
കോഴിക്കോട്: ബസിനകത്ത് മോശമായി പെരുമാറിയെന്ന വീഡിയോ പ്രചരിച്ചതിനെ തുടർന്ന് കോഴിക്കോട് സ്വദേശി ദീപക് ജീവനൊടുക്കിയതില്‍ ആത്മഹത്യപ്രേരണാക്കുറ്റം ചുമത്തപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷയില്‍ ചൊവ്വാഴ്ച വിധി. ജാമ്യഹർജിയിൽ ഇന്ന് വാദം പൂർത്തിയായതോടെ ജനുവരി 27 ന് വിധി പറയാമെന്ന് കുന്നമംഗലം മജിസ്ട്രേറ്റ് കോടതി വ്യക്തമാക്കി. ജാമ്യം നല്‍കിയാല്‍ പ്രതി സാക്ഷികളെ സ്വാധീനിക്കുമെന്ന് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. കേസന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും ജാമ്യം ലഭിച്ചാല്‍ പ്രതി സാക്ഷികളെ സ്വാധീനിക്കുമെന്ന റിപ്പോര്‍ട്ടാണ് മെഡിക്കല്‍ കോളേജ് പൊലീസ് കുന്നമംഗലം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്. സമൂഹവിചാരണ നടത്തണമെന്ന ദുരുദ്ദേശത്തോടെയാണ് ഷിംജിത വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചതെന്നും ഇതില്‍ മനംനൊന്താണ് ദീപക് ജീവനൊടുക്കിയതെന്നും സംഭവത്തില്‍ സാക്ഷികളുടെ മൊഴികളും തെളിവുകളും ശേഖരിച്ചുവരികയാണെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാട്ടി.
അതേസമയം ദീപക്കിനെ ഷിംജിതക്ക് ഒരു മുന്‍ പരിചയവുമില്ലെന്നും ആത്മഹത്യാ പ്രേരണാക്കുറ്റം നിലനില്‍ക്കില്ലെന്നും പ്രതിഭാഗം ഉന്നയിച്ചു. വിശദവാദം കേട്ട ശേഷമാണ് കോടതി ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് അടുത്ത ചൊവ്വാഴ്ചയിലേക്ക് മാറ്റിയത്. മഞ്ചേരി ജയിലാണ് ഷിംജിത മുസ്തഫ നിലവിൽ റിമാന്‍ഡില്‍ കഴിയുന്നത്. ഈ മാസം 16 നായിരുന്നു സ്വകാര്യബസില്‍ കേസിനാസ്പദമായ വീഡിയോ യുവതി ചിത്രീകരിച്ചതും പോസ്റ്റ് ചെയ്തതും. വീഡിയോ വലിയ തോതിൽ പ്രചരിച്ചതോടെ അടുത്ത ദിവസം ദീപക് ജീവനൊടുക്കുകയായിരുന്നു. സംഭവം വലിയ വിവാദമായതോടെ ആത്മഹത്യ പ്രേരണ കുറ്റമടക്കം ചേർത്ത് കേസെടുത്ത പൊലീസ് 5 ദിവസങ്ങൾക്കിപ്പുറം ബന്ധു വിട്ടിൽ നിന്നാണ് ഷിംജിതയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസം റിമാൻഡ് ചെയ്ത് ജയിലിലേക്ക് മാറ്റുകയായിരുന്നു.
അതേസമയം ഷിംജിതയുടെ റിമാൻഡ് റിപ്പോർട്ടിൽ ഗുരുതര പരാമർശങ്ങളാണുള്ളത്. ഷിംജിത വീഡിയോ ചിത്രീകരിച്ചതിൽ മനം നൊന്താണ് ദീപക് ആത്മഹത്യ ചെയ്തതെന്നടക്കം വിശദീകരിക്കുന്നതാണ് റിമാൻഡ് റിപ്പോർട്ട്. ഷിംജിത ഉന്നയിച്ച ആരോപണങ്ങളെല്ലാം തള്ളുന്നതാണ് പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട്. ഇതിൽ പ്രധാനമായും പറയുന്നത്, ദീപക്കിനെ അപമാനിക്കുക എന്ന ലക്ഷ്യത്തോടെ തന്നെ ഏഴോളം വീഡിയോകളാണ് ഷിംജിത ചിത്രീകരിച്ചിട്ടുള്ളത് എന്നതാണ്. അവയിൽ പലതും പലപ്പോഴായി ഡിലീറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ഇവ വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. ഇരുവരും സഞ്ചരിച്ചിരുന്ന അൽഅമീൻ ബസിൽ പൊലീസ് പരിശോധന നടത്തി. ബസിലെ സി സി ടി വി ദൃശ്യങ്ങളും പൊലീസ് വിശദമായി പരിശോധിച്ചിരുന്നു. എന്നാൽ ഷിംജിത ആരോപിച്ചത് പോലെ അസ്വാഭാവികമായി ഒന്നും തന്നെയില്ലെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. ബസിൽ യാത്ര ചെയ്തവരും ബസ് ജീവനക്കാരും ഇത് സംബന്ധിച്ച യാതൊരു പരാതിയും നൽകിയിട്ടില്ല. സംഭവത്തിന് ശേഷം വളരെ സ്വാഭാവികമായിട്ടാണ് ഷിംജിതയും ദീപക്കും ബസിൽ നിന്നും ഇറങ്ങിപ്പോകുന്നതെന്നും പൊലീസ് വിവരിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam