
കാസർകോട്: കെപിസിസി മുൻ അധ്യക്ഷൻ കെ സുധാകരൻ്റെ കണ്ണൂരിലെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട ചർച്ചകളിൽ പ്രതികരണവുമായി എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി. നിലവിലുള്ള എം.പിമാർ വീണ്ടും മത്സരിക്കുന്ന കാര്യത്തിൽ കോൺഗ്രസ് പാർട്ടി ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് അവർ വ്യക്തമാക്കി. സ്ഥാനാർത്ഥിത്വത്തിൽ താൽപ്പര്യം പ്രകടിപ്പിക്കാൻ സുധാകരന് അവകാശമുണ്ടെന്നും, എന്നാൽ നിലവിൽ ഇക്കാര്യത്തിൽ ഹൈക്കമാൻഡുമായി ഔദ്യോഗിക ചർച്ചകളൊന്നും നടന്നിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു. കണ്ണൂരിൽ മാത്രമല്ല, കേരളത്തിലാകെ കോൺഗ്രസിന്റെ കരുത്തുറ്റ നേതാവാണ് സുധാകരനെന്ന് അവർ പ്രശംസിച്ചു.
സ്ഥാനാർത്ഥി നിർണ്ണയത്തിൽ പ്രവർത്തകരുടെയോ പിന്തുണയ്ക്കുന്നവരുടെയോ വികാരം മാത്രം പരിഗണിച്ചല്ല, മറിച്ച് പാർട്ടിയുടെ നയപരമായ തീരുമാനമാണ് അന്തിമമെന്ന് ദീപാ ദാസ് മുൻഷി ഓർമ്മിപ്പിച്ചു. കെ. സുധാകരൻ വീണ്ടും കണ്ണൂരിൽ മത്സരിക്കണമെന്ന ആവശ്യം ശക്തമായി ഉയരുന്നതിനിടെയാണ് പാർട്ടിയുടെ സംസ്ഥാന ചുമതലയുള്ള നേതാവിൽ നിന്നുള്ള പ്രതികരണം. അതേസമയം സ്ഥാനാർത്ഥിയാകുന്നതുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധി നാളെ കെ സുധാകരനെ കാണും.
കാസർകോട് ഡി.സി.സിയിലെ കത്ത് വിവാദത്തെക്കുറിച്ചും ദീപാ ദാസ് മുൻഷി പ്രതികരിച്ചു. തനിക്ക് ഇതുവരെ അത്തരത്തിലുള്ള കത്തുകളൊന്നും ലഭിച്ചിട്ടില്ലെന്നും തൃക്കരിപ്പൂർ സീറ്റിനെ ചൊല്ലി പ്രചരിക്കുന്ന കത്തുകളെക്കുറിച്ച് അറിവില്ലെന്നും അവർ പറഞ്ഞു. എങ്കിലും, ഇത്തരത്തിൽ എന്തെങ്കിലും പരാതികളോ കത്തുകളോ ഉണ്ടെങ്കിൽ അടുത്ത സ്ക്രീനിംഗ് കമ്മിറ്റി യോഗത്തിൽ അത് ഗൗരവമായി ചർച്ച ചെയ്യുമെന്നും അവർ വ്യക്തമാക്കി. കാസർകോട് ജില്ലയിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിക്കാൻ പാർട്ടിക്ക് സാധിക്കുമെന്ന ആത്മവിശ്വാസവും അവർ പ്രകടിപ്പിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam