കോന്നി മെഡിക്കല്‍ കോളേജിൽ അടിയന്തര സജ്ജീകരണങ്ങള്‍ ഒരുക്കാൻ തീരുമാനം, ആഗസ്റ്റ് 30ന് പ്രവര്‍ത്തനം ആരംഭിക്കും

Published : Aug 07, 2021, 05:24 PM IST
കോന്നി മെഡിക്കല്‍ കോളേജിൽ അടിയന്തര സജ്ജീകരണങ്ങള്‍ ഒരുക്കാൻ തീരുമാനം, ആഗസ്റ്റ് 30ന് പ്രവര്‍ത്തനം ആരംഭിക്കും

Synopsis

മൈനര്‍ ഓപ്പറേഷന്‍ തീയറ്റര്‍, ഐ.സി.യു മുതലായവ ഉടന്‍ സ്ഥാപിച്ച് അത്യാഹിത വിഭാഗം ആരംഭിക്കാന്‍ തീരുമാനിച്ചു. 

തിരുവനന്തപുരം: പത്തനംതിട്ട കോന്നി മെഡിക്കല്‍ കോളേജില്‍ അടിയന്തര സജ്ജീകരണങ്ങളൊരുക്കാന്‍ തീരുമാനം. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളേജില്‍ നടന്ന വകുപ്പ് മേധാവികളുടേയും ഉദ്യോഗസ്ഥരുടേയും യോഗങ്ങളിലാണ് തീരുമാനമായത്. മൈനര്‍ ഓപ്പറേഷന്‍ തീയറ്റര്‍, ഐ.സി.യു മുതലായവ ഉടന്‍ സ്ഥാപിച്ച് അത്യാഹിത വിഭാഗം ആരംഭിക്കാന്‍ തീരുമാനിച്ചു. 

എം.ആര്‍.ഐ., സി.ടി. സ്‌കാന്‍ മുതലായവ ലഭ്യമാക്കുന്നതിന് പ്രൊപ്പോസല്‍ സമര്‍പ്പിക്കുന്നതിന് ഡി.എം.ഇ.യെ ചുമതലപ്പെടുത്തി. കോന്നി മെഡിക്കല്‍ കോളേജിന്റെ രണ്ടാം ഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കിഫ്ബി മുഖേന നടപ്പാക്കുന്നതിന് 241.01 കോടി രൂപയുടെ ഭരണാനുമതി നല്‍കി ടെണ്ടര്‍ വിളിച്ചിട്ടുണ്ട്. എത്രയും വേഗം നടപടി പൂര്‍ത്തിയാക്കി രണ്ടാം ഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി.

2022ല്‍ മെഡിക്കല്‍ കോളേജില്‍ അഡ്മിഷന്‍ ആരംഭിക്കാനുള്ള നടപടികള്‍ ഈ ആഴ്ച ആരംഭിക്കുന്നതാണ്. വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കുന്നതിന്റെ ഭാഗമായി എന്‍.എം.സി. യുടെ അനുവാദം ലഭ്യമാക്കുന്നതാണ്. അഡ്മിഷനുമായി ബന്ധപ്പെട്ട് പ്രത്യേക യോഗം ചേരാനും തീരുമാനിച്ചു.

ഗൈനക്കോളജി ചികിത്സയും, ബ്ലഡ് ബാങ്കും ആരംഭിക്കുന്നത് സംബന്ധിച്ചും ചര്‍ച്ച നടത്തി. ആശുപത്രി വികസന സമിതി അടിയന്തിരമായി രൂപീകരിക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവ് നല്‍കിയിരുന്നു. ഇത് നടപ്പിലാക്കുന്നതിന് ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി. ഓക്‌സിജന്‍ പ്ലാന്റ് ഇന്‍സ്റ്റലേഷന് വേണ്ടി കെ.എം.സി.എല്‍., ജില്ലാ ഭരണകൂടം എന്നിവര്‍ ആശുപത്രി അധികൃതരുമായി ചര്‍ച്ച നടത്തുകയും സിവില്‍ വര്‍ക്കിനുള്ള തുക ജില്ലാ കളക്ടര്‍ നല്‍കാം എന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ നിര്‍മ്മാണം ഉടന്‍ പൂര്‍ത്തിയാക്കുന്നതാണ്. 

ഫര്‍ണീച്ചറുകളും അനുബന്ധ ഉപകരണങ്ങളും കെ.എം.സി.എല്‍. അടിയന്തിരമായി ലഭ്യമാക്കും. കോവിഡിന്റെ മൂന്നാം തരംഗം കണക്കിലെടുത്ത് പീഡിയാട്രിക് ചികിത്സാ വിഭാഗം, ഐ.സി.യു എന്നിവയുടെ ശക്തീകരിക്കുന്നതാണ്. വിവിധ മെഡിക്കല്‍ കോളേജുകളില്‍ വര്‍ക്കിംഗ് അറേഞ്ച്‌മെന്റുകളില്‍ ജോലി ചെയ്യുന്നവരെ തിരികെ നിയമിച്ച് തുടങ്ങിയിട്ടുണ്ട്. വര്‍ക്കിംഗ് അറേഞ്ച്‌മെന്റ് പൂര്‍ണമായും അവസാനിപ്പിച്ച് നിയമനം നടത്താന്‍ തീരുമാനിച്ചു. എംപ്ലോയ്‌മെന്റ് വഴി നിയമിക്കേണ്ട പാര്‍ട്ട്‌ടൈം സ്വീപ്പര്‍മാരുടെ നിയമനം നടത്തി. നഴ്‌സിംഗ് അസിസ്റ്റുമാര്‍ക്ക് അന്തര്‍ ജില്ലാ സ്ഥലംമാറ്റം നല്‍കി നിയമനം നടത്തിയിട്ടുണ്ട്. അക്കാഡമിക് ബ്ലോക്കിന്റെ നിര്‍മ്മാണം വേഗത്തിലാക്കും.

ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും മെഡിക്കല്‍ കോളേജിലേക്ക് കെ.എസ്.ആര്‍.ടി.സി. കൂടുതല്‍ സര്‍വീസ് ആരംഭിക്കുന്നതാണ്. കെ.യു. ജനീഷ് കുമാറിന്റെ എം.എല്‍.എ. ഫണ്ടില്‍ നിന്നും കോളേജ് ബസ് നല്‍കുവാനും തീരുമാനിച്ചു. മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനം വിലയിരുത്തി വകുപ്പ് മേധാവികളുടേയും നിര്‍മ്മാണവും അനുബന്ധ സജ്ജീകരണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുടേയും യോഗങ്ങളാണ് മന്ത്രിയുടെ നേതൃത്വത്തില്‍ നടന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കൈക്കൂലി കേസ്; ജയിൽ ഡിഐജി വിനോദ് കുമാറിന് സംരക്ഷണം, സസ്പെന്‍റ് ചെയ്യാൻ നടപടിയില്ല
വാളയാർ ആൾക്കൂട്ട കൊലപാതകം; സ്ത്രീകൾക്ക് പങ്കെന്ന് പൊലീസ് നിഗമനം, ആക്രമിച്ചത് 15 ഓളം പേർ