്നോടുണ്ട്. താൻ എന്ത് ചെയ്യണമെന്ന് നിശ്ചയിക്കേണ്ടത് പാർട്ടി ആണ്. പാർട്ടി പറയുന്നത് അനുസരിക്കും. താൻ ഒന്നിനും വിധി പറയേണ്ട ആളല്ല മറിച്ച് വിധി സ്വീകരിക്കേണ്ട ആളാണ്'എന്നും പീതാംബരക്കുറുപ്പ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

കെ മുരളീധരൻ സമുന്നതനായ നേതാവാണെന്നും പാർട്ടി ലീഡർഷിപ്പിനോട് ചോദിക്കാതെ മുൻകൂട്ടി കാര്യങ്ങൾ ആഹ്വാനം ചെയ്യുന്ന ആളല്ലെന്നും പീതാംബരക്കുറുപ്പ് പറഞ്ഞു. തെരഞ്ഞെടുപ്പിൽ താൻ മത്സരിക്കുന്നതിനോട് ആർക്കെങ്കിലും അതൃപ്തി ഉണ്ടാകുമെന്ന് കരുതുന്നില്ലെന്നും പീതാംബരക്കുറുപ്പ് വ്യക്തമാക്കി.

ശക്തമായ ത്രികോണ മത്സരം നടക്കാൻ സാധ്യതയുള്ള മണ്ഡലമാണ് വട്ടിയൂർക്കാവ്. 2011-ലും 2016-ലും ശക്തമായ ത്രികോണമത്സരം നടന്ന വട്ടിയൂര്‍ക്കാവില്‍ രണ്ടു വട്ടവും വിജയക്കൊടി പാറിച്ചത് കോണ്‍ഗ്രസിന്‍റെ കെ മുരളീധരനായിരുന്നു. വടകര എംപിയായി മുരളീധരന്‍ ജയിച്ചു കയറിയപ്പോള്‍ മുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ പലരും കണ്ണുവച്ചിരിക്കുന്ന സീറ്റ് കൂടിയാണ് വട്ടിയൂര്‍ക്കാവ്. നഗര മണ്ഡലമായ വട്ടിയൂര്‍ക്കാവിലെ രാഷ്ട്രീയസമൂഹിക സാഹചര്യങ്ങള്‍ക്ക് അനുയോജ്യനായ നേതാവിനെയാണ് മൂന്ന് മുന്നണികളും തേടുന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ കെ മുരളീധരന്‍റെ അഭിപ്രായവും നിര്‍ണായകമാവും. 

click me!