മദ്യവില്‍പ്പനയിലൂടെ വരുമാനം വര്‍ധിപ്പിക്കാനുള്ള തീരുമാനം വിചിത്രം: മുല്ലപ്പള്ളി

By Web TeamFirst Published May 13, 2020, 11:19 PM IST
Highlights

ദ്യ ഉപഭോഗം കുറയ്ക്കുമെന്ന് തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ വാഗ്ദാനം നല്‍കിയ ഇടതുമുണണി അധികാരത്തിലെത്തിയ ശേഷം മദ്യവില്‍പ്പനയിലൂടെ വരുമാനം വര്‍ധിപ്പിക്കാന്‍ തീരുമാനമെടുത്തത് വിചിത്രമാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

തിരുവനന്തപുരം: മദ്യ ഉപഭോഗം കുറയ്ക്കുമെന്ന് തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ വാഗ്ദാനം നല്‍കിയ ഇടതുമുണണി അധികാരത്തിലെത്തിയ ശേഷം മദ്യവില്‍പ്പനയിലൂടെ വരുമാനം വര്‍ധിപ്പിക്കാന്‍ തീരുമാനമെടുത്തത് വിചിത്രമാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

സിപിഎമ്മിന്റെ വാക്കും പ്രവൃത്തിയും തമ്മില്‍ ഒരു പൊരുത്തവുമില്ല. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം സകല നിബന്ധനകളും ലംഘിച്ച് കൊണ്ട് 500 ലധികം ബാറുകള്‍ക്ക് അനുമതി നല്‍കി. സംസ്ഥാന സര്‍ക്കാരിന് വരുമാനം കണ്ടെത്താനുള്ള കറവപശുവാണ് മദ്യശാലകള്‍. സര്‍ക്കാര്‍ ഒരു രൂപപോലും പാഴ്‌ചെലവുകള്‍ ചുരുക്കാതെയാണ് ബസ് ചാര്‍ജും മദ്യ നികുതിയും വര്‍ധിപ്പിക്കുന്നത്. ബസ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത് പ്രതിഷേധാര്‍ഹമാണ്.

കടുത്ത സാമ്പത്തിക പ്രതിന്ധിയില്‍ നട്ടം തിരിയുകയാണ് ജനം. ജനങ്ങളിലേക്ക് പണം എത്തിക്കുന്നതിനാണ് സര്‍ക്കാര്‍ പ്രധാന്യം നല്‍കേണ്ടത്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളുടെ കൈയിലുള്ള പണം തട്ടിപ്പറിക്കുകയാണ്. സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക അച്ചടക്കമില്ലായ്മയും ധൂര്‍ത്തും കൊണ്ടുണ്ടായതാണ് നിലവിലെ സാമ്പത്തിക പ്രതിസന്ധി. പാഴ്‌ചെലവുകള്‍ നിയന്ത്രിക്കാനും നികുതി കുടിശിക പിരിച്ചെടുക്കാനും കഴിയാത്ത കാര്യക്ഷമതയില്ലാത്ത മന്ത്രിസഭയാണ് കേരളത്തിലേത്. 

2019 നവംബര്‍ മാസം മുതല്‍ സംസ്ഥാനത്ത് ട്രഷറി നിയന്ത്രണമാണ്. 50000 രൂപയിലധികം വരുന്ന ഒരു ബില്ലും മാറുന്നില്ല. വികസന പ്രവര്‍ത്തനങ്ങള്‍ പാടെ സ്തംഭിച്ചു. കിട്ടാവുന്ന എല്ലായിടത്തും നിന്നും പണം കടം വാങ്ങി ധൂര്‍ത്തടിക്കുകയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും. നിലവില്‍ കടബാധ്യത രണ്ടര ലക്ഷം കോടിയിലധികമായി. ഇതിന് പുറമെയാണ് കിഫ്ബി വഴി ഉണ്ടാക്കി വെച്ച കടം. ഇതെല്ലാം മറച്ചുവച്ചാണ് സര്‍ക്കാര്‍ കോവിഡിനെ മറയാക്കി ശമ്പളം പിടിച്ചും ബസ് ചാര്‍ജ് വര്‍ധിപ്പിച്ചും മദ്യനികുതി ഉയര്‍ത്തിയും ധനം ശേഖരിക്കുന്നത്. ഇത് അംഗീകരിക്കാന്‍ കഴിയില്ല.

മീറ്റര്‍ റീഡിംഗ് എടുക്കാന്‍ വൈകിയതിന്റെ പേരില്‍ ദുരിതം അനുഭവിക്കുന്നത് ഉപയോക്താക്കളാണ്. ഭീമമായ തുകയാണ് ഓരോ ഉപയോക്താവിനും അടയ്‌ക്കേണ്ടി വരുന്നത്. റീഡിംഗ് എടുക്കാന്‍ വൈകിയതിന്റെ പേരില്‍ സബ്‌സിഡി യൂണിറ്റ് സ്ലാബ് കഴിഞ്ഞതാണ് വൈദ്യുതി ഉപയോക്താക്കള്‍ക്ക് തിരിച്ചടിയായത്. ഊഹക്കണക്കില്‍ വൈദ്യുതി നിരക്ക് നിശ്ചയിച്ച് ഉപയോക്താക്കളെ പിഴിയുന്നതിന് പകരം എത്രയും വേഗം പ്രശ്‌നം പരിഹരിക്കുകയാണ് ഇലക്ട്രിസിറ്റി ബോര്‍ഡ് ചെയ്യേണ്ടതെന്നും മുല്ലപ്പള്ളി പറഞ്ഞു.

click me!