
പത്തനംതിട്ട: ന്യൂസ് ക്ലിക്കിനെതിരായ കേസിൽ കേരളത്തിലും പരിശോധന നടത്തി ദില്ലി പൊലീസ്. ന്യൂസ് ക്ലിക്ക് മുൻജീവനക്കാരിയായ പത്തനംതിട്ട കൊടുമൺ സ്വദേശി അനുഷ പോളിന്റെ വീട്ടിലാണ് ദില്ലി പൊലീസ് പരിശോധനക്കെത്തിയത്. മൊബൈൽ ഫോണും ലാപ്ടോപും പൊലീസ് പിടിച്ചെടുത്തു. സംസ്ഥാന പൊലീസിൽ നിന്നും ലഭിച്ച വിവരമനുസരിച്ച്, മുൻ വീഡിയോഗ്രാഫറാണ് അനുഷ പോൾ. അടുത്ത കാലത്താണ് ഇവർ പത്തനംതിട്ടയിൽ എത്തിയത്. ഇവരുടെ മൊഴിയെടുത്തതിന് ശേഷം ദില്ലി പൊലീസ് മൊബൈൽ ഫോണും ലാപ്ടോപ്പും പിടിച്ചെടുത്തു.
ഇവർ അടുത്ത കാലത്താണ് പത്തനെതിട്ടയിൽ സ്ഥിരതാമസമാക്കിയത്. ജില്ലാ പൊലീസ് മേധാവിയെ മാത്രം അറിയിച്ചാണ് പ്രത്യേക അന്വേഷണ സംഘം എത്തിയത്. അനുഷയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയതിന് ശേഷമാണ് പരിശോധനയുടെ ഭാഗമായി മൊബൈലും ലാപ്ടോപ്പും പിടിച്ചെടുത്തത്. നടപടിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ദില്ലി പൊലീസ് സംസ്ഥാന പൊലീസിനോട് പങ്കുെവെച്ചിട്ടില്ല.
അതേ സമയം, യുഎപിഎ കേസില്‍ ന്യൂസ് ക്ലിക്ക് എഡിറ്റര്‍ ഇന്‍ ചീഫിന്‍റെയും എച്ച് ആര്‍ മേധാവിയുടെയും അറസ്റ്റിന്‍റെ കാരണം റിമാന്‍ഡ് അപേക്ഷയില്‍ വ്യക്തമാക്കിയിട്ടില്ലെന്ന് ദില്ലി ഹൈക്കോടതി വ്യക്തമാക്കി. എഫ്ഐആര്‍ റദ്ദാക്കണമെന്ന ന്യൂസ് ക്ലിക്കിന്‍റെ ഹര്‍ജി പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി. 2019ലെ പൊതു തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ന്യൂസ് ക്ലിക്ക് എഡിറ്റര്‍ ഇന്‍ ചീഫ് പ്രബിര്‍ പുര്‍കായസ്ത ഗൂഢാലോചന നടത്തിയെന്നതടക്കം എഫ്ഐഐറിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്..
115 കോടി രൂപയുടെ ചൈനീസ് ഫണ്ട് സ്വീകരിച്ചുവെന്നതടക്കം ഇഡി ഉന്നയിച്ച ആരോപണങ്ങള്‍ അതേ പടി പകര്‍ത്തിയ എഫ്ഐആര്‍ റദ്ദാക്കണമെന്ന ആവശ്യവുമായാണ് ന്യൂസ് ക്ലിക്ക് എഡിറ്റര്‍ ഇന്‍ ചീഫ് പ്രബിര്‍ പുര്‍കായസ്തയും എച്ച് ആര്‍ മേധാവി ദില്ലി ഹൈക്കോടതിയെ സമീപിച്ചത്. അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയ ഹര്‍ജിക്കാര്‍ കാരണം വ്യക്തമാക്കാതെയാണ് അറസ്റ്റ് ചെയ്തതെന്നും കോടതിയെ അറിയിച്ചു. ആരോപണങ്ങളിന്മേല്‍ മുന്‍പ് ചോദ്യം ചെയ്യാന്‍ പോലും പുര്‍കായസ്തയെ വിളിപ്പിച്ചിട്ടില്ലെന്നും ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ കപില്‍ സിബല്‍ കോടതിയെ അറിയിച്ചു.
എഫ്ഐആറിലും റിമാന്‍ഡ് അപേക്ഷയിലുമുള്ള കാര്യങ്ങള്‍ കൂടുതല്‍ മനസിലാക്കേണ്ടതുണ്ടെന്നും മറുപടി തിങ്കളാഴ്ച നല്‍കാമെന്നും സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു. ഈ ഘട്ടത്തില്‍ അറസ്റ്റിന്‍റെ കാരണം വെളിവാക്കിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി ദില്ലി പോലീസിനോട് റിപ്പോര്‍ട്ട് തേടി. കേസ് ഡയറി ഹാജരാക്കാമെന്ന് സോളിസിറ്റര്‍ ജനറല്‍ മറുപടി നല്‍കി. തുടര്‍ന്ന് തിങ്കളാഴ്ച ആദ്യ ഇനമായി കേസ് പരിഗണിക്കാമെന്ന് കോടതി അറിയിക്കുകയായിരുന്നു.
അതേ സമയം പീപ്പിള്‍സ് അലയെന്‍സ് ഫോര്‍ ഡെമോക്രമസി ആന്‍റ് സെക്കുലറിസം എന്ന സംഘടനയുമായി ചേര്‍ന്ന് പുര്‍കായസ്ത തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്നാണ് ദില്ലി പോലീസിന്‍റെ എഫ്ഐആറിലെ മറ്റൊരാരോപണം. സര്‍ക്കാരിന്‍റെ പദ്ധതികളെയും വികസന പ്രവര്‍ത്തനങ്ങളെയും ചൈനീസ് അജണ്ടയുടെ ഭാഗമായി മോശമായി ചിത്രീകരിച്ചു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തെറ്റായ റിപ്പോര്‍ട്ടുകളിലൂടെ തുരങ്കം വച്ചു. വിദേശ ഫണ്ട് ഉപയോഗിച്ച് കര്‍ഷക സമരത്തെ പിന്തുണച്ച് സര്‍ക്കാരിനെതിരെ പ്രവര്‍ത്തിച്ചു. ന്യൂസ് ക്ലിക്കിന്‍റെ ഓഹരി ഉടമ കൂടിയായ ഗൗതം നവ് ലാഖയ്ക്ക് പാക് ചാര സംഘടനയുടെ ഏജന്‍റ് ഗുലാം നബി ഫായിയുമായി അടുത്ത ബന്ധമുണ്ടെന്നും എഫ്ഐആര്‍ ആരോപിക്കുന്നു.
ന്യൂസ് ക്ലിക്ക് റെയ്ഡ്; ബദൽ മാധ്യമങ്ങളെ അടിച്ചമർത്താനുള്ള ശ്രമങ്ങൾ പ്രതിഷേധാർഹമെന്ന് പിണറായി വിജയൻ