പുത്തന്‍കുരിശിൽ ട്വന്‍റി20 വോട്ട് യുഡിഎഫിന്, എറണാകുളത്ത് നാലിടത്ത് ട്വന്‍റി20, മറ്റത്തൂരില്‍ മുഴുവന്‍ കോണ്‍ഗ്രസ് അംഗങ്ങളും ബിജെപിക്കൊപ്പം; വൻഅട്ടിമറി

Published : Dec 27, 2025, 08:36 PM IST
Central Kerala panchayat election

Synopsis

മധ്യകേരളത്തിലെ തദ്ദേശ അധ്യക്ഷ തെരഞ്ഞെടുപ്പിൽ വൻ അട്ടിമറികൾ. തൃശൂർ മറ്റത്തൂരിൽ കോൺഗ്രസ് അംഗങ്ങളെ അടർത്തിയെടുത്ത് ബിജെപി ഭരണം നേടിയപ്പോൾ, ചൊവ്വന്നൂരിൽ എസ്ഡിപിഐ പിന്തുണയോടെ യുഡിഎഫ് ഭരണം പിടിച്ചു. എറണാകുളം പുത്തൻകുരിശിൽ ട്വന്‍റി20 യുഡിഎഫിന് വോട്ട് ചെയ്തു

കൊച്ചി: തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷ തെരഞ്ഞെടുപ്പിൽ മധ്യകേരളത്തിൽ വലിയ അട്ടിമറികൾ. തൃശൂര്‍ മറ്റത്തൂരില്‍ ജയിച്ച മുഴുവന്‍ കോണ്‍ഗ്രസ് അംഗങ്ങളെയും സ്വന്തം പാളയത്തിലെത്തിച്ച് ബിജെപി വൻ അട്ടിമറി നടത്തി. ചൊവ്വന്നൂര്‍ പഞ്ചായത്തില്‍ എസ്ഡിപിഐ അംഗങ്ങളുടെ പിന്തുണയോടെ യുഡിഎഫ് ഭരണം പിടിച്ചു.  എറണാകുളം പുത്തന്‍കുരിശ് പഞ്ചായത്തില്‍ ട്വന്‍റി20 യുഡിഎഫിന് വോട്ടു ചെയ്തതായിരുന്നു മധ്യകേരളത്തിലെ മറ്റൊരു അട്ടിമറി. 

ചില ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ്  സര്‍ക്കാരുകളെ അട്ടിമറിക്കുന്നതിനു സമാനമായിരുന്നു മറ്റത്തൂരിലെ ബിജെപിയുടെ നീക്കം. പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ജയിച്ച 8 കോണ്‍ഗ്രസ് അംഗങ്ങളും ഒന്നിച്ച് കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചത്. 4 ബിജെപി അംഗങ്ങള്‍ക്കൊപ്പം രാജിവച്ച കോണ്‍ഗ്രസുകാരും  വോട്ടു ചെയ്തതോടെ കോണ്‍ഗ്രസ് വിമത ടെസി ജോസ് കല്ലറക്കല്‍ മറ്റത്തൂരില്‍ പ്രസിഡന്‍റായി. സ്ഥാനാര്‍ഥി നിര്‍ണയം മുതല്‍ കോണ്‍ഗ്രസിലുണ്ടായിരുന്ന അഭിപ്രായ ഭിന്നതകളാണ് അട്ടിമറിക്ക് വഴിവച്ചത്. പിന്നാലെ പഞ്ചായത്തിന്‍റെ ചുമതലയുണ്ടായിരുന്ന ഡിസിസി ജനറല്‍ സെക്രട്ടറിയെയും മണ്ഡലം പ്രസിഡന്‍റിനെയും കോണ്‍ഗ്രസ് പുറത്താക്കി.

എസ്ഡിപിഐ വോട്ട് യുഡിഎഫിന്, ചൊവ്വന്നൂരില്‍ എല്‍ഡിഎഫിന് ഭരണം പോയി

രണ്ട് എസ്ഡിപിഐ അംഗങ്ങള്‍ യുഡിഎഫിന് വോട്ടു ചെയ്തതോടെയാണ് ചൊവ്വന്നൂരില്‍ എല്‍ഡിഎഫിന് ഭരണം നഷ്ടമായത്. ഇവിടെ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്‍റിനോടും വൈസ് പ്രസിഡന്‍റിനോടും രാജിവയ്ക്കണമെന്ന് യുഡിഎഫ് നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ട്. ലീഗ് സ്വതന്ത്രന്‍ കാലുമാറിയതോടെ വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് ഭരണം എല്‍ഡിഎഫ് സ്വന്തമാക്കി. സിപിഎം അംഗം ആളുമാറി വോട്ടു ചെയ്തതിന്‍റെ ആനുകൂല്യത്തില്‍ കോണ്‍ഗ്രസിലെ ഗോപാലകൃഷ്ണന്‍ ചേലക്കര പഞ്ചായത്ത് പ്രസിഡന്‍റായി.  രണ്ട് ട്വന്‍റി20 അംഗങ്ങള്‍ യുഡിഎഫിന് വോട്ടു ചെയ്തതോടെയാണ് പുത്തന്‍കുരിശ് പഞ്ചായത്തില്‍ ഇടതുമുന്നണിക്ക് അധികാരം  നഷ്ടമായത്. 

നറുക്കെടുപ്പില്‍ പൂതൃക്ക പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനവും കിട്ടിയതോടെ എറണാകുളം ജില്ലയിലെ നാലു പഞ്ചായത്തുകളില്‍ ട്വന്‍റി20 ഭരണം ഉറപ്പിച്ചു. സിപിഎം വിമതന്‍റെ പിന്തുണയില്‍ പറവൂരിലെ ചേന്ദമംഗലം പഞ്ചായത്ത് യുഡിഎഫ് നേടി. കോതമംഗലം പോത്താനിക്കാട് പഞ്ചായത്തിലും വടവുകോട് ബ്ലോക്ക് പഞ്ചായത്തിലും നറുക്കെടുപ്പില്‍ ഭാഗ്യം എല്‍ഡിഎഫിനെ തുണച്ചു. ഞാറയ്ക്കല്‍ പഞ്ചായത്തില്‍ ഭാഗ്യം യുഡിഎഫിന് ഒപ്പമായിരുന്നു. സ്വതന്ത്ര അംഗത്തെ ഒപ്പം നിര്‍ത്തി കല്ലൂര്‍ക്കാട് പഞ്ചായത്ത് ഭരണം യുഡിഎഫ് നേടി. യുഡിഎഫ് സ്വതന്ത്രന് ബിജെപിയും വോട്ട് ചെയ്തതോടെ കോട്ടയം ജില്ലയിലെ ഇടതുകോട്ടയായ കുമരകം പഞ്ചായത്തില്‍ സിപിഎമ്മിന് ഭരണം നഷ്ടപ്പെട്ടു. ഇരുമുന്നണിയിലെയും അംഗങ്ങള്‍ കൂറുമാറി വോട്ടു ചെയ്ത  മൂന്നിലവ് പഞ്ചായത്തില്‍ എല്‍ഡിഎഫ് അംഗം പ്രസിഡന്‍റായി.

നറുക്കെടുപ്പ് നടന്ന മരങ്ങാട്ടുപളളിയിലും കറുകച്ചാലിലും യുഡിഎഫും ഭരണങ്ങാനത്ത് എല്‍ഡിഎഫും ഭരണം പിടിച്ചു. പൂഞ്ഞാര്‍ തെക്കേക്കര, കിടങ്ങൂര്‍, അയ്മനം പഞ്ചായത്തുകളുടെ ഭരണം ബിജെപി നേടി. ആലപ്പുഴ ജില്ലയില്‍ 8 പഞ്ചായത്തുകള്‍ ബിജെപി നേടി. ഇതില്‍ അഞ്ചും ചെങ്ങന്നൂര്‍ നിയോജക മണ്ഡലം പരിധിയിലാണ്. ജില്ലയിലെ ആര്‍ക്കും ഭൂരിപക്ഷമില്ലാതിരുന്ന 8 പ‍ഞ്ചായത്തുകളില്‍ മൂന്നിടത്ത് നറുക്കെടുപ്പിലൂടെയും മൂന്നിടത്ത് സ്വതന്ത്രരുടെ പിന്തുണയോടെയും യുഡിഎഫ് ഭരണം പിടിച്ചു. പുളിങ്കുന്ന് പഞ്ചായത്തില്‍ യുഡിഎഫ് അംഗം കൂറുമാറി എല്‍ഡിഎഫ് പിന്തുണയില്‍ പ്രസിഡന്‍റായി. വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് ഭരണവും നറുക്കെടുപ്പിലൂടെ എല്‍ഡിഎഫ് സ്വന്തമാക്കി.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സുഹാൻ എവിടെ? കളിക്കുന്നതിനിടെ പിണങ്ങി വീട്ടിൽ നിന്നും ഇറങ്ങിയതാണെന്ന് ബന്ധുക്കൾ, ചിറ്റൂരിൽ രാത്രിയിലും തെരച്ചിൽ
പുഷ്പ 2 ആൾക്കൂട്ട ദുരന്തം; അല്ലു അർജുനെ പ്രതിചേർത്ത് കുറ്റപത്രം, സന്ധ്യ തിയേറ്റർ ഉടമ ഒന്നാം പ്രതി