Latest Videos

ലോക കേരള സഭാംഗങ്ങളെ പ്രാഞ്ചിയേട്ടന്മാരെന്ന് കളിയാക്കരുത്: സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണൻ

By Web TeamFirst Published Dec 28, 2019, 12:39 PM IST
Highlights
  • രണ്ടാം ലോക കേരള സഭയിൽ 47 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും
  • രണ്ടാം ലോക കേരള സഭയിൽ പ്രതിപക്ഷത്തിന്റെ പങ്കാളിത്തം ഉറപ്പാക്കാൻ എല്ലാ ശ്രമങ്ങളും നടത്തിയിട്ടുണ്ടെന്ന് സ്പീക്കർ

തിരുവനന്തപുരം: രണ്ടാം ലോക കേരള സഭയിൽ 47 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുമെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ. ലോക കേരള സഭയിൽ അംഗമായവർ അതിൽ അഭിമാനിക്കട്ടെയെന്നും അവരെ പ്രാഞ്ചിയേട്ടൻമാരെന്ന് കളിയാക്കരുതെന്നും സ്പീക്കർ പറഞ്ഞു. അവർ കേരളത്തിന്റെ സമ്പത്ത് വ്യവസ്ഥയുടെ നട്ടല്ലാണെന്നും അദ്ദേഹം വിശദീകരിച്ചു.

രണ്ടാം ലോക കേരള സഭയിൽ പ്രത്യേക ക്ഷണിതാക്കളായി ചിലർ പങ്കെടുക്കും. ലോക കേരള സഭയുടെ ഏഴ് സ്റ്റാറ്റിംഗ് കമ്മിറ്റികളുടെ ശുപാർശകളിൽ ഏഴെണ്ണം നടപ്പാക്കിയെന്ന് അദ്ദേഹം പറഞ്ഞു. പ്രതിപക്ഷത്തിന്റെ പങ്കാളിത്തം ഉറപ്പാക്കാൻ എല്ലാ ശ്രമങ്ങളും നടത്തിയിട്ടുണ്ട്. പ്രതിപക്ഷ നേതാവുമായും ഉപനേതാവുമായും വ്യക്തിപരമായി സംസാരിച്ചിട്ടുണ്ടെന്നും സ്പീക്കർ പറഞ്ഞു.

ലോക കേരളയുടെ സ്ഥിരം വേദിക്ക് 16 കോടിക്കാണ് അനുമതി നൽകിയിരിക്കുന്നത്. അതിൽ സാങ്കേതിക സമിതി പരിശോധിച്ച് പലതും ഒഴിവാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നിയമസഭ മ്യൂസിയത്തിൽ ഇ.എം.എസില്ല. ഇ.എം. എസ് സ്ക്വയർ വേണമെന്ന് ശുപാർശ വന്നു. അതിന് ഭരണാനുമതി നൽകിയെന്നും പണമൊന്നും ചിലവാക്കിയില്ലെന്നും സ്പീക്കർ പറഞ്ഞു.

സൈനിക മേധാവി വരെ ഇവിടെ രാഷ്ടീയം പറയുന്ന സാഹചര്യമുണ്ടായെന്ന് പൗരത്വ ഭേദഗതി പ്രക്ഷോഭവുമായി ബന്ധപ്പെട്ട ചോദ്യത്തിന് അദ്ദേഹം മറുപടി പറഞ്ഞു. അത്തരം സാഹചര്യത്തിൽ പ്രതികരിക്കേണ്ടി വരും. ഭരണഘടനയുടെ അന്തസത്തക്കുള്ളിൽ നിന്ന് വേണം ഓരോരുത്തരും പ്രതികരിക്കേണ്ടത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ അത്തരമൊരു തോട് പൊളിച്ചു പുറത്തുവരേണ്ടതായി വരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

click me!