കാസര്‍കോട് സഹോദരങ്ങള്‍ പനി ബാധിച്ച് മരിച്ച സംഭവം: മരണകാരണം 'മിലിയോഡോസിസ്‍'

By Web TeamFirst Published Jul 27, 2019, 1:17 PM IST
Highlights

മലിന ജലത്തിലൂടെയും മലിനമായ ഭക്ഷണ പദാർത്ഥങ്ങളിലൂടെയുമാണ് മിലിയോഡോസിസ്‍ രോഗം പടരുന്നത്.

കാസര്‍കോട്: ബദിയെടുക്കയിൽ സഹോദരങ്ങൾ മരിച്ചത് മിലിയോഡോസിസ്‍ ബാധിച്ചെന്ന് സ്ഥിരീകരിച്ചു. മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. മലിന ജലത്തിലൂടെയും മലിനമായ ഭക്ഷണ പദാർത്ഥങ്ങളിലൂടെയുമാണ് രോഗം പടരുന്നത്.

ബദിയടുക്ക കന്യാപാടി സിദ്ധിഖിന്റെ മക്കളാണ് മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചത്. പനിബാധിച്ച് ചികിത്സയിലായിരുന്നു ഇരുവരും. എന്താണ് മരണകാരണമെന്ന് ആദ്യഘട്ടത്തിൽ സ്ഥിരീകരിക്കാനാവാത്തതാണ് ആശങ്കയ്ക്കിടയാക്കിയത്. വൈറസ് ബാധയല്ല മരണകാരണമെന്ന് പിന്നീട് തിരിച്ചറിഞ്ഞെങ്കിലും എന്തു രോഗം ബാധിച്ചാണ് കുട്ടികള്‍ മരിച്ചതെന്ന സംശയം ബാക്കിയായിരുന്നു. മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയിലാണ് മിലിയോഡോസിസ് ആണ് മരണകാരണമെന്ന് കണ്ടെത്തിയത്. 

മലിനമായ വെള്ളത്തില്‍ നിന്നോ ചെളിയില്‍ നിന്നോ ബാക്ടീരിയ മൂലം പിടിപെടുന്ന രോഗമാണ് മിലിയോഡോസിസ്. കനത്ത മഴയെത്തുടർന്ന് കാസർകോട് ജില്ലയുടെ താഴ്ന്ന ഭാഗങ്ങളിൽ വെള്ളം കയറിയിരുന്നു. ഇപ്പോഴും വെള്ളം പൂർണമായും ഇറങ്ങിയിട്ടില്ല. മഴക്കാലത്ത് ഈ രോഗം പടരുവാൻ സാധ്യത ഏറെയാണ്. 

പ്രതിരോധ ശേഷി കുറഞ്ഞ കുട്ടികൾ, പ്രായമേറിയവർ, ഗർഭിണികൾ എന്നിവരെയാണ് ഈ രോഗം കാര്യമായി ബാധിക്കുക. ചികിത്സ വൈകുന്തോറും മരണ സാധ്യതയും കൂടും. മാതാപിതാക്കളടക്കം, കുട്ടികളെ പരിചരിച്ച നാലുപേർ പരിയാരം മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തിലാണ്. രോഗത്തിന്റെ പ്രഭവ കേന്ദ്രം കണ്ടുപിടിക്കുന്നതിനായി പരിശോധന തുടരുമെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി.

click me!