
ദില്ലി: മദ്യനയക്കേസിൽ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ സിബിഐക്ക് മുന്നിൽ. മണിക്കൂറുകളായി സിബിഐ ആസ്ഥാനത്ത് ചോദ്യം ചെയ്യൽ തുടരുകയാണ്. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് സിബിഐ ആസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, ദില്ലി ഐടിഒയിൽ പ്രതിഷേധിച്ച എഎപി പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനുൾപ്പടെയുള്ള നേതാക്കൾക്കും എംഎൽഎമാർക്കുമൊപ്പം രാജ്ഘട്ടിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് കെജ്‌രിവാൾ സിബിഐ ആസ്ഥാനത്തേക്ക് പോയത്. സിബിഐ നൂറ് തവണ വിളിച്ചാലും ഹാജരാകുമെന്നും, രാഷ്ട്ര വിരുദ്ധ ശക്തികളാണ് തന്നെ വേട്ടയാടുന്നത് എന്നും കെജ്‌രിവാൾ പറഞ്ഞു. അഴിമതിയുടെ സൂത്രധാരൻ കെജ്രിവാളാണെന്ന ആരോപണം ബിജെപി ആവർത്തിച്ചു. സിബിഐ നടപടി ബിജെപിയുടെയും കേന്ദ്ര സർക്കാരിൻ്റെയും രാഷ്ട്രീയ വേട്ടയാടലാണെന്നാണ് കെജ്രിവാളും എഎപിയും ആവർത്തിക്കുന്നത്.
രാവിലെ പത്തരയോടെ ഔദ്യോഗിക വസതിയിൽനിന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനൊപ്പം പുറപ്പെട്ട കെജ്രിവാളിനെ മന്ത്രിമാരും എഎപി നേതാക്കളും അനുഗമിച്ചു. നേരെ രാജ്ഘട്ടിലെത്തി പ്രാർത്ഥന നടത്തിയ കെജ്രിവാള്‍ പതിനൊന്ന് മണിയോടെ സിബിഐ ആസ്ഥാനത്ത് പുറപ്പെട്ടു. അറസ്റ്റിനെകുറിച്ച് അഭ്യൂഹം ഉണ്ടാക്കുന്നത് ബിജെപിയാണെന്ന് ഹാജരാകുന്നതിന് തൊട്ടുമുൻപ് കെജ്രിവാൾ പറഞ്ഞു. നടപടിക്കെതിരെ ദില്ലിയിൽ പലയിടങ്ങളിലും എഎപി പ്രവർത്തകർ പ്രതിഷേധിച്ചു. കശ്മീരി ഗേറ്റിലും ഐടിഒയിലും റോഡിൽ പ്രതിഷേധിച്ച നിരവധി പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. സിബിഐ ആസ്ഥാനത്തിന് മുന്നിൽ പ്രതിഷേധം കണക്കിലെടുത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു.
രാജ്ഘട്ടിന് മുന്നിൽ കെജ്രിവാളിന്റെ അറസ്റ്റാവശ്യപ്പെട്ട് ബിജെപി പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. മഹാത്മാഗാന്ധിയെ കെജ്രിവാൾ അപമാനിച്ചെന്നും, മദ്യനയത്തിന്റെ സൂത്രധാരൻ കെജ്രിവാളാണെന്നും ബിജെപി ഇന്നും ആവർത്തിച്ചു. മദ്യനയം വഴി മദ്യവ്യവസായികളുണ്ടാക്കിയ 144 കോടിയുടെ കമ്മീഷൻ കെജ്രിവാളിന് പോയെന്നും ബിജെപി വക്താവ് സംബിത് പാത്ര പറഞ്ഞു. കെജ്രിവാളിനെ അറസ്റ്റ് ചെയ്താൽ മുഖ്യമന്ത്രി സ്ഥാനം മന്ത്രി സൗരഭ് ഭരദ്വാജിന് കൈമാറാനും എഎപി ആലോചിക്കുന്നുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam