
തിരുവനന്തപുരം: മുണ്ടേല രാജീവ് ഗാന്ധി റസിഡൻസ് വെൽഫെയർ സഹകരണ സംഘം പ്രസിഡന്റ് മോഹനന്റെ മരണത്തിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്കെതിരെ കുടുംബം. മോഹനൻ സിപിഎമ്മിൽ ചേരാത്തതിൽ ശശിക്ക് വൈരാഗ്യം ഉണ്ടായി എന്നാണ് കുടുംബത്തിന്റെ ആരോപണം. ബാങ്കിലെ നിക്ഷേപകരെ വെള്ളനാട് ശശി ഇളക്കി വിട്ടു. മോഹനന്റെ ആത്മഹത്യ കുറിപ്പ് പുറത്തുവിട്ടാണ് കുടുംബത്തിന്റെ ആരോപണം. കുറിപ്പിൽ ശശി അടക്കമുള്ളവരുടെ പേരുകളുണ്ട്. മരണത്തിൽ സമഗ്ര അന്വേഷണം വേണമെന്നും കുടുംബം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
നവംബർ 20 ന് രാവിലെ കാട്ടാക്കട അമ്പൂരി തേക്കുപാറയിലെ സ്വന്തം റിസോര്‍ട്ടിന് പുറകിലാണ് മോഹനനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മോഹനന്‍റെ ഉടമസ്ഥതയിൽ രണ്ട് റിസോര്‍ട്ടുകളാണ് ഇവിടെയുള്ളത്. നിക്ഷേപകർക്ക് പണം തിരികെ കൊടുക്കാത്തതിനാൽ കോൺഗ്രസ് ഭരിച്ചിരുന്ന മുണ്ടേല രാജീവ് ഗാന്ധി റസിഡന്‍സ് വെല്‍ഫെയര്‍ സഹകരണസംഘത്തിൽ ഏറെ നാളായി പ്രതിഷേധമുണ്ടായിരുന്നു. സഹകരണ സംഘം രജിസ്ട്രാറുടെ അന്വേഷണത്തിൽ 34 കോടിയുടെ തിരിമറി കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ ഭരണസമിതി പിരിച്ചുവിട്ടിരുന്നു. കേസുകളെ തുടർന്ന് മോഹനൻ ഒളിവിലായിരുന്നു. പ്രാദേശിക കോൺഗ്രസ് നേതാവുകൂടിയാണ് മോഹനൻ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam