പാലാരിവട്ടം മേല്‍പ്പാലം ക്രമക്കേട്; പ്രതിപ്പട്ടിക വിപുലപ്പെടുത്തിയേക്കും

By Web TeamFirst Published Jul 9, 2019, 12:11 PM IST
Highlights

പാലം ക്രമക്കേടിൽ രാഷ്ട്രീയ നേതാക്കൾക്കും,കൂടുതൽ ഉദ്യോഗസ്ഥർക്കും പങ്കുണ്ടെന്ന ആരോപണം ശക്തമായ സാഹചര്യത്തിലാണ് രണ്ടാം ഘട്ട സാമ്പിൾ പരിശോധന വിജിലൻസ് നടത്തിയത്. പാലത്തില്‍ നിന്ന് ശേഖരിച്ച സാമ്പിൾ വൈകാതെ കോടതിയിൽ സമർപ്പിക്കുമെന്ന് വിജിലൻസ് ഐജി എച്ച് വെങ്കടേഷ് വ്യക്തമാക്കി. 

കൊച്ചി: പാലാരിവട്ടം മേൽപ്പാലം ക്രമക്കേടിൽ പ്രതിപ്പട്ടിക വിപുലപ്പെടുത്തിയേക്കുമെന്ന് സൂചന. മേൽപ്പാലത്തിൽ നടത്തുന്ന രണ്ടാം ഘട്ട സാമ്പിൾ പരിശോധനക്ക് ശേഷമാകും വിജിലന്‍സ് സംഘം ഇക്കാര്യത്തില്‍ തീരുമാനം എടുക്കുക. പാലത്തില്‍ നിന്ന് ശേഖരിച്ച സാമ്പിൾ വൈകാതെ കോടതിയിൽ സമർപ്പിക്കുമെന്ന് വിജിലൻസ് ഐജി എച്ച് വെങ്കടേഷ് വ്യക്തമാക്കി. 

ആദ്യഘട്ട സാമ്പിൾ പരിശോധനയ്ക്ക് ശേഷമാണ് ആർഡിഎസ് നിർമ്മാണ കമ്പനി ഉടമ സുമിത് ഗോയൽ ഉൾപ്പടെ 17 പേരെ പ്രതി ചേർത്ത് വിജിലൻസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. പാലം ക്രമക്കേടിൽ രാഷ്ട്രീയ നേതാക്കൾക്കും,കൂടുതൽ ഉദ്യോഗസ്ഥർക്കും പങ്കുണ്ടെന്ന ആരോപണം ശക്തമായ സാഹചര്യത്തിലാണ് രണ്ടാം ഘട്ട സാമ്പിൾ പരിശോധന വിജിലൻസ് നടത്തിയത്. ഇന്ത്യൻ റോഡ് കോൺഗ്രസ്സിലെ വിദഗ്‌ധർ ഉൾപ്പടെയുള്ളവര്‍ പാലം പരിശോധിച്ച ശേഷം നിർദ്ദേശിച്ച സ്ഥലങ്ങളിൽ നിന്നാണ് സാമ്പിളുകൾ ശേഖരിച്ചത്. ഈ പരിശോധനഫലം ലഭിച്ചതിന് ശേഷം ക്രമക്കേടിൽ കൂടുതൽ പേരുടെ പങ്ക് കണ്ടെത്താൻ കഴിയുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്. സാമ്പിളുകൾ കോടതി മുഖേന പരിശോധനകൾക്ക് അയക്കും.

പാലാരിവട്ടം പാലം നിർമ്മാണത്തിൽ അഴിമതി നടന്നെന്ന് വ്യക്തമായിട്ടുണ്ടെന്നാണ് വിജിലൻസ് നൽകുന്ന സൂചന. വിവിധ ഓഫീസുകളിൽ നിന്നായി രേഖകൾ ശേഖരിക്കുന്നത് തുടരുകയാണ്. ഇത് വിശദമായി പരിശോധിച്ച ശേഷമാകും ചോദ്യം ചെയ്യൽ ഘട്ടത്തിലേക്ക് കടക്കുക.


 

click me!