മാർക്കുദാന വിവാദം; തീരുമാനം അദാലത്തിൽ തന്നെ, മന്ത്രിയെയും വി സിയെയും തള്ളി വിവരാവകാശരേഖ

By Web TeamFirst Published Oct 15, 2019, 12:28 PM IST
Highlights

സര്‍വ്വകലാശാല സിന്‍ഡിക്കേറ്റാണ് വിദ്യാര്‍ത്ഥിക്ക് ഒരുമാര്‍ക്ക് കൂടുതല്‍ നല്‍കാന്‍ തീരുമാനിച്ചതെന്നാണ് വൈസ് ചാന്‍സിലര്‍ അടക്കമുള്ളവര്‍ ഇന്നലെ വിശദീകരിച്ചത്

കോട്ടയം: എംജി സർവ്വകലാശാല മാർക്കുദാന വിവാദത്തിൽ മന്ത്രിയുടേയും വൈസ് ചാന്‍സിലറുടെയും വാദങ്ങൾ തള്ളി വിവരാവകാശരേഖ. ഫയൽ അദാലത്തിൽ തന്നെ മാര്‍ക്കുദാനത്തിന് തീരുമാനമെടുത്തിരുന്നുവെന്ന് സർവ്വകലാശാല തന്നെ നൽകിയ രേഖയിൽ വ്യക്തമാക്കുന്നു. ഒരു വിഷയത്തിന് ഒരു മാർക്ക് കുറഞ്ഞ കുട്ടിക്ക് അധികമാർക്ക് നൽകാൻ സർവ്വകലാശാല സിൻഡിക്കേറ്റാണ് തീരുമാനിച്ചതെന്നായിരുന്നു മന്ത്രി കെ ടി ജലീലിന്‍റെ വിശദീകരണം. മന്ത്രിയെ പിന്തുണച്ചെത്തിയ വൈസ് ചാൻസലർ സിൻഡിക്കേറ്റിന്‍റെ തീരുമാനത്തിൽ ആർക്കും സ്വാധീൻ ചെലുത്താൻ കഴിയില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു.

എന്നാൽ ഫെബ്രുവരിയിൽ നടന്ന അദാലത്തിൽ തന്നെ ഒരു മാർക്ക് കൊടുക്കാന്‍ തീരുമാനിച്ചതായാണ് വിവരാവകാശരേഖ വ്യക്തമാക്കുന്നത്.  പാസ് ബോർഡ് നൽകിയിരിക്കുന്ന മോഡറേഷന് പുറമേ ഒരു മാർക്ക് നൽകാനാണ് അദാലത്തിൽ തീരുമാനിച്ചത്. അദാലത്തിലെ തീരുമാനത്തിൽ വൈസ് ചാൻസിലറും ഒപ്പ് വച്ചിട്ടുണ്ട്. ഈ തീരുമാനം ഉദ്യോഗസ്ഥർ  എതിർത്തതിനാലാണ് അക്കാദമിക് കൗൺസിലിന്‍റെ പരിഗണനക്ക് വിട്ടത്. ഇതിനിടെ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഡോ ഷറഫുദ്ദീൻ അദാലത്തിൽ പങ്കെടുത്തതും വിവാദമായിരുന്നു.  ഷറഫുദ്ദീനിന്‍റെയും ഒരു സിൻഡിക്കേറ്റ് അംഗത്തിന്‍റെയും സമീപവാസിയാണ് മാർക്ക് കുടുതലാവശ്യപ്പെട്ട കുട്ടിയെന്ന ആരോപണമുയർന്നിട്ടുണ്ട്. മാർക്ക് ദാനത്തിനെതിരെ എംജി സർവകലാശാല പ്രോവൈസ് ചാൻസിലറെ കെ എസ് യു പ്രവർത്തകർ ഉപരോധിച്ചു. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയത് നീക്കി.

എംജി സർവ്വകലാശാലയ്ക്ക് കീഴിലുള്ള കോതമംഗലം എഞ്ചിനീയറിംഗ് കോളേജിലെ ഒരു വിദ്യാർത്ഥിക്ക് മന്ത്രിയും പ്രൈവറ്റ് സെക്രട്ടറിയും ചേർന്ന് മാർക്ക് കൂട്ടി നൽകിയെന്ന് ഇന്നലെയായിരുന്നു  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചത്. സർവ്വകലാശാല അദാലത്തിൽ മന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടതിന് പിന്നാലെ വിഷയയം സിൻഡിക്കേറ്റ് യോഗത്തിൽ വയ്ക്കാൻ തീരുമാനിച്ചു. ഇത് ചട്ടവിരുദ്ധമാണെന്ന് വൈസ് ചാൻസിലർ ചൂണ്ടിക്കാട്ടിയപ്പോൾ സിൻഡിക്കേറ്റിലെ ഇടത് അംഗങ്ങൾ ഔട്ട് ഓഫ് അജണ്ടയായി ഇക്കാര്യം കൊണ്ടുവന്നു.  മന്ത്രിക്ക് മുന്നിൽ പരാതി ഉന്നയിച്ച വിദ്യാർത്ഥിക്ക് ഒരു മാർക്ക് നൽകാൻ തീരുമാനിച്ചെന്നായിരുന്നു ആക്ഷേപം.  

കെ ടി ജലീലിന്‍റെ പ്രതികരണം

പ്രതിപക്ഷ നേതാവ് തെരുവില്‍ അല്ല ഇത്തരമൊരു വാദം ഉന്നയിക്കേണ്ടത്. ബന്ധപ്പെട്ട അതോറിറ്റിയെ അദ്ദേഹം  സമീപിക്കട്ടെ.  മലയാളം സര്‍വ്വകലാശാലയിലെ ഭൂമി ഏറ്റെടുക്കല്‍, ബന്ധുനിയമന വിവാദം തുടങ്ങിയവയൊക്കെ ചീറ്റിപ്പോയി. സമാനമായ ആരോപണം എന്നല്ലാതെ ഇതില്‍ കഴമ്പില്ല. മാര്‍ക്ക് കൂട്ടിക്കൊടുക്കുന്നതുമായി ബന്ധപ്പെട്ടൊരു തീരുമാനം എടുക്കാന്‍ സിന്‍ഡിക്കേറ്റിന് അധികാരമില്ലെന്നാണ് പ്രതിപക്ഷ നേതാവിന്‍റെ ആരോപണമെങ്കില്‍ അദ്ദേഹം ചാന്‍സിലര്‍ക്ക് പരാതി കൊടുക്കട്ടെ അല്ലെങ്കില്‍ കോടതിയില്‍ പോകട്ടെ. വകുപ്പ് തല അന്വേഷണത്തിന്‍റെ ആവശ്യമില്ല. എന്തെങ്കിലും തരത്തിലുള്ള അടിസ്ഥാനമുണ്ടെന്ന് തോന്നുന്ന ആക്ഷേപമാണ് അന്വേഷിക്കേണ്ടത്. പ്രതിപക്ഷ നേതാവ് സംസാരിക്കുന്നത് കെഎസ്‍യു നേതാവ് സംസാരിക്കുന്നത് പോലെ. ഇതിനൊക്കെ അന്വേഷണത്തിന് പുറപ്പെട്ടാല്‍ അതിനെ സമയമുണ്ടാകു. 

click me!