ആരോഗ്യമന്ത്രി വീണ ജോര്‍ജിന്‍റെ ഔദ്യോഗിക വസതിക്ക് മുന്നില്‍ റീത്തുവെച്ച് പ്രതിഷേധിച്ച 25 യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. വണ്ടാനം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയക്കിടെ രോഗിയുടെ വയറ്റിൽ ഉപകരണം കുടുങ്ങിയ സംഭവത്തിലാണ് പ്രതിഷേധം. 

തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണ ജോര്‍ജിന്‍റെ വീട്ടിൽ കയറി റീത്തുവച്ച പ്രതിഷേധം നടത്തിയ 25 യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ്. ജില്ലാ പ്രസിഡന്‍റ് നേമം ഷജീർ ആണ് ഒന്നാം പ്രതി. കലാപശ്രമത്തിനും അതിക്രമിച്ചുകയറിയതിനുമാണ് കേസ് ചുമത്തിയിട്ടുള്ളത്. മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്തുവെന്നും മന്ത്രി മന്ദിരത്തിന്‍റെ ഗേറ്റും ലോക്കും തല്ലിത്തകർത്തുവെന്നും പൊലീസ് പറയുന്നു. 28,000 രൂപയുടെ നഷ്ടമുണ്ടാക്കിയെന്നാണ് എഫ്ഐആർ.

Add Asianetnews as a Preferred SourcegooglePreferred

വണ്ടാനം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയക്കിടെ രോഗിയുടെ വയറ്റിൽ ഉപകരണം വയറ്റിൽ കുടുങ്ങിയ സംഭവത്തിലാണ് യൂത്ത് കോൺഗ്രസ് കടുത്ത പ്രതിഷേധം തുടരുന്നത്. ആരോഗ്യമന്ത്രി വീണ ജോര്‍ജിന്‍റെ ഔദ്യോഗിക വസതിക്ക് മുന്നില്‍ റീത്തുമായി എത്തിയായിരുന്നു രാവിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. രാവിലെ എട്ട് മണിയോടെ വീണ ജോര്‍ജിന്‍റെ വീടിന് മുന്നില്‍ പൊലീസിനെ മറി കടന്ന് ഇരച്ച് കയറിയ പ്രവര്‍ത്തകര്‍ വീടിന്‍റെ വാതിലില്‍ റീത്ത് വെച്ചു. പിന്നീട് പൊലീസ് ഉദ്യോഗസ്ഥര്‍ റീത്ത് എടുത്ത് മാറ്റി.

മന്ത്രിയുടെ ഔദ്യോഗിക വീടിന് വസതിക്ക് മുന്നില്‍ വന്‍ സുരക്ഷാ വീഴ്ചയാണ് പൊലീസിന് ഉണ്ടായത്. മൂന്ന് പൊലീസുകാര്‍ മാത്രമാണ് മന്ത്രിയുടെ വീടിന് മുന്നില്‍ സുരക്ഷയ്ക്കായി ഉണ്ടായിരുന്നത്. പ്രതിഷേധം ഉണ്ടായി 15 മിനിറ്റിന് ശേഷമാണ് കൂടുതല്‍ പൊലീസുകാര്‍ എത്തുന്നത്. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കുന്നതിനിടെ കയ്യേറ്റവുമുണ്ടായി. കസ്റ്റഡിയിലെടുത്തവരെ കൊണ്ടുപോകാന്‍ അനുവദിക്കാതെ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചതാണ് കയ്യാങ്കളിയിലേക്ക് നയിച്ചത്. ഏറെ നേരത്തെ ശ്രമത്തിന് ശേഷം പ്രവര്‍ത്തകരെ പൊലീസ് പിരിച്ച് വിട്ടു.