വട്ടിയൂർക്കാവിൽ ചുവരെഴുതി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് ആർ ശ്രീലേഖ. നർമ്മദ കോംപ്ലക്സിന് സമീപത്താണ് ചുവരെഴുതിയത്.
തിരുവനന്തപുരം: വട്ടിയൂർക്കാവിൽ ചുവരെഴുതി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് മുൻ ഡിജിപി ആർ ശ്രീലേഖ. നർമ്മദ കോംപ്ലക്സിന് സമീപത്താണ് ചുവരെഴുതിയത്. വട്ടിയൂർക്കാവിലെ സ്ഥാനാർത്ഥിത്വം നിഷേധിക്കാതെയാണ് ശ്രീലേഖ പ്രതികരിച്ചത്. നഗരസഭ കൗൺസിലർ ആയത് പാർട്ടി നിർദ്ദേശം അനുസരിച്ചാണെന്നും പാർട്ടി പറഞ്ഞാൽ വട്ടിയൂർക്കാവിൽ മത്സരിക്കുമെന്നും ശ്രീലേഖ പറഞ്ഞു. ഇവിടെ ജയിക്കുകയും ചെയ്യും. അതേ സമയം ശ്രീലേഖയുടെ സ്ഥാനാര്‍ത്ഥിത്വം പാര്‍ട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
വട്ടിയൂർകാവിൽ ആർ ശ്രീലേഖ ബിജെപി സ്ഥാനാർത്ഥിയാകുമെന്ന വിവരം ഇന്നലെയാണ് പുറത്തുവന്നത്. ശ്രീലേഖയോട് മണ്ഡലത്തിൽ സജീവമാകാൻ ബിജെപി നിർദ്ദേശിച്ചിരിക്കുകയാണ്. തദ്ദേശ തെരഞ്ഞെടുപ്പിൽ ശാസ്തമംഗലം വാർഡിൽ നിന്ന് ജയിച്ച ശ്രീലേഖക്ക് മേയറാകാത്തതിൽ പരിഭവമുണ്ടായിരുന്നു. സമവായത്തിൻറെ ഭാഗമായി വട്ടിയൂർകാവിൽ സീറ്റ് നൽകാമെന്ന് പാർട്ടി ഉറപ്പ് നൽകിയിരുന്നു. സിറ്റിംഗ് എംഎൽഎ വികെ പ്രശാന്ത് ഇടത് സ്ഥാനാർത്ഥിയാകുമെന്നുറപ്പാണ്. മണ്ഡലം തിരിച്ചുപിടിക്കാൻ കോൺഗ്രസ് കെ മുരളീധരനെ ഇറക്കുന്നതോടെ വട്ടിയൂർകാവിൽ ശക്തമായ ത്രികോണപ്പോര് ഉറപ്പായ സാഹചര്യമാണുള്ളത്.


