
മലപ്പുറം: അബുദാബിയിലെ ഇരട്ട മരണങ്ങളിൽ നിർണായക വിവരം പൊലീസിന് ലഭിച്ചു. ദുരൂഹ സാഹചര്യത്തില്‍ മരിച്ച മലയമ്മ സ്വദേശി ഹാരിസിന്റെയും സഹപ്രവർത്തക ഡെന്‍സിയുടെയും റീ പോസ്റ്റുമോര്‍ട്ടത്തിന്റെ ഫലമാണ് പൊലീസിന് ലഭിച്ചത്. ഇരട്ടമരണം കൊലപാതകമാണെന്ന തരത്തിലുള്ള വിവരങ്ങള്‍ റിപ്പോര്‍ട്ടില്‍ ഉണ്ടെന്നാണ് സൂചന. നിലമ്പൂരിലെ പാരമ്പര്യ വൈദ്യന്‍ കൊലക്കേസിലെ മുഖ്യപ്രതി ഷൈബിന്‍ അഷ്റഫിന്റെ ബിസിനസ് പങ്കാളിയാണ് മരിച്ച ഹാരിസ്. ദുരൂഹ മരണം അന്വേഷിക്കുന്നത് സിബിഐയാണ്.
ഷൈബിന്‍ അഷ്റഫിന്റെ ബിസിനസ് പങ്കാളി ഹാരിസിനെയും സഹപ്രവര്‍ത്തക ഡെന്‍ഡിയേയും അബുദാബിയിലെ ഫ്ലാറ്റില്‍ 2020ല്‍ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഡെന്‍സിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി ഹാരിസ് ആത്മഹത്യ ചെയ്തെന്നായിരുന്നു അബുദാബി പൊലീസിന്റെ കണ്ടെത്തല്‍. ഇരുവരുടേയും മൃതദേഹം നാട്ടിലെത്തിച്ച് ബന്ധുക്കൾ സംസ്കരിച്ചു. പറയത്തക്ക സംശയം ആർക്കും ഇല്ലാതിരുന്ന ഈ കേസ്, നിലമ്പൂരിലെ പാരമ്പര്യ വൈദ്യൻ ഷാബാ ഷെരീഫ് കൊലക്കേസിൽ ഷൈബിൻ അഫ്‍റഫ് പിടിയിലായതിന് പിന്നാലെയാണ് സജീവമായത്. ഹാരിസിന്റേയും ഡെൻസിയുടേയും കൊലപാതകമായിരുന്നു എന്നും തങ്ങളെ കൊണ്ട് അത് ചെയ്യിച്ചത് ഷൈബിൻ അഷ്റഫാണെന്നും കൂട്ടുപ്രതികൾ വെളിപ്പെടുത്തി. തുടർന്ന് നിലമ്പൂർ കേസെടുത്ത് അന്വേഷണം തുടങ്ങുകയും മൃതദേഹം റീപോസ്റ്റ്മോർട്ടം ചെയ്യുകയുമായിരുന്നു. ഇതിനിടെയാണ് ബന്ധുക്കളുടെ അഭ്യർത്ഥന പരിഗണിച്ച് ഹൈക്കോടതി കേസ് സിബിഐക്ക് കൈമാറിയത്.
ബിസിനസ് പങ്കാളിയുടെയും സഹപ്രവര്‍ത്തകയുടെയും ദുരൂഹ മരണം; ഷൈബിന്‍ അഷ്‍റഫ് പ്രതിയായ കേസുകള്‍ സിബിഐക്ക്
ഹാരിസിന്റെ കയ്യിലുള്ള മുറിവ് അബുദാബി പൊലീസ് കണ്ടെത്തിയതു പോലെ സ്വയം ഉണ്ടാക്കിയതല്ല എന്ന് പുനഃപരിശോധനയിൽ കണ്ടെത്തിയതായാണ് സൂചന. അതേസമയം കെമിക്കല്‍ പരിശോധനാ ഫലങ്ങള്‍ വന്നിട്ടില്ല. ഹാരിസിന്റെ പോസ്റ്റ്മോര്‍ട്ടം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും ഡെന്‍സിയുടേത് തൃശ്ശൂരിലുമായിരുന്നു നടന്നത്. രണ്ടു വര്‍ഷം മുമ്പ് വിദേശത്ത് വച്ച് നടന്ന സംഭവമായതിനാല്‍ ശാസ്ത്രീയ പരിശോധനാ ഫലങ്ങള്‍ കേസില്‍ നിർണായകമാണ്. റീപോസ്റ്റ്മോർട്ടം റിപ്പോർട്ട് ഉൾപ്പെടെ കണ്ടെത്തിയ വിവരങ്ങളും രേഖകളും അടുത്ത ദിവസം സിബിഐക്ക് കൈമാറുമെന്ന് നിലമ്പൂർ പൊലീസ് അറിയിച്ചു. സിബിഐ തിരുവനന്തപുരം യൂണിറ്റാണ് കേസ് അന്വേഷിക്കുക.