Covid Death : ‌ കോവിഡ് മരണ പട്ടിക; അപേക്ഷകളിൽ തീരുമാനം നീളുന്നു. ജീവനക്കാരുടെ കുറവെന്ന് വിശദീകരണം

By Web TeamFirst Published Dec 2, 2021, 6:50 AM IST
Highlights

അതത് ആശുപത്രികളാണ് മരണ അപ്പീലുകളിൽ സർട്ടിഫിക്കറ്റ് നൽകേണ്ടതെന്നിരിക്കെ, മെഡിക്കൽ കോളേജുകളിൽ നിന്നടക്കം ഇവ ലഭിക്കാൻ വലിയ കാലതാമസമുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതർ വിശദീകരിക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് മരണ(covid death) പട്ടികയിലുൾപ്പെടുത്താൻ നൽകിയ അപ്പീലുകളിലും(appeal) അപേക്ഷകളിലും സമയപരിധി കഴിഞ്ഞിട്ടും തീരുമാനമാകാതെ നീളുന്നു. ആശുപത്രികളിൽ നിന്ന് രേഖകൾ ലഭിക്കുന്നത് വൈകുന്നതാണ് കാരണമെന്ന് ആരോഗ്യവകുപ്പ് പറയുമ്പോൾ, ജീവനക്കാരുടെ കുറവാണ് മെഡിക്കൽ കോളേജുകൾ ചൂണ്ടിക്കാട്ടുന്നത്. ഇതോടെ, നഷ്ടപരിഹാരത്തിനായി വളരെ തുച്ഛം പേർക്കാണ് ഇതുവരെ അപേക്ഷിക്കാൻ കഴിഞ്ഞത്

കോവിഡ് ബാധിച്ച്, മെഡിക്കൽ കോളേജിൽ നിന്ന് മടങ്ങിയതിന് പിന്നാലെ ദേവകിയമ്മ മരിച്ചത് കഴിഞ്ഞ വർഷം ആഗസ്റ്റ് 6ന്. മെഡിക്കൽ കോളേജിൽ നിന്ന് ഡിസ്ചാർജ് ചെയ്ത് വീട്ടിലെത്തി ഉടനെയുള്ള മരണം കോവിഡ് പട്ടികയിൽ നിന്ന് പുറത്താണ്. ഒക്ടോബർ 13ന് കുടുംബം അപ്പീൽ നൽകി. അപ്പീൽ സ്വീകരിച്ചതായി മെസേജും വന്നു. പക്ഷെ ഒന്നര മാസം കഴിഞ്ഞിട്ടും പിന്നെ ഒരറിയിപ്പുമില്ല. ഇതോടെ നഷ്ടപരിഹാരത്തിനായി റവന്യൂ വകുപ്പിന് അപേക്ഷ നൽകാനുമാകുന്നില്ല.

അതത് ആശുപത്രികളാണ് മരണ അപ്പീലുകളിൽ സർട്ടിഫിക്കറ്റ് നൽകേണ്ടതെന്നിരിക്കെ, മെഡിക്കൽ കോളേജുകളിൽ നിന്നടക്കം ഇവ ലഭിക്കാൻ വലിയ കാലതാമസമുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതർ വിശദീകരിക്കുന്നു. ഇതാണ് വൈകലിനിടയാക്കുന്നത്. കോവിഡ് ബ്രിഗേഡ് ഉണ്ടായിരിക്കെ കൃത്യമായി മുന്നോട്ടു പോയ സംവിധാനം തകിടം മറിഞ്ഞിരിക്കുകയാണെന്നാണ് മെഡിക്കൽ കോളേജുകളടക്കം ആശുപത്രികൾ വിശദകരിക്കുന്നത്. അപ്പീൽ അംഗീകരിച്ച് രേഖകളും കിട്ടിയ ശേഷം വേണം സർക്കാർ നൽകുന്ന ധനസഹായത്തിന് അപേക്ഷിക്കാൻ. അപ്പീലുകളിൽ തീരുമാനം നീളുന്നതോടെ ഇതുവരെ ദുരന്തനിവാരണ വകുപ്പിന് മുന്നിലെത്തിയിരിക്കുന്നത് ആകെ 7100 അപേക്ഷകൾ മാത്രമാണ്. ഇതുവരെ ആർക്കും തുക നൽകിയിട്ടുമില്ല. അപേക്ഷകളിൽ തീരുമാനമെടുക്കാൻ 30 ദിവസമെന്നത് ചുരുക്കി ദില്ലി 7 ദിവസമാക്കി കുറച്ചിരുന്നു. ചില സംസ്ഥാനങ്ങൾ നഷ്ടപരിഹാര തുകയും വിതരണം ചെയ്തു.

click me!