എന്നും ഒപ്പം, പിണറായിയുടെ തോള്‍ ചേര്‍ന്ന രാഷ്ട്രീയ ജീവിതം; വിട പറഞ്ഞ് കോടിയേരി

By Web TeamFirst Published Oct 1, 2022, 11:04 PM IST
Highlights

അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട രാഷ്ട്രീയ ജീവിതത്തില്‍ സുപ്രധാന സ്ഥാനങ്ങള്‍ പലതും കോടിയേരി ഏറ്റെടുത്തത് പിണറായിയില്‍ നിന്നാണ്. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പദം മുതല്‍ സംസ്ഥാന സെക്രട്ടറി വരെയുളള സ്ഥാനങ്ങളില്‍ ഈ തുടര്‍ച്ച കാണാം.

പാര്‍ട്ടിയില്‍ എന്നും പിണറായിയുടെ പിന്‍ഗാമിയായിരുന്നു കോടിയേരി ബാലകൃഷ്ണന്‍. അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട രാഷ്ട്രീയ ജീവിതത്തില്‍ സുപ്രധാന സ്ഥാനങ്ങള്‍ പലതും കോടിയേരി ഏറ്റെടുത്തത് പിണറായിയില്‍ നിന്നാണ്. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പദം മുതല്‍ സംസ്ഥാന സെക്രട്ടറി വരെയുളള സ്ഥാനങ്ങളില്‍ ഈ തുടര്‍ച്ച കാണാം. വിഭാഗീയത പിടിമുറുക്കിയ ഘട്ടങ്ങളിലാകട്ടെ വിഎസിനും പിണറായിക്കും മധ്യേ അനുരഞ്ജനത്തിന്‍റെ പാലമായും കോടിയേരി നിന്നു.

പിണറായിയും കോടിയേരിയും, ദൂരക്കണക്കില്‍ തലശേരി താലൂക്കില്‍13 കിലോമീറ്റര്‍ അകലെയായുളള രണ്ട് ഗ്രാമങ്ങള്‍. എന്നാല്‍ കേരളത്തിലെ സിപിഎം രാഷ്ട്രീയത്തില്‍ അകലമേതുമില്ലാത്ത ഇഴയടുപ്പവും തലപ്പൊക്കവും ഏറെയുളള രണ്ട് നേതാക്കളുടെ പേര് കൂടിയാണ് ഈ സ്ഥലനാമങ്ങള്‍. അണികളെ ആവേശത്തിലേറ്റുന്ന വാമൊഴി വഴക്കം, കുറിക്കുകൊളളുന്ന പ്രയോഗങ്ങള്‍, സര്‍വോപരി പാര്‍ട്ടി അച്ചടക്കത്തിന്‍റെ കണ്ണൂര്‍ ശൈലി, സിപിഎം അണികളില്‍ ഒരുപോലെ ആവേശവും ഊര്‍ജ്ജവും നിറച്ച രണ്ട് നേതാക്കള്‍.

പിണറായിയെപ്പോലെ കെഎസ്എഫിലൂടെയായിരുന്നു കോടിയേരിയുടെയും രാഷ്ട്രീയ രംഗപ്രവേശം. പിണറായി വിജയന്‍ കെഎസ്എഫ് സംസ്ഥാന സെക്രട്ടറിയായിരിക്കെ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിയായിരുന്നു കോടിയേരി ബാലകൃഷ്ണന്‍. തലശേരിയായിരുന്നു ഇരുവരുടെയും രാഷ്ട്രീയത്തിന്‍റെ ആദ്യ കളരി. ഏറെ സ്വാധീനിച്ചതാകട്ടെ 1971ലെ തലശേരി കലാപവും. കൂത്തുപറമ്പ് എംഎല്‍എയായ പിണറായി കലാപ ബാധിത മേഖലകളില്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചപ്പോള്‍ സമാധാന ശ്രമങ്ങളുമായി കോടിയേരിയും ഒപ്പമുണ്ടായി. അടിയന്തരാവസ്ഥ കാലത്ത് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഇരുവരും സഹ തടവുകാരുമായി.

Also Read: പൊലീസിനെ ജനങ്ങളിലേക്ക് അടുപ്പിച്ച ജനമൈത്രി, ലാത്തിച്ചാര്‍ജ്ജിന് പകരം ജലപീരങ്കി; കോടിയേരി എന്ന ആഭ്യന്തര മന്ത്രി

സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി പദവികളിലും പിണറായിയുടെ തുടര്‍ച്ചയായിരുന്നു കോടിയേരി ബാലകൃഷ്ണന്‍. സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെത്തുടര്‍ന്ന് 89ലാണ് പിണറായി കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത്. ഒരു വര്‍ഷത്തിന് ശേഷം 90ല്‍37ആം വയസില്‍ കോടിയേരി ജില്ലാ സെക്രട്ടറി പദവയിലെത്തി. ഒടുവില്‍ പിണറായി സ്ഥാനമൊഴിഞ്ഞതോടെ 2015ല്‍ സംസ്ഥാന സെക്രട്ടറി പദവിയിലും കോടിയേരി പിണറായിയുടെ തുടര്‍ച്ചക്കാരനായി.

വഹിച്ച സ്ഥാനങ്ങളില്‍ പിണറായിയുടെ പിന്‍മുറക്കാരനെങ്കിലും സമീപനത്തിലോ ശൈലിയിലോ കോടിയേരിയില്‍ ഈ പൊരുത്തം കാണാനാകില്ല. വിമര്‍ശനമാണെങ്കില്‍ പോലും അത് സമചിത്തതയോടെ അവതരിപ്പിക്കുകയാണ് കോടിയേരിയുടെ ശൈലി. എത്ര സങ്കീര്‍ണമായ പ്രശ്നത്തെയും വികാരത്തിനടിപ്പെടാതെ അവതരിപ്പിക്കുന്നതില്‍ പിണറായിയേക്കാള്‍ സമര്‍ത്ഥന്‍ കോടിയേരിയെന്ന് അഭിപ്രായമുളളവര്‍ ഏറെയാണ്. ബദല്‍രേഖ വിവാദത്തിന് പിന്നാലെ എംവി രാഘവനും കൂട്ടരും പുറത്തായപ്പോള്‍ ഇവരുമായി കോടിയേരി അടുത്ത ബന്ധം പുലര്‍ത്തി. ഇവരെ തിരികെയെത്തക്കാന്‍ ഏറെ ശ്രമങ്ങള്‍ നടത്തുകയും ചെയ്തു. പാര്‍ട്ടിയെ വെല്ലുവിളിച്ച് ഒഞ്ചിയത്ത് ആര്‍എംപി കൊടി ഉയര്‍ത്തിയപ്പോഴും കോടിയേരി സമവായത്തിന്‍റെ സാധ്യതകള്‍ തേടി. 

വിമതരുമായി ചര്‍ച്ചയ്ക്ക് കോടിയേരി എടുത്ത താല്‍പര്യം പക്ഷേ പാര്‍ട്ടിയിലെ മറ്റാരും കാട്ടിയതുമില്ല. വിഎസ് പിണറായി പോരില്‍ പിണറായിക്കൊപ്പം നിലയുറപ്പിച്ചപ്പോഴും കോടിയേരി വിഎസ് വിരുദ്ധ ചേരിയുടെ മുഖമായില്ല. പലപ്പോഴും വിഎസിനും പിണറായിക്കും മധ്യേയുളള പാലമായും കോടിയേരി നിന്നു. വിഭാഗീയത കത്തി നിന്ന ഘട്ടത്തില്‍ അധികാരത്തിലെത്തിയ വിഎസ് സര്‍ക്കാരില്‍ പാര്‍ട്ടി നയം നടപ്പാക്കാനുളള ചുമതലക്കാരനും കോടിയേരിയായിരുന്നു. എന്നാല്‍ പിണറായി ഭരണത്തിന്‍ കീഴില്‍ പാര്‍ട്ടിയും സെക്രട്ടറിയും നിഴല്‍ മാത്രമായി മാറുന്നതായിരുന്നു അവസാന കാലത്തെ കാഴ്ച. കേന്ദ്രത്തിലെ മോദി അമിത് ഷാ ദ്വയത്തിന്‍റെ കേരള മേഡലെന്ന് വരെ വിമര്‍ശനമുയര്‍ന്നു. അപ്പോഴും ഇത്തരം ചോദ്യങ്ങളെയെല്ലാം തന്‍റെ സ്വതസിദ്ധമായ ശൈലിയില്‍ നേരിടാന്‍ കോടിയേരിക്കായി. ഇത്തരത്തില്‍ ഏത് പ്രതിസന്ധി ഘട്ടത്തിലും പാര്‍ട്ടി നിലപാട് വിശദീകരിക്കാനും പാര്‍ട്ടിക്ക് കവചമൊരുക്കാനുമാനുളള കോടിയേരിയുടെ അനിതരസാധാരണമായ ആ കൈയടക്കം തന്നെയാകും വരും നാളുകളില്‍ പിണറായിക്കും പാര്‍ട്ടിക്കും ഏറ്റവുമധികം ശൂന്യത സൃഷ്ടിക്കുക.

click me!