ആലപ്പുഴ: കടുത്ത വിഭാഗീയതയിൽ വലയുന്ന ആലപ്പുഴയിലെ സിപിഎമ്മിൽ കനത്ത അച്ചടക്കനടപടി വന്നേക്കുമെന്ന് സൂചന. പാർട്ടി തീരുമാനം ലംഘിച്ച് പരസ്യപ്രതിഷേധത്തിന് പ്രവർത്തരെ ഇളക്കിവിട്ടത് ആരെന്ന് കണ്ടെത്താൻ അന്വേഷണക്കമ്മീഷനെ നിയമിക്കാൻ സംസ്ഥാനനേതൃത്വം തീരുമാനിച്ചു. ഇതിനിടെ, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷസ്ഥാനത്തെച്ചൊല്ലി സിപിഎം ശക്തികേന്ദ്രമായ മാരാരിക്കുളത്ത് ഐസക്, സുധാകര പക്ഷ പോര് ശക്തമാവുകയാണ്.
പാർട്ടി ബ്രാഞ്ച് ഭാരവാഹികൾ ഉൾപ്പെടെ നൂറിലധികം പ്രവർത്തകരാണ് നേതാക്കന്മാർക്ക് എതിരെ മുദ്രാവാക്യം വിളിച്ച് ആലപ്പുഴ നഗരമധ്യത്തിൽ തെരുവിലിറങ്ങിയത്. അക്ഷരാർത്ഥത്തിൽ സിപിഎം കേന്ദ്രങ്ങളെ ഞെട്ടിച്ച നീക്കം. ''ലക്ഷങ്ങൾ കോഴ വാങ്ങി, പ്രസ്ഥാനത്തെ ഒറ്റുകൊടുത്ത ചിത്തരഞ്ജാ'', എന്ന മുദ്രാവാക്യങ്ങളാണ് സ്ത്രീകളടക്കമുള്ളവർ നടത്തിയ പ്രതിഷേധപ്രകടനത്തിൽ മുഴങ്ങിയത്.
ആലപ്പുഴ നഗരസഭാ അധ്യക്ഷ സ്ഥാനത്തിന്‍റെ പേരിലുള്ള തർക്കത്തിന് പുറമെ ജില്ലയിലെ പാർട്ടിയിൽ നീറിപ്പുകയുന്ന വിഭാഗീയത പുറത്തുവന്നെന്നാണ് സംസ്ഥാന നേതൃത്വത്തിന്‍റെ വിലയിരുത്തൽ. പാർട്ടി ഏരിയാകമ്മിറ്റി നേതാക്കൾ മുതൽ ജില്ലാ നേതാക്കൾ വരെ പരസ്യപ്രതിഷേധത്തിന് ചരടുവലിച്ചു. ദിവസങ്ങൾ നീണ്ട ആസൂത്രണം ഇതിന് പിന്നിലുണ്ട്.
എല്ലാം അന്വേഷിക്കാനും നടപടിയെടുക്കാനും കമ്മീഷനെ വയ്ക്കാനാണ് സംസ്ഥാന നേതൃത്വത്തിന്‍റെ തീരുമാനം. പ്രകടനത്തിന് നേതൃത്വം നൽകിയ മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാരിൽ നടപടി ഒതുങ്ങില്ലെന്ന് വ്യക്തം.
അതിനിടെ, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്തിന്‍റെ പേരിൽ മാരാരിക്കുളം ഏരിയാ കമ്മിറ്റിയിലും വിഭാഗീയത രൂക്ഷമാണ്. ഏരിയ സെക്രട്ടറി ആയിരുന്ന കെ ഡി മഹേന്ദ്രനെയാണ് ബ്ലോക്ക് പഞ്ചായത്ത് പ്രസഡിന്‍റ് ആയി ഐസക് പക്ഷം നിർദേശിക്കുന്നത്. എന്നാൽ മഹേന്ദ്രൻ ബ്ലോക്ക് പ്രസിഡന്‍റ് ആയാൽ പകരം ഏരിയാ സെക്രട്ടറി സ്ഥാനം തങ്ങൾക്ക് നൽകണമെന്ന് സുധാകര പക്ഷം വാശി പിടിക്കുന്നു. ഇത് അംഗീകരിക്കാൻ ഐസക് പക്ഷനേതാക്കൾ ഒരുക്കമല്ല. ജില്ലാ കമ്മിറ്റി ഇന്ന് നടത്തുന്ന സമവായ ചർച്ചയിൽ മഹേന്ദ്രന് പകരം ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷനായി എസ്എഫ്ഐ ജില്ലാ നേതാവ് എം രജീഷിന്‍റെ പേര് സുധാകര പക്ഷം മുന്നോട്ട്‍ വയ്ക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam