തിരുവനന്തപുരം പാങ്ങപ്പാറ അഭിറാം കൊലക്കേസിലെ രണ്ടാം പ്രതി ഉമർ മുഫ്താറുമായി പോലീസ് തെളിവെടുപ്പ് നടത്തി.

തിരുവനന്തപുരം പാങ്ങപ്പാറ അഭിറാം കൊലകേസിൽ രണ്ടാം പ്രതിയായ ഉമർ മുഫ്താറിനെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.കഴക്കൂട്ടം സൈബർ സിറ്റി അസിസ്റ്റന്റ് കമ്മീഷ്ണറിന്റെ നേതൃത്തിലുള്ള അന്വേഷണ സംഘം ആദ്യം ഉമറിന്റെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷമാണ് കൊല നടന്ന ആളൊഴിഞ്ഞ വയലിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. മാധ്യമങ്ങളുടെ മുന്നിൽ പൊട്ടികരഞ്ഞ ഉമർ തനിക്ക് കൊലപാതകത്തിൽ പങ്കില്ലെന്നും, കൊല്ലപ്പെട്ട അഭിറാമിനെ തനിക്ക് അറിയില്ലെന്നും പറഞ്ഞു. ഉമറിനെ നാളെ വീണ്ടും കൊലപാതകം നടന്ന സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്താനാണ് പൊലീസ് തീരുമാനിച്ചിരിക്കുന്നത്.

2026 നവംബർ 1-ന് സുഹൃത്തിനെ കാണാൻ പോകുന്നു എന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ അഭിറാമിനെ പിന്നീട് കാണാതാവുകയായിരുന്നു.നവംബർ 2-ന് പാങ്ങപ്പാറയിലെ വിജനമായ ഒരു തോട്ടത്തിൽ ചാക്കിൽ കെട്ടി വാഴയിലകൾ കൊണ്ട് മൂടിയ നിലയിൽ അഭിറാമിന്റെ മൃതദേഹം കണ്ടെത്തി. ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമായി. പ്രതികൾ യഥാർത്ഥത്തിൽ ലക്ഷ്യമിട്ടത് അഭിറാമിനെ ആയിരുന്നില്ല, മറിച്ച് അഭിറാമിന്റെ മറ്റൊരു സുഹൃത്തിനെയായിരുന്നു.

കേസിലെ ഒന്നാം പ്രതിയായ പതിനേഴുകാരന്റെ മുൻ കാമുകിയുമായി അഭിറാമിന്റെ സുഹൃത്ത് അടുത്തതാണ് പ്രതിയെ പ്രകോപിപ്പിച്ചത്. കൂടാതെ ഈ പെൺകുട്ടിയുടെ ചില ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതുമായി ബന്ധപ്പെട്ട തർക്കങ്ങളും ഇതിന് കാരണമായതായി സുഹൃത്തുക്കൾ മൊഴി നൽകിയിട്ടുണ്ട്.