
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും ഉണ്ണികൃഷ്ണൻ പോറ്റിയും ഒരുമിച്ചുള്ള ചിത്രങ്ങള്‍ ഒന്നും എഐ അല്ലെന്നും താൻ പോസ്റ്റ് ചെയ്ത ചിത്രങ്ങളെല്ലാം ഒറിജിനൽ ആണെന്നും കോണ്‍ഗ്രസ് നേതാവ് എൻ സുബ്രഹ്മണ്യൻ. മുഖ്യമന്ത്രി പോറ്റിയോട് ചിരിക്കുന്ന ചിത്രവും എഐ അല്ലെന്നും സാമൂഹിക മാധ്യമത്തിൽ നിന്നാണ് അത് എടുത്തതെന്നും എൻ സുബ്രഹ്മണ്യൻ ഏഷ്യാനെറ്റ് ന്യൂസിന്‍റെ ന്യൂസ് അവറിൽ പറഞ്ഞു. പോസ്റ്റ് ചെയ്തത് എഐ ചിത്രമല്ല. അക്കാര്യം സര്‍ക്കാരിന് പരിശോധിക്കാം. അതിനുള്ള സംവിധാനങ്ങള്‍ ഉണ്ടല്ലോ. അങ്ങനെയൊരു ചിത്രം വന്നാൽ എന്തിനാണ് സര്‍ക്കാര്‍ ബേജാറാകുന്നത്? കേരളത്തിൽ എവിടെ എങ്കിലും അതിന്‍റെ പേരിൽ കലാപം ഉണ്ടാകുമോ?. കലാപം നടത്തിയത് ഡിവൈഎഫ്ഐക്കാരാണ്. തന്‍റെ വീട്ടിൽ വന്ന് പ്രതിഷേധിച്ചു. കേരളത്തിലെ മുഖ്യമന്ത്രിക്കെതിരെ ആരും സംസാരിക്കാൻ പാടില്ലെന്നും അപ്രിയ സത്യങ്ങള്‍ വിളിച്ചുപറയാൻ പാടില്ലെന്നും പറഞ്ഞാൽ അവര്‍ക്കൊക്കെ ഇതായിരിക്കും അനുഭവമെന്ന് ബോധ്യപ്പെടുത്താൻ കാണിക്കുന്ന പ്രക്രിയയാണ് പൊലീസ് കേസെന്നും എൻ സുബ്രഹ്മണ്യൻ പറഞ്ഞു.
ഇതുകൊണ്ടൊന്നും സ്വര്‍ണക്കൊള്ളക്കെതിരെ പ്രതികരിക്കുന്നതിൽ നിന്ന് പിന്നോട്ടുപോകില്ല. രണ്ട് ചിത്രമാണ് ആദ്യം പോസ്റ്റ് ചെയ്തത്. അതിൽ ഒരെണ്ണം ഡിലീറ്റ് ചെയ്തിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റിയോട് പിണറായി വിജയൻ സംസാരിക്കുന്ന ഫോട്ടോയാണ് ഡിലീറ്റ് ചെയ്തത്. അതും എഐ അല്ല. സാമൂഹിക മാധ്യമങ്ങളിൽ നിന്ന് കിട്ടിയതാണ് അത്. ആരും നിര്‍മിച്ചെടുത്ത ചിത്രങ്ങളല്ല. അതിനുശേഷവും ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. എല്ലാം ഒറിജിനൽ തന്നെയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് പുറത്തുവിട്ട വീഡിയോയിൽ നിന്ന് കട്ട് ചെയ്തിട്ടുള്ള ചിത്രങ്ങളാണ് അവയെന്നും എൻ സുബ്രഹ്മണ്യൻ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനും ഉണ്ണികൃഷ്ണൻ പോറ്റിയും ഒരുമിച്ചുള്ള ഫോട്ടോ വക്രീകരിച്ച് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചുവെന്നാരോപിച്ച് എൻ സുബ്രഹ്മണ്യനെതിരെ കലാപാഹ്വാനത്തിനാണ് കോഴിക്കോട് ചേവായൂര്‍ പൊലീസ് കേസെടുത്തത്. ഇന്ന് രാവിലെ സുബ്രഹ്മണ്യന്റെ വീട്ടിൽ നിന്ന് ചേവായൂർ പൊലീസ് ആണ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്തെത്തുകയായിരുന്നു.
തുടര്‍ന്ന് നോട്ടീസ് നൽകിയശേഷം വിട്ടയക്കുകയായിരുന്നു. പൊലീസ് നാടകം കളിക്കുന്നുവെന്നും അയ്യപ്പന്‍റെ സ്വർണം കട്ടവർക്കെതിരെ യുഡിഎഫ് നടത്തുന്ന പോരാട്ടത്തിൽ പതിനായിരങ്ങൾ ഒപ്പം നിൽക്കുമെന്നുമാണ് എൻ സുബ്രഹ്മണ്യൻ പൊലീസ് നടപടിയോട് പ്രതികരിച്ചത്. കേസ് രാഷ്ട്രീയ പ്രേരിതമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ട വീഡിയോയിൽ നിന്നാണ് ഫോട്ടോ ക്യാപ്ചർ ചെയ്തതെന്നും എൻ സുബ്രമണ്യന്‍റെ പ്രതികരിച്ചിരുന്നു. പിണറായി വിജയനും ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും തമ്മില്‍ ഇത്രമേല്‍ അഗാധമായ ബന്ധം ഉണ്ടാകാന്‍ എന്തായിരിക്കും കാരണമെന്ന കാപ്ഷനോടെയാണ് ഇരുവരും ഒരുമിച്ചു നില്‍ക്കുന്ന ഫോട്ടോകള്‍ കെപിസിസി രാഷ്ട്രീയകാര്യസമിതി അംഗവും കോഴിക്കോട് ജില്ലിയിലെ മുതിര്‍ന്ന നേതാവുമായ എന്‍ സുബ്രമണ്യന്‍ പോസ്റ്റിട്ടത്. പ്രചരിപ്പിക്കപ്പെടുന്നത് എഐ ഫോട്ടോയാണെന്ന് സിപിഎം നേതാക്കള്‍ ആവര്‍ത്തിക്കുന്നതിന് പിന്നാലെയാണ് കെപിസിസി രാഷ്ട്രീയ കാര്യസമിതി അംഗം സുബ്രമണ്യനെതിരെ കലാപാഹ്വാനത്തിന് ചേവായൂര്‍ പൊലീസ് കേസെടുത്തത്. സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് എൻ.സുബ്രഹ്മണ്യനെ കസ്റ്റഡിയിലെടുത്തത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam