പട്ടിക വിപുലീകരിക്കണമെന്ന് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും; കെപിസിസി പുനസംഘടനയില്‍ തീരുമാനമായില്ല

By Web TeamFirst Published Jan 14, 2020, 8:38 PM IST
Highlights

 25 പേരടങ്ങുന്ന പട്ടിക മുല്ലപള്ളി ഹൈക്കമാന്‍ഡിന് മുന്നില്‍ വച്ചെങ്കിലും പട്ടിക വിപുലീകരിക്കണമെന്ന് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും  നിര്‍ദ്ദേശിച്ചു. എ, ഐ ഗ്രൂപ്പുകളില്‍ നിന്ന് പത്ത് വീതം ജനറല്‍ സെക്രട്ടറിമാര്‍ വേണമെന്ന നിര്‍ദ്ദേശമാണ് നേതാക്കള്‍ മുന്നോട്ട് വച്ചത്

ദില്ലി: കെപിസിസി പുനസംഘടനയില്‍ ഇന്നും തീരുമാനമായില്ല. 25 പേരടങ്ങുന്ന പട്ടിക മുല്ലപള്ളി ഹൈക്കമാന്‍ഡിന് മുന്നില്‍ വച്ചെങ്കിലും പട്ടിക വിപുലീകരിക്കണമെന്ന് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും  നിര്‍ദ്ദേശിച്ചു. എ, ഐ ഗ്രൂപ്പുകളില്‍ നിന്ന് പത്ത് വീതം ജനറല്‍ സെക്രട്ടറിമാര്‍ വേണമെന്ന നിര്‍ദ്ദേശമാണ് നേതാക്കള്‍ മുന്നോട്ട് വച്ചത്.

വനിതകള്‍ക്കും യുവാക്കള്‍ക്കും പ്രാതിനിധ്യം നല്‍കി 25 സെക്രട്ടറിമാരും വേണമെന്ന നിര്‍ദ്ദേശമുണ്ട്. ഗ്രൂപ്പ് നോമിനികളല്ലാത്ത അഞ്ച് പേരും പട്ടികയിലുണ്ട്. വര്‍ക്കിംഗ് പ്രസിഡന്‍റ് , വൈസ് പ്രസിഡന്‍റുമാരുടെ കാര്യത്തില്‍ ഹൈക്കമാന്‍ഡ് തീരുമാനമെടുക്കും. അതേസമയം, ജനപ്രതിനിധികള്‍ പട്ടികയില്‍ വേണ്ടെന്ന നിലപാട് മുല്ലപ്പള്ളി ആവര്‍ത്തിച്ചു.

കെപിസിസി പുനസംഘടന എത്രയും പെട്ടെന്ന് പ്രഖ്യാപിക്കുമെന്ന് പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ദില്ലിയില്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും താനും തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ടെന്ന് പറയുന്നവർ മൂഢസ്വർഗത്തിലാണ്. ഫെബ്രുവരി ആദ്യവാരം കേരളത്തില്‍ രാഹുൽ ഗാന്ധിയെ പങ്കെടുപ്പിച്ച് മഹാറാലി സംഘടിപ്പിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.

ജംബോപട്ടികയുമായി എത്തിയ സംസ്ഥാന നേതൃത്വത്തോട് നേരത്തെ പട്ടിക ചുരുക്കാന്‍ ഹൈക്കമാൻഡ് ആവശ്യപ്പെട്ടിരുന്നു. ജനറല്‍ സെക്രട്ടറിമാരും ട്രഷറര്‍മാരും ഉള്‍പ്പെടുന്ന 25 പേരുടെ പട്ടികയാണ് തയ്യാറാക്കിയത്. ഒരു വ്യക്തിക്ക് ഇരട്ടപ്പദവി പാടില്ലെന്ന നിലപാടിലാണ് മുല്ലപ്പള്ളി.

click me!