
തിരുവല്ല: പ്രവാസി വ്യവസായിയുടെ കോടികളുടെ സംരംഭം ചുവപ്പുനാടയിൽ കുരുക്കി ചെങ്ങന്നൂർ നഗരസഭ. കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് നേടിയിട്ടും നിര്‍മ്മാണ അനുമതി നല്‍കാതെ നഗരസഭ പദ്ധതി വൈകിപ്പിക്കുകയാണെന്നാണ് പരാതി. നഗരസഭയുടെ നിസ്സഹകരണം മൂലം നാൽപ്പത് കോടിയുടെ സംരംഭത്തിന്‍റെ പ്രവര്‍ത്തനം നിലച്ചത്.
ചെങ്ങന്നൂർ നഗരത്തിന്‍റെ മുഖഛായ തന്നെ മാറാവുന്ന തരത്തിലുള്ള ഷോപ്പിംങ് കോംപ്ലക്സ് പദ്ധതിയാണ് ചുവപ്പുനാടയിൽ കുരുക്കി കിടക്കുന്നത്. നേരിട്ടും അല്ലാതെയുമായി നൂറിലധികം പേർക്ക് ജോലി കിട്ടാമായിരുന്ന പദ്ധതിയായായിരുന്നു ബഹ്റൈൻ പ്രവാസികളായ മുളക്കുഴ സ്വദേശി രാജേഷിന്‍റെയും ഭാര്യാകുടുംബത്തിന്‍റെയും സ്വപ്ന സംരംഭം. 2016 ലാണ് കെട്ടിടത്തിന്‍റെ പണികൾ തുടങ്ങിയത്. തൊട്ടുപിന്നാലെ സ്ഥലത്തിന്‍റെ ഒരു ഭാഗം നിലമാണെന്ന് കാട്ടി പരാതി ഉയരുകയും കേസ് ഹൈക്കോടതിയിലെത്തുകയും ചെയ്തു. സംരംഭകർക്ക് അനുകൂലമായി കോടതി വിധി ലഭിച്ചിട്ടും നഗരസഭ നിര്‍മ്മാണ അനുമതി നല്‍കാതെ മുഖം തിരിക്കുകയായിരുന്നു.
എന്നാൽ ഷോപ്പിംങ്ങ് കോംപ്ലക്സ് നിർമ്മിക്കാനുദ്ദേശിച്ച സ്ഥലം നിലമാണെന്നും അനുമതി നൽകാനാകില്ലെന്നും പറഞ്ഞാണ് നഗരസഭ പദ്ധതി മുടക്കുന്നത്. എന്നാല്‍, ഇതിന് ചുറ്റുമുള്ള സ്ഥലങ്ങളിൽ കെട്ടിടങ്ങൾ നിർമ്മിച്ചിട്ടുണ്ട്. നഗരസഭാ സെക്രട്ടറിയുടെ കടുംപിടുത്തതിൽ പ്രതിഷേധിച്ച് കൗൺസിൽ അംഗങ്ങൾ സെക്രട്ടറിയെ ഉപരോധിക്കുന്നതടക്കം സമരങ്ങളും നടന്നു. എന്നിട്ടും പ്രവാസി വ്യവസായിയെ ചുവപ്പുനാടയിൽ കുരുക്കിയിടുകയാണ് നഗരസഭ. ഇതോടെ, വീണ്ടും ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് സംരംഭകർ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam