
കൊച്ചി: പരാതികളിൽ കേസ് എടുക്കാൻ വൈകുന്നുവെന്ന ആരോപണങ്ങളെ തുടർന്ന് പാലരിവട്ടം പൊലീസ് എസ്.എച്ച്.ഒ ജോസഫ് സാജനെ സസ്പെന്റ് ചെയ്തു. യൂസ്ഡ് കാർ തട്ടിപ്പിൽ സംബന്ധിച്ച പരാതിയില്‍ കേസ് എടുക്കുന്നതിലെ വീഴ്ചകളും ജോസഫ് സാജനെതിരെ നേരത്തെ ഉയർന്നിരുന്നു.
കൊവിഡ് കാലത്തായിരുന്നു യുസ്ഡ് കാർ തട്ടിപ്പ് വ്യാപകമായി ഉണ്ടായിരുന്നത്. സാമൂഹിക അകലം പാലിക്കലും വ്യക്തിശുചിത്വവും പോലെയുള്ള കാരണത്താൽ പൊതുഗതാഗത സംവിധാനങ്ങൾ ഉപേക്ഷിച്ച് സ്വന്തമായി ഒരു കാർ വാങ്ങണം എന്ന് ആളുകൾ തീരുമാനമെടുത്ത കാലമായിരുന്നു അത്. ചെറുകാറുകളുടെ വില്‍പ്പനയും സെക്കന്റ് ഹാൻഡ് വാഹനങ്ങളുടെ വിൽപ്പനയും ഇതിനെത്തുടർന്ന് കുതിച്ചുയർന്നിരുന്നു. എന്നാല്‍ ജനങ്ങളുടെ ഈ ആവശ്യകത മുതലാക്കി വാഹന തട്ടിപ്പുകളും അന്ന് വർധിച്ചു.
മറ്റാരുടെയെങ്കിലും വാഹനങ്ങളുടെ ചിത്രങ്ങൾ ഓൺലൈൻ സൈറ്റുകളിൽ നൽകി "വിൽക്കാനുണ്ട് " എന്ന പരസ്യം നൽകുന്നതായിരുന്നു തട്ടിപ്പിന്റെ ആദ്യ പടി. സാധാരണയായി ആ വാഹനത്തിന് ലഭിക്കാവുന്ന റീ സെയിൽ വിലയെക്കാൾ കുറവായിരിക്കും പരസ്യത്തിലെ വില. പരസ്യത്തിൽ നൽകിയിരിക്കുന്ന കോൺടാക്ട് നമ്പരിലേക്ക് വിളിച്ചാൽ വിളിച്ചാളുടെ വാട്സ് ആപ് നമ്പർ വാങ്ങി അതിലേക്ക് വാഹനത്തിന്റെ കൂടുതൽ ഫോട്ടോകൾ അയക്കും.
താൽപര്യമുണ്ടെങ്കിൽ മാത്രം തിരിച്ചു വിളിക്കാനാവശ്യപ്പെടുകയും ചെയ്യും. താൽപര്യം തോന്നി തിരികെ വിളിച്ചാൽ താൻ ഏതെങ്കിലും യൂണിഫോം വിഭാഗത്തിലെ ഉദ്യോഗസ്ഥനാണെന്നും, കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥനാണെന്നും അപ്രതീക്ഷിത ട്രാൻസ്ഫർ ആയതിനാലാണ് വില അല്‍പം കുറച്ച് വിൽക്കുന്നതെന്നും മറുപടി ലഭിക്കും. വാഹനം നേരിട്ടു കാണാൻ ചോദിച്ചാൽ കോവിഡ് കാരണം ജോലി ചെയ്യുന്ന ക്യാമ്പിലും മറ്റും പുറത്തു നിന്നും ആരെയും കയറ്റില്ല എന്നായിരിക്കും വിശദീകരണം.
പിന്നീടാണ് യഥാർഥ തട്ടിപ്പ് , നിങ്ങളെക്കുറിച്ച് ചോദിച്ചറിഞ്ഞതിനു ശേഷം, "നിങ്ങളെ എനിക്ക് വിശ്വാസമാണ് വണ്ടി ഞാൻ പാർസൽ സർവ്വീസിൽ അയച്ചുതരാം" എന്ന് മറുപടി ലഭിക്കും. വണ്ടി കൈപ്പറ്റിയിട്ട് വില അക്കൗണ്ടിലേക്ക് അയച്ചു തന്നാൽ മതി എന്ന മോഹന വാഗ്ദാനത്തിൽ പലരും വീഴും. RC യും മറ്റു രേഖകളും വാഹനത്തിൻ്റെ വില കിട്ടിയതിന് ശേഷം തപാലിൽ അയച്ച് തരാമെന്നും പറയും.
ഇതെല്ലാം സമ്മതിച്ചു കഴിയുമ്പോൾ ഒരു ചെറിയ തുക വാഹനം പാർസലായി അയക്കുന്നതിനായി ചെലവാകും അതിന് 3000 രൂപ മുതൽ 4000 രൂപ വരെ ഒരു അക്കൗണ്ടിലേക്ക് അയക്കാൻ ആവശ്യപ്പെടും. ഈ തുക അയച്ച് നൽകിയാൽ ഈ തട്ടിപ്പ് അവിടെ പൂർത്തിയാകും. പിന്നീട് ഈ നമ്പരിൽ വിളിച്ചാൽ ആരെയും ബന്ധപ്പെടാനും കഴിയില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam