ദില്ലി കലാപം: ജനാധിപത്യ കക്ഷികള്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്ന് സമസ്ത

By Web TeamFirst Published Feb 26, 2020, 1:57 PM IST
Highlights

ദില്ലിയിലെ സമാധാന സ്ഥാപനത്തിനായി കേരളത്തില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ ഉടന്‍ ഇടപെടണമെന്ന് സമസ്ത

ദില്ലി: ദില്ലിയില്‍ നടക്കുന്ന മുസ്‌ലിം വംശഹത്യ അവസാനിപ്പിക്കാനായി  ജനാധിപത്യ കക്ഷികള്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ. അക്രമങ്ങള്‍ ഇല്ലാതാക്കുന്നതില്‍ ദില്ലി പൊലിസും കെജ്‌രിവാള്‍ സര്‍ക്കാരും പരാജയപ്പെട്ടു. പ്രതിപക്ഷ പാര്‍ട്ടികള്‍ അവരുടെ ഉത്തരവാദിത്വം നിര്‍വഹിക്കണം. ദില്ലിയിലെ സമാധാന സ്ഥാപനത്തിനായി കേരളത്തില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ ഉടന്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

അതേസമയം ദില്ലിയില്‍ രണ്ട് ദിവസമായി നടക്കുന്ന കലാപം ഗുജറാത്ത് വംശഹത്യക്ക് സമാനമെന്ന വിമര്‍ശനവുമായി സിപിഎം രംഗത്തെത്തി. ദില്ലിയില്‍ പൊലീസ് നോക്കുകുത്തിയാണ്. അക്രമം അടിച്ചമർത്തണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. മുതലെടുപ്പ് നടത്തുന്ന ഭീകര പ്രസ്ഥാനങ്ങൾ നാട്ടിലുണ്ട്. മുഖം നോക്കാതെ നടപടി വേണം. കപിൽ മിശ്രയ്ക്കെതിരെ നിയമ നടപടി വേണമെന്നും സിപിഎം ആവശ്യപ്പെട്ടു. 

click me!