
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വയംഭരണ (ഓട്ടോണമസ്) കോളേജുകൾക്ക് പുതിയ കോഴ്സുകൾ ആരംഭിക്കുന്നതിനും സീറ്റുകൾ വർധിപ്പിക്കുന്നതിനുമായി ഏർപ്പെടുത്തിയിരുന്ന കർശന മാനദണ്ഡങ്ങളിൽ ഇളവുകൾ അനുവദിച്ചത് 56 ദിവസത്തിനുള്ളിൽ. പുതിയ കോഴ്സുകൾ ആരംഭിക്കുന്നതിന് മുൻകൂറായി സർക്കാരിന്റെ എൻ ഒ സി നിർബന്ധമാക്കിക്കൊണ്ട് സെപ്റ്റംബർ 11-നാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് സർക്കുലർ ഇറക്കിയിരുന്നത്. എന്നാൽ 56 ദിവസത്തിന് ശേഷം, നവംബർ 6-ലെ പുതിയ സർക്കുലറിലൂടെ ഇതിൽ ഇളവ് വരുത്തി സർക്കാർ മുൻ നിലപാട് തിരുത്തുകയായിരുന്നു.
പുതിയ ഉത്തരവ് പ്രകാരം സ്വയംഭരണ കോളേജുകൾക്ക് ഇനി കോഴ്സുകൾക്കായി മുൻകൂർ എൻ ഒസി ആവശ്യമില്ല; പ്രവേശന നടപടികൾ പൂർത്തിയാക്കിയ ശേഷമോ കോഴ്സ് ആരംഭിച്ച ശേഷമോ സർക്കാരിനെ വിവരം അറിയിച്ചാൽ മതിയാകും. കൂടാതെ, ഓരോ വർഷവും എൻ ഒസി പുതുക്കണമെന്ന നിയമത്തിൽ ഇളവ് നൽകി അത് മൂന്ന് വർഷത്തിലൊരിക്കലാക്കി മാറ്റിയിട്ടുമുണ്ട്. സർക്കാരിന്റെ പുതിയ ഉത്തരവിനെതിരെ കോൺഗ്രസ് വിദ്യാർത്ഥിയൂണിയൻ എതിർത്തിട്ടില്ല. ഇളവുകൾ ഉന്നത വിദ്യാഭ്യാസ രംഗത്തെ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനും വിദ്യാർത്ഥികളുടെ പഠനാവസരങ്ങൾ വേഗത്തിലാക്കുന്നതിനും സഹായിക്കുമെന്ന സർക്കാരിന്റെ വിശദീകരണം തൃപ്തികരമാണെന്നാണ് കെ എസ് യു നിലപാട്.
സ്വയംഭരണ കോളേജുകൾക്ക് പുറമെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ കൂടുതൽ ഇളവുകൾ കൊണ്ടുവരാനാണ് സർക്കാരിന്റെ തീരുമാനം. എയ്ഡഡ് കോളേജുകൾക്ക് ഡീംഡ് പദവി പരിഗണനയിലുണ്ട്. 'നാക്' അക്രഡിറ്റേഷനിൽ ഉയർന്ന ഗ്രേഡ് നേടി മികച്ച നിലവാരം പുലർത്തുന്ന എയ്ഡഡ് കോളേജുകൾക്ക് കൽപിത സർവകലാശാലാ പദവി നൽകുന്നതിനാണ് സർക്കാരിന്റെ നീക്കം. സംസ്ഥാനത്ത് സ്വകാര്യ സർവ്വകലാശാലകൾ ആരംഭിക്കുന്നതിനുള്ള നിക്ഷേപകരുടെ മാനദണ്ഡങ്ങളിലും സർക്കാർ ഇളവുകൾ ഉൾപ്പെടുത്തുന്നു. സ്വകാര്യ സർവ്വകലാശാലകൾ സ്ഥാപിക്കുന്നത് കൂടുതൽ സുഗമമാക്കുന്ന ഭേദഗതികളോടെയുള്ള പുതിയ ബിൽ ഡിസംബറിൽ നടക്കാനിരിക്കുന്ന നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കും. സ്വകാര്യ സർവ്വകലാശാലകൾ ആരംഭിക്കുന്നതിനുള്ള ഏക്കർ കണക്കിലെ ഭൂമി ലഭ്യത, കോർപസ് ഫണ്ട് നിക്ഷേപം, മറ്റു ഭരണപരമായ നിയന്ത്രണങ്ങൾ എന്നിവയിലാണ് പ്രധാനമായും ഇളവുകൾ പ്രഖ്യാപിക്കാൻ പോകുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam