
കൊച്ചി: കൊച്ചിയിലെ കോണ്‍ഗ്രസ് സ്ഥാനാർത്ഥി മുഹമ്മദ് ഷിയാസിനായി വോട്ട് അഭ്യർത്ഥിച്ച് ദീപ്തി മേരി വർഗീസ്. കൊച്ചിയിലെ സ്ഥാനാർത്ഥിയായി അവസാന നിമിഷം വരെ പരിഗണിക്കപ്പെട്ടവരിൽ ഒരാളാണ് ദീപ്തി മേരി വർഗീസ്. എന്നാൽ രണ്ടാം ലിസ്റ്റ് വന്നപ്പോൾ ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസാണ് സ്ഥാനാർത്ഥി. 'കൊച്ചിയെ തിരിച്ചു പിടിക്കാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ കരുത്തനായ സാരഥി മുഹമ്മദ് ഷിയാസിനെ കൈപ്പത്തി അടയാളത്തിൽ വോട്ട് ചെയ്ത് വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു' എന്നാണ് ദീപ്തി മേരി വർഗീസിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. താൻ എൻഡിഎയിലേക്ക് പോകുമെന്ന പ്രചാരണത്തിന് എതിരെയും ദീപ്തി മേരി വർഗീസ് രൂക്ഷ പ്രതികരണം നടത്തി.
അവസാന നിമിഷം വരെ പ്രതീക്ഷയുണ്ടെന്നാണ് സ്ഥാനാർത്ഥിത്വത്തെ കുറിച്ച് ദീപ്തി മേരി വർഗീസ് കഴിഞ്ഞ ദിവസം പറഞ്ഞത്. 'സർവ്വം ദീപ്തം' എന്ന പേരിൽ പോസ്റ്ററുകൾ അടിക്കുകയും ചെയ്തിരുന്നു. ഇന്നലെ കൊച്ചി ബിഷപ്പ് ഹൗസിലെത്തി ബിഷപ്പ് ആന്റണി കാട്ടിപറമ്പിലുമായി ദീപ്തി മേരി വര്‍ഗീസ് കൂടിക്കാഴ്ച നടത്തിയിരുന്നു. സ്ഥാനാർത്ഥിയായി വന്നാൽ എല്ലാ പിന്തുണയും സഭ ഉറപ്പു നൽകിയിട്ടുണ്ടെന്നും കടപ്പാട് അറിയിക്കാൻ വേണ്ടി വന്നതാണെന്നും ദീപ്തി മേരി വര്‍ഗീസ് പറയുകയുണ്ടായി. ദീപ്തി മേരി വർഗീസിനെ പരിഗണിക്കണമെന്ന് കെ സി വേണുഗോപാൽ നിലപാടെടുത്തു. എന്നാൽ മുഹമ്മദ് ഷിയാസിനെ മത്സരിപ്പിക്കണമെന്ന നിലപാടിൽ വി ഡി സതീശൻ ഉറച്ചുനിൽക്കുകയായിരുന്നു. കൊച്ചി യർ സ്ഥാനത്തേക്ക് ആദ്യ ഘട്ടത്തിൽ പരിഗണിക്കപ്പെട്ട ദീപ്തി മേരി വർഗീസിനെ തഴഞ്ഞാണ് മിനിമോളെ സ്ഥാനാർത്ഥിയാക്കിയത്.
വിവിധ വശങ്ങൾ പരിശോധിച്ച ശേഷമാണ് സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതെന്നും പാർട്ടിക്കുള്ളിൽ ഉയർന്ന പ്രതിഷേധങ്ങൾ ഉൾപ്പെടെ പരിഹരിക്കാൻ കഴിയുമെന്നും മുഹമ്മദ് ഷിയാസ് ഇന്നലെ പ്രതികരിച്ചു. ദീപ്തി മേരി വർഗീസ് പ്രചാരണ രംഗത്ത് സജീവമായി പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. എൽദോസ് കുന്നപ്പള്ളി ഉയർത്തിയ വിഷയങ്ങളും പരിഹരിക്കാനാകുമെന്ന് മുഹമ്മദ് ഷിയാസ് പറഞ്ഞു. വൈപ്പിൻ സീറ്റിനെ ചൊല്ലിയുള്ള വൈസ് പ്രസിഡന്റിന്റെ പ്രതിഷേധം പറയേണ്ടത് പാർട്ടിക്കുള്ളിലാണ്. പരസ്യ പ്രതികരണം ശരിയല്ലെന്ന് ഷിയാസ് കുറ്റപ്പെടുത്തി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam