കരൂർ ദുരന്തത്തിന് ശേഷം തമിഴ്നാട്ടിലെ ആദ്യ ടിവികെ പൊതുയോഗത്തിൽ ഡിഎംകെയെ കടന്നാക്രമിച്ച് വിജയ്
ചെന്നൈ: കരൂർ ദുരന്തത്തിന് ശേഷം തമിഴ്നാട്ടിലെ ആദ്യ ടിവികെ പൊതുയോഗത്തിൽ ഡിഎംകെയെ കടന്നാക്രമിച്ച് വിജയ്. പെരിയാറിന്റെ പേരു പറഞ്ഞ് കൊള്ളയടിക്കുന്ന ദുഷ്ടശക്തികൾ ആണ് ഡിഎംകെ എന്ന് ഈറോഡിലെ പൊതുയോഗത്തിൽ വിജയ് വിമർശിച്ചു. ബിജെപിക്ക് തമിഴ്നാട്ടിൽ പ്രസക്തി ഇല്ലെന്നും വിജയ് തുറന്നടിച്ചു. പഴുതടച്ച സുരക്ഷാക്രമീകരണങ്ങൾക്കിടെയായിരുന്നു ടിവികെ പൊതുയോഗം. അണ്ണാദുരൈയും എംജിആറും ആരുടേയും സ്വകാര്യ സ്വത്ത് അല്ലെന്ന് പറഞ്ഞ വിജയ് പെരിയാറിന്റെ പേരു പറഞ്ഞ് നാടിനെ കൊള്ളയടിക്കുന്ന ഡിഎംകെ ടിവികെയുടെ രാഷ്ട്രീയ എതിരാളികൾ ആണെന്നും വ്യക്തമാക്കി. തിരുപ്പരൻകുന്ത്രം ദീപം തെളിക്കല്‍ വിഷയത്തിലും, തൊഴിലുറപ്പ് പദ്ധതി വിഷയങ്ങളിലും വിജയ് മൗനം പാലിച്ചു. ബിജെപിയെക്കുറിച്ച് പറഞ്ഞത് കളത്തിൽ ഇല്ലാത്തവരെ കുറിച്ച് എന്തു പറയാൻ എന്നായരുന്നു.
എഐഎഎംഡികെ തട്ടകമായ കൊങ്കുനാട്ടിൽ ,എംജിആറിന്റെയും ജയലളിതയുടെയും രാഷ്ട്രീയം പറയുന്നത് താൻ ആണെന്ന് സ്ഥാപിക്കാൻ ആണ് വിജയ് ശ്രമിച്ചത്. ടിവികെയ്ക്കെതിരായ ഡിഎംകെയുടെ വിമർശനങ്ങൾക്ക് അക്കമിട്ടു മറുപടി നൽകിയ വിജയ്, അധികാരത്തിൽ എത്തിയാൽ ക്ഷേമപദ്ധതികൾ നടപ്പാക്കും എന്നും ആവർത്തിച്ചു.



