
കോഴിക്കോട്: ഇൻസ്റ്റാഗ്രാം റീലിലൂടെയുള്ള ലൈംഗിക അതിക്രമ ആരോപണത്തെത്തുടർന്ന് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ കേസിൽ പ്രതിയായ യുവതി ഒളിവിലെന്ന് സൂചന. വടകര സ്വദേശി ഷിംജിത മുസ്തഫയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് തിരച്ചിൽ ഊർജിതമാക്കി. ദീപക്കിന്റെ അമ്മ നൽകിയ പരാതിയിൽ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി ഇവർക്കെതിരെ പുതിയ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ യുവതി ഒളിവിൽ പോയെന്നാണ് പൊലീസിന് ലഭിക്കുന്ന സൂചന.
ദൃശ്യങ്ങൾ പകർത്താൻ ഉപയോഗിച്ച മൊബൈൽ ഫോൺ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ഇതിനൊപ്പം യുവതിയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വിവരങ്ങൾ ശേഖരിക്കാൻ സൈബർ പോലീസിന്റെ സഹായവും തേടിയിട്ടുണ്ട്. ബസ് യാത്രയ്ക്കിടെ ഉണ്ടായ സംഭവം വടകര പോലീസിനെ അറിയിച്ചിരുന്നതായി യുവതി അവകാശപ്പെട്ടിരുന്നു. എന്നാൽ ഇങ്ങനെയൊരു പരാതി ലഭിച്ചിട്ടില്ലെന്ന് വടകര ഇൻസ്പെക്ടർ വ്യക്തമാക്കിയതോടെ യുവതിയുടെ വാദം പൊളിഞ്ഞു. സോഷ്യൽ മീഡിയയിൽ വിമർശനം ശക്തമായതോടെ യുവതി തന്റെ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ നീക്കം ചെയ്തിരിക്കുകയാണ്.
സംഭവത്തിൽ ഉത്തരമേഖലാ ഡിഐജി നേരിട്ട് അന്വേഷണം നടത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. ഒരാഴ്ചയ്ക്കകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം. വസ്തുതാവിരുദ്ധമായ ആരോപണങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കപ്പെട്ടതിൽ മനംനൊന്താണ് ദീപക് ആത്മഹത്യ ചെയ്തതെന്ന് കുടുംബം ആരോപിക്കുന്നു. ദൃശ്യങ്ങൾ വൈറലായതോടെ ദീപക് മാനസികമായി തകർന്നിരുന്നുവെന്ന് സുഹൃത്തുക്കളും മൊഴി നൽകിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam