
ദില്ലി: റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടർ റാലിയുടെ റൂട്ട് മാപ്പ് കർഷകർ പൊലീസിന് കൈമാറി. ഒരു ലക്ഷം ട്രാക്ടറുകൾ റാലിയിൽ അണിനിരക്കും. ട്രാക്ടർ റാലി റിപ്പബ്ലിക്ക് ദിന സുരക്ഷയെ ബാധിക്കാത്ത വിധത്തിൽ നടത്തണമെന്നാണ് ദില്ലി പൊലീസ് കർഷകർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. ദില്ലിക്കുള്ള മൂന്നിടത്താണ് പൊലീസ് റാലിക്ക് അനുമതി നൽകിയിരിക്കുന്നത്.
തിക്രി, ഗാസിപ്പൂർ, സിംഘു എന്നീ അതിർത്തികളിൽ നിന്നാകും റാലി പുറപ്പെടും. റിപബ്ലിക്ക് ദിന പരേഡ് നടക്കുന്ന ന്യൂ ദില്ലി ഭാഗത്തേക്ക് ട്രാക്ടറുകൾക്ക് പ്രവേശനമുണ്ടാകില്ല. ഇവിടെ നിന്ന് പതിനാല് കിലോമീറ്റർ ചുറ്റുള്ളവിലുള്ള ഭാഗം ഒഴിവാക്കിയുള്ള പോയിന്റുകളിലാണ് ഒരോ റാലിയും എത്തുക.ഇവിടെ എത്തിയതിന് ശേഷം സമര ഭൂമിയിലേക്ക് തിരിച്ചു മടങ്ങണം. റാലിക്ക് ദില്ലി പൊലീസിന്റെ അകമ്പടിയുണ്ടാകും.
ട്രാക്ടർ റാലിയിൽ സംഘർഷമുണ്ടാക്കാൻ പാകിസ്ഥാൻ ശ്രമമുണ്ടെന്നും ദില്ലി പൊലീസ് ഇന്ന് വാർത്താസമ്മേളനത്തിൽ പറഞ്ഞു. കർഷക സംഘടനകളുമായി ആറ് തവണ ചർച്ച നടത്തിയെന്ന് പറഞ്ഞ ദില്ലി പൊലീസ് ട്രാക്ടർ റാലിയുടെ സുരക്ഷ പ്രധാനമാണെന്ന് ആവർത്തിച്ചു.
റാലി കണക്കിലെടുത്ത് ദില്ലി യുപി അതിർത്തിയായ നോയിഡയിൽ 144 പ്രഖ്യാപിച്ചു. ഈ മാസം 31 വരെയാണ് നിയന്ത്രണം. റാലിക്കായി കർഷകർ യുപിയിൽ നിന്ന് ദില്ലിയിലേക്ക് ട്രാക്ടറുകളുമായി പുറപ്പെട്ടിട്ടുണ്ട്.