
കൊച്ചി: കൊച്ചി മേയർ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരു ക്ലൈമും ഉന്നയിക്കില്ലെന്ന് ആവർത്തിച്ച് ദീപ്തി മേരി വർഗീസ്. കൊച്ചി മേയറുടെ കാര്യത്തിൽ പാർട്ടി അന്തിമ തീരുമാനം എടുക്കുമെന്ന് ദീപ്തി മേരി വർഗീസ് പറഞ്ഞു. അതൊരു പൊളിറ്റിക്കൽ ഡിസിഷൻ ആയിരിക്കും. എന്തുതന്നെയായാലും താൻ അനുസരിക്കുമെന്നും വ്യക്തിപരമായ അഭിപ്രായങ്ങൾക്കൊന്നും ഇവിടെ സ്ഥാനമില്ലെന്നും ദീപ്തി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നിലവിൽ മേയർ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിൽ കടുത്ത അഭിപ്രായ ഭിന്നതയാണ് നിലനിൽക്കുന്നത്. കൗൺസിലർമാരെ ഗ്രൂപ്പ് തിരിഞ്ഞ് സ്വാധീനിക്കുകയാണ് നേതാക്കൾ.
ഫോര്‍ട്ട് കൊച്ചിയില്‍ നിന്ന് ജയിച്ച ഷൈനി മാത്യുവിനായി എ ഗ്രൂപ്പ് ഒന്നിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വർഗീസിനും പാലാരിവട്ടം ഡിവിഷനില്‍ നിന്ന് ജയിച്ച മിനിമോൾക്കുമായി ഐ ഗ്രൂപ്പിലും തർക്കമാണ്. കൗൺസിലർമാരുടെ പിന്തുണയിൽ നേരിയ മുൻതൂക്കം ഷൈനി മാത്യുവിനാണ്. ദീപ്തിയും മിനിമോളും ഒപ്പത്തിനൊപ്പമെന്നും സൂചന. ചില കൗൺസിലർമാർ ആരുടെയും പേര് പറഞ്ഞില്ല. ജില്ലയിലെ ഗ്രൂപ്പ് നേതാക്കൾ കൗൺസിലർമാരുടെ അഭിപ്രായം തേടിയ രീതിയിലും പാർട്ടിക്കുള്ളിൽ അമർഷുണ്ട്. ദീപ്തിയുടെ, പാർട്ടിയിലെ സീനിയോറിറ്റി പരിഗണിക്കണം എന്ന നിലപാടിലാണ് മുതിർന്ന നേതാക്കൾ. മേയർ സ്ഥാനം മൂന്ന് ടേമായി പങ്കിടുന്നതും ആലോചനയിലുണ്ട്. നിർണായക ചർച്ച ഇന്ന് വൈകിട്ട് നടക്കും. കോർപ്പറേഷൻ കോർ കമ്മിറ്റിയിൽ തീരുമാനം ഉണ്ടായില്ലെങ്കിൽ കെപിസിസി മേയറെ പ്രഖ്യാപിക്കും.
ലത്തീന്‍ വിഭാഗത്തില്‍ നിന്നൊരാളെ മേയറാക്കണമെന്ന ആവശ്യം പാര്‍ട്ടിയിലെ ഒരു വിഭാഗം ഉയര്‍ത്തിയിട്ടുണ്ട്. വരാപ്പുഴ അതിരൂപതയുടെ അല്‍മായ സംഘടനയും ഈ ആവശ്യം ഉന്നയിച്ചിരുന്നു. എന്നാല്‍, വ്യക്തമായ ഭൂരിപക്ഷമുളള സാഹചര്യത്തില്‍ സാമുദായിക സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങരുതെന്ന അഭിപ്രായവും പാര്‍ട്ടിയില്‍ ശക്തമാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam