'പാലാ നേടണമെങ്കില്‍ ഒന്നിച്ചുനില്‍ക്കണം'; യുഡിഎഫിന് ജോസഫിന്‍റെ വിമര്‍ശനം, മുന്നറിയിപ്പ്

By Web TeamFirst Published Jul 25, 2019, 2:03 PM IST
Highlights

കോട്ടയം ജില്ലാപഞ്ചായത്ത് പ്രസിഡന്‍റിന്‍റെ കാര്യത്തില്‍ യുഡിഎഫെടുത്ത തീരുമാനം തെറ്റാണെന്ന് ജോസഫ് ആരോപിച്ചു. ജോസ് കെ മാണിയുടെ ഭീഷണിക്ക് വഴങ്ങിയാണ് യുഡിഎഫ് തീരുമാനമെടുത്തത്. ആര്‍ക്കാണ് ശക്തിയെന്ന് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അറിയാമെന്നും ജോസഫ്.
 

കോട്ടയം: യുഡിഎഫ് നേതൃത്വത്തെ വിമര്‍ശിച്ച് കേരളാ കോണ്‍ഗ്രസ് എം നേതാവ് പി ജെ ജോസഫ് രംഗത്തെത്തി. കോട്ടയം ജില്ലാപഞ്ചായത്ത് പ്രസിഡന്‍റിന്‍റെ കാര്യത്തില്‍ യുഡിഎഫെടുത്ത തീരുമാനം തെറ്റാണെന്ന് ജോസഫ് ആരോപിച്ചു. ജോസ് കെ മാണിയുടെ ഭീഷണിക്ക് വഴങ്ങിയാണ് യുഡിഎഫ് തീരുമാനമെടുത്തത്. അതില്‍ തങ്ങള്‍ക്ക് ശക്തമായ പ്രതിഷേധമുണ്ട്. ആര്‍ക്കാണ് ശക്തിയെന്ന് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അറിയാമെന്നും ജോസഫ് മുന്നറിയിപ്പ് നല്‍കി.

കോട്ടയം ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്തെച്ചൊല്ലി കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തില്‍ തര്‍ക്കം രൂക്ഷമായതോടെ യുഡിഎഫ് നേതൃത്വം പ്രശ്നത്തിലിടപെടുകയും സമവായമുണ്ടാക്കുകയുമായിരുന്നു. പ്രസിഡന്‍റ് സ്ഥാനം പങ്കിട്ടെടുക്കാനും ആദ്യടേം ജോസ് കെ മാണി വിഭാഗത്തിന് നല്‍കാനുമാണ് യുഡിഎഫ് യോഗത്തില്‍ ധാരണയായത്. പ്രതിഷേധമുണ്ടെന്ന് അറിയിച്ചെങ്കിലും ഒടുവില്‍ ഈ തീരുമാനം അംഗീകരിക്കാന്‍ ജോസഫ് വിഭാഗം തയ്യാറാകുകയായിരുന്നു. തുടര്‍ന്ന്, ജോസ് കെ മാണി വിഭാഗത്തിലെ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് ആകുകയും ചെയ്തു. ഇതിനു പിന്നാലെയാണ് യുഡിഎഫ് നേതൃത്വത്തോടുള്ള എതിര്‍പ്പ് പരസ്യമാക്കി ജോസഫ് വിഭാഗം രംഗത്തെത്തിയത്.

Read Also: ഗത്യന്തരമില്ലാതെ ജോസഫ് വഴങ്ങി; 'കോട്ടയം പ്രതിസന്ധി'ക്ക് പരിഹാരമായി

യുഡിഎഫ് തകരരുതെന്ന ആഗ്രഹമുള്ളതുകൊണ്ടാണ് തീരുമാനം അംഗീകരിച്ചതെന്നാണ് പി ജെ ജോസഫ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. മുന്നണി വിട്ടുപോകുമെന്ന ജോസ് കെ മാണി വിഭാഗത്തിന്‍റെ ഭീഷണിയെത്തുടര്‍ന്നാണ് അവര്‍ക്കനുകൂലമായ തീരുമാനമെടുക്കാന്‍ യുഡിഎഫ് നേതൃത്വം നിര്‍ബന്ധിതമാകുകയായിരുന്നു. ജില്ലാ പഞ്ചായത്തിനെ തകർത്തവരുടെ ഭീഷണിക്ക് യുഡിഎഫ് വീണ്ടും വഴങ്ങി. ന്യായമായ ആവശ്യം അവഗണിച്ചതിലുള്ള പ്രതിഷേധം കോൺഗ്രസ് നേതാക്കളെയും പി.കെ കുഞ്ഞാലിക്കുട്ടിയെയും അറിയിച്ചിട്ടുണ്ടെന്നും പി ജെ ജോസഫ് പറഞ്ഞു.

ഒന്നിച്ചുനിന്നാല്‍ മാത്രമേ പാലാ ഉപതെരഞ്ഞെടുപ്പില്‍ വിജയിക്കാനാവൂ. ജോസഫ് വിഭാഗം നേതാക്കളായ മോന്‍സ് ജോസഫ്, സി എഫ് തോമസ്, ജോയ് എബ്രഹാം തുടങ്ങിയവര്‍ക്ക് ശക്തമായ സ്വാധീനമുള്ള മണ്ഡലമാണ് പാലാ എന്നത് മറക്കരുതെന്നും പി ജെ ജോസഫ് മുന്നറിയിപ്പ് നല്കി. 

click me!