
മാവേലിക്കര: സബ് ജയിലിൽ റിമാൻഡ് പ്രതി മരിച്ചത് ശ്വാസനാളത്തിൽനിന്ന് കർചീഫ് കുരുങ്ങി ശ്വാസംമുട്ടിയാണെന്ന് പോസ്റ്റ്മോർട്ടത്തിൽ സൂചന. ടവ്വൽ സ്വയം വിഴുങ്ങിയതാണോ മറ്റാരെങ്കിലും ബലംപ്രയോഗിച്ച് വായിൽ കടത്തിയതാണോ എന്നതിനെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി. ആലപ്പുഴ ജില്ലാ പൊലീസ് മേധാവി ജയിലിലെത്തി ഉദ്യോഗസ്ഥരുടെയും സഹതടവുകാരുടെയും മൊഴിയെടുത്തു.
വ്യാജരേഖ ചമച്ചു സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്ത കോട്ടയം കുമരകം സ്വദേശി എം ജെ ജേക്കബിനെ മാവേലിക്കര സബ്ജയിലിൽ വ്യാഴാഴ്ച രാവിലെയാണ് ജയിലിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മാവേലിക്കര ജില്ലാ ആശുപത്രിയിൽവച്ച് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന്‍റെയും ചെങ്ങന്നൂർ ആർഡിഒയുടേയും നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലാണ് പോസ്റ്റ്മോർട്ടം നടത്തിയത്.
ശ്വാസതടസ്സം നേരിട്ടാണ് മരണം സംഭവിച്ചതെന്ന് സൂചന ലഭിച്ചതായി ചെങ്ങന്നൂർ ഡിവൈഎസ്‍പി അനീഷ് വി കോര പറഞ്ഞു. ശ്വാസനാളത്തിൽ കർചീഫ് പോലുള്ള തുണി കുരുങ്ങിയതായി കണ്ടെത്തി. ഇതു ജേക്കബിന്‍റെ കൈവശമുണ്ടായിരുന്ന കർചീഫ് ആണോ എന്ന് സംശയിക്കുന്നുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ കർചീഫ് സ്വയം വിഴുങ്ങിയതാണോ മറ്റാരെങ്കിലും ബലം പ്രയോഗിച്ച് വായിൽ കടത്തിയതാണോ എന്ന് അറിയാൻ സാധിക്കൂവെന്നു പൊലീസ് വ്യക്തമാക്കി.
ഇരുപതിന് രാത്രി ഒമ്പത് മണിയോടെയാണ് ജേക്കബിനെ ജയിലിലെത്തിച്ചത്. ജേക്കബ് ഉൾപ്പെടെ 15 പേർ സെല്ലിൽ ഉണ്ടായിരുന്നു. ജില്ലാ പൊലീസ് മേധാവി കെ എം ടോമിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ജയിലിലെത്തി മറ്റു 14 പേരുടെയും മൊഴി രേഖപ്പെടുത്തി. സംശയകരമായ മൊഴികൾ ലഭിച്ചിട്ടില്ലെന്നും സെല്ലിൽ ക്യാമറ ഇല്ലെന്നും പൊലീസ് വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam