കത്വ കേസ് നടത്തിപ്പിനായി അഭിഭാഷകര്‍ പണം വാങ്ങിയിട്ടില്ല; യൂത്ത് ലീ​ഗിന് തിരിച്ചടിയായി പുതിയ വെളിപ്പെടുത്തൽ

By Web TeamFirst Published Feb 7, 2021, 12:34 PM IST
Highlights

കത്വാ കേസ് നടത്തിപ്പിനായി അഭിഭാഷകര്‍ ആരും പണം വാങ്ങിയിട്ടില്ലെന്നാണ് സുപ്രീം കോടതിയിലടക്കം കേസ് വാദിച്ച ദീപിക വെളിപ്പെടുത്തിയത്. പബ്ലിക് പ്രോസിക്യൂട്ടറാണ് വിചാരണ കോടതിയില്‍ കേസ് നടത്തുന്നത്. 

ദില്ലി: യൂത്ത് ലീഗ് കത്വ ഫണ്ട് പിരിവ് വിവാദത്തില്‍ പുതിയ വെളിപ്പെടുത്തലുമായി അഭിഭാഷക ദീപിക സിംഗ് രജാവത്. കത്വാ കേസ് നടത്തിപ്പിനായി അഭിഭാഷകര്‍ ആരും പണം വാങ്ങിയിട്ടില്ലെന്നാണ് സുപ്രീം കോടതിയിലടക്കം കേസ് വാദിച്ച ദീപിക വെളിപ്പെടുത്തിയത്. പബ്ലിക് പ്രോസിക്യൂട്ടറാണ് വിചാരണ കോടതിയില്‍ കേസ് നടത്തുന്നത്. മുസ്ലീം യൂത്ത് ലീഗ് പണം നല്‍കിയെന്ന് പറയുന്ന അഭിഭാഷകന്‍ മുബീന്‍ ഫാറൂഖിക്ക് കേസുമായി ബന്ധമില്ലെന്നും ദീപിക സിംഗ് രജാവതിന്‍റെ ഓഡിയോ സന്ദേശത്തിൽ പറയുന്നു.

യൂത്ത് ലീഗ് നേതൃത്വത്തിനെതിരെ അഴിമതി ആരോപണവുമായി യൂത്ത് ലീഗ് ദേശീയ സമിതി അംഗമായിരുന്ന യൂസഫ് പടനിലമാണ് കഴിഞ്ഞയിടയ്ക്ക് രം​ഗത്തെത്തിയത്. കത്വ, ഉന്നാവോ പീഢനത്തിന് ഇരയായ പെൺകുട്ടികളുടെ കുടുംബത്തെ സഹായിക്കാൻ സമാഹരിച്ച ഒരു കോടിയോളം രൂപ ഇരകൾക്ക് കൈമാറാതെ യൂത്ത് ലീഗ് നേതാക്കൾ സ്വകാര്യ ആവശ്യങ്ങൾക്കുപയോഗിച്ചെന്നായിരുന്നു ആരോപണം.  

Read Also: യൂത്ത് ലീഗ് ഫണ്ട് തിരിമറി ആരോപണം അടിസ്ഥാനരഹിതമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ...

ഈ ഫണ്ടിൽ നിന്ന് കേരളത്തിലെ യൂത്ത് ലീഗ് നേതാക്കളും വിഹിതം കൈപ്പറ്റിയിട്ടുണ്ടെന്നും യൂസഫ് പടനിലം പറയുന്നു. യൂത്ത് ലീഗ് നേതാവ് പി.കെ.ഫിറോസ് നയിച്ച 2019-ലെ യുവജന യാത്രയുമായി ബന്ധപ്പെട്ട കടം തീർക്കാൻ എന്ന പേരിൽ ഉന്നാവോ ഫണ്ടിൽ നിന്ന് 15 ലക്ഷം രൂപ നേതൃത്വം വകമാറ്റി ചെലവഴിച്ചുവെന്ന് യൂസഫ് പടനിലം ആരോപിക്കുന്നു. അഭിഭാഷകന്‍ മുബീന്‍ ഫാറൂഖിക്ക് കേസ് വാദിക്കാനായി പണം നൽകിയെന്നായിരുന്നു ആരോപണത്തോടുള്ള യൂത്ത് ലീ​ഗ് പ്രതികരണം. 

Read Also: യൂത്ത് ലീ​ഗ് ഫണ്ട് തിരിമറി: പണപ്പിരിവ് നടന്നില്ലെന്ന് പറയുന്നത് പച്ചക്കള്ളമെന്ന് കെ ടി ജലീൽ...
 

click me!