
തിരുവനന്തപുരം: സിപിഎമ്മിൽ മാത്രമല്ല കേരള രാഷ്ട്രീയത്തിൻ്റെയും വലിയ നഷ്ടമാണ് കോടിയേരി ബാലകൃഷ്ണണൻ്റെ വേർപാട്. കർക്കശക്കാരായ കമ്യൂണിസ്റ്റുകൾക്കിടയിൽ എന്നും സൗമ്യനും, സമവായ അന്വേഷകനുമായിരുന്നു കോടിയേരി. വിദ്യാർത്ഥി രാഷ്ട്രീയം മുതൽ സിപിഎം സംസ്ഥാന സെക്രട്ടറി പദം വരെയും പിണറായി വിജയന്‍റെ കാൽപാടുകളായിരുന്നു കോടിയേരിയുടെ പടവുകൾ.
കണ്ണൂരിൽ നിന്നും യാത്ര തുടങ്ങിയാൽ പിണറായി കഴിഞ്ഞാണ് കോടിയേരി. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലെ സിപിഎം രാഷ്ട്രീയം എടുത്താലും പിണറായി കഴിഞ്ഞാൽ കോടിയേരി ആയിരുന്നു. കണ്ണൂരിൽ നിന്നും സംസ്ഥാന കമ്മിറ്റിയിലും, സെക്രട്ടറിയേറ്റിലും, കേന്ദ്രകമ്മിറ്റിയിലും പൊളിറ്റ് ബ്യുറോയിൽ എത്തുന്നതിലും, ഒടുവിൽ പാർട്ടി സംസ്ഥാന സെക്രട്ടറി പദത്തിലും ബാലകൃഷ്ണൻ വിജയന്‍റെ തുടർച്ചയായി. ബാലകൃഷ്ണൻ രാഷ്ട്രീയക്കാരനാകുമെന്ന് ഈങ്ങയിൽപിടികക്കാർ ആദ്യമെ ഉറപ്പിച്ചതാണ്.
ഓണിയൻ സ്കൂളിൽ എട്ടാംക്ലാസ് മുതൽ കോടിയേരി കൊടിപിടിച്ച് തുടങ്ങിയിരുന്നു. ബാലസംഘം നേതാവാകേണ്ട പ്രായത്തിലാണ് സിപിഎം കോടിയേരി ലോക്കൽ കമ്മിറ്റി സെക്രട്ടറിയാകുന്നത്. അടിയന്തരാവസ്ഥാ കാലത്ത് അന്നത്തെ പ്രമുഖർക്കൊപ്പമുള്ള ജയിൽക്കാലം സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള പരിശീലന കളരിയായി. ഇരുപതാം വയസിൽ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായതോടെ കോടിയേരിയും കണ്ണൂരും കടന്ന് ബാലകൃഷ്ണൻ വളർന്നു.1982 ൽ തലശേരി എംഎൽഎയായി. തോൽവിയറിയാതെ പിന്നെയും നാല് തവണ നിയമസഭയിലേക്ക്. 90 ൽ ഇ പി ജയരാജെന മറികടന്ന് ജില്ലാ സെക്രട്ടറി. അന്ന് മുതൽ ഇങ്ങോട്ട് കോടിയേരി പിന്നിൽ പോയിട്ടില്ല .സഭക്ക് അകത്തും പുറത്തും
2005 ൽ മലപ്പുറത്ത് പിണറായി പാർട്ടി പിടിക്കുമ്പോൾ തെളിഞ്ഞത് കൊടിയേരിയുടെ കൂടി രാശിയാണ്. 2006 ൽ സിപിഎം ഭരണം പിടിക്കുമ്പോൾ വിഎസിനെ ദുർബലനാക്കാൻ കോടിയേരിയെ പിണറായി കരുത്തനാക്കി. എന്നാൽ വിഎസിനോട് ഔദ്യോഗിക ചേരിക്കാർ കാട്ടിയ ശത്രുതാ മനോഭാവം അല്ലായിരുന്നു കോടിയേരിക്ക്. സർക്കാരിനും പാർട്ടിക്കും ഇടയിലെ റോൾ കോടിയേരി മികവുറ്റതാക്കി. അനുരഞ്ജനമായിരുന്ന പ്രായോഗിക രാഷ്ട്രീയത്തിൽ കോടിയേരിയുടെ കൊടിയടയാളം. പാർട്ടിക്ക് അകത്തും പുറത്തും സൗമ്യമായ ഇടപെടൽ. എന്നാൽ മാന്യനായ മിടുക്കനായ തലശേരിക്കാരനെ ശരിക്കും തളർത്തിയത് പാർട്ടിയിലെ ശത്രുക്കളോ പ്രതിപക്ഷമോ ആയിരുന്നില്ല. ഒന്നിന് പിറകെ ഒന്നായി കുടുംബം ചെന്ന് പെടുന്ന വിവാദങ്ങളിൽ പ്രതിരോധം പോലും സാധ്യമാകാതെ കോടിയേരി പ്രതിസന്ധിയിലായി. ആഭ്യന്തര മന്ത്രിയായ കാലംമുതൽ ഒടുവിൽ അർബുദ കാലം വരെയും ഇത് തുടർന്നു.
പൊലീസിൽ ശ്രദ്ധേയമായ പരിഷ്ക്കാരങ്ങൾ വരുത്തിയ ആഭ്യന്തരമന്ത്രി, പിണറായി ശൃംഘലയെ ഇളക്കം തട്ടാതെ മുന്നോട്ട് നയിച്ച പാർട്ടി സെക്രട്ടറി. അധികപ്രസംഗികൾക്കും അബദ്ധ പ്രസ്താവനക്കാർക്കും ഇടയിൽ ആധികാരികതയോടെ രാഷ്ട്രീയം പറഞ്ഞ കമ്യൂണിസ്റ്റുകാരൻ. ആത്മവിശ്വാസത്തോടെ ആർജവത്തോടെ ഏതു പ്രതിസന്ധിയും മറികടക്കാമെന്ന് കോടിയേരി ഉറച്ച് വിശ്വസിച്ചു. എന്നാൽ രാഷ്ട്രീയത്തിൽ തോൽവിയറിയാത്ത കോടിയേരി മഹാരോഗത്തിന് മുന്നിൽ ഒടുവിൽ പൊരുതി തോറ്റു. മുഖ്യമന്ത്രി കസേരിയിൽ മാത്രം പിണറായിക്ക് പിന്‍ഗാമിയാക്കാന്‍ ഇനി കോടിയേരി ഇല്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam