
കാസര്‍ക്കോട്: കാസർക്കോട് ബദിയടുക്ക കന്യപ്പാടിയിൽ രണ്ട് കുട്ടികൾ മരിച്ചത് വൈറൽ പനി ബാധിച്ചല്ലെന്ന് സൂചന. മണിപ്പാൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലാണ് വൈറസ് ബാധയല്ല മരണ കാരണമെന്ന് വ്യക്തമായത്. പരിശോധന തുടരുകയാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി.
പുത്തിഗെ പഞ്ചായത്തിലെ കന്യപ്പാടി സ്വദേശി അബൂബക്കർ സിദ്ധിഖിന്റെ കുട്ടികളാണ് മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചത്. 8 മാസം പ്രായമുള്ള മകൾ സിദത്തുൽ മുൻതഹയും 5 വയസ് പ്രായമുള്ള മകൻ സിനാനുമാണ് മരിച്ചത്. കുട്ടികളുടെ അമ്മയും സമാനമായ ലക്ഷണങ്ങളോടെ ചികിത്സയിലാണ്. ഏത് തരത്തിലുള്ള പനിയാണ് ബാധിച്ചതെന്ന് തിരിച്ചറിയാന്‍ സാധിക്കാഞ്ഞതാണ് ആദ്യഘട്ടത്തിൽ ആശങ്കക്കിടയാക്കിയത്. മണിപ്പാൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ രക്ത പരിശോധനയിലാണ് പകർച്ചപ്പനിയല്ലെന്ന് വ്യക്തമായത്.
എന്താണ് പനിക്കുള്ള കാരണമെന്നും ഇതെങ്ങിനെ കുട്ടികളെ ബാധിച്ചുവെന്നും കണ്ടെത്തുമെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. അസുഖം വന്നവരുടെ വീട്ടില്‍ ഇവര്‍ ബന്ധപ്പെട്ട ഇടങ്ങളിലും ഇതിനായി പരിശോധന തുടരുകയാണ്. നിലവിൽ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള കുട്ടികളുടെ അമ്മയെ വേണമെങ്കിൽ കേരളത്തിലേക്ക് മാറ്റാനും ആരോഗ്യവകുപ്പ് ആലോചിക്കുന്നുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam