
തിരുവനന്തപുരം: കാപ്പാ കേസിൽ ജയിലിലായ തിരുവനന്തപുരം നഗരസഭയിലെ വാഴോട്ടുകോണം കൗണ്‍സിലർ ആർ സുഗതനെ പുറത്താക്കമെന്നാവശ്യപ്പെട്ട് എൽ ഡി എഫ് സമരം പ്രഖ്യാപിച്ചു. നഗരസഭ ഭരണാധികാരികൾക്ക് ഒരാഴ്ച സമയം നൽകുമെന്നും ഈ മാസം 23 നുള്ളിൽ സുഗതനെ പുറത്താക്കിയില്ലെങ്കിൽ എൽ ഡി എ് കൗണ്‍സിലർമാർ അനിശ്ചിതകാല സത്യഗ്രഹ സമരം തുടങ്ങുമെന്നുമാണ് പ്രഖ്യാപനം. എൽ ഡി എഫ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി, കോർപറേഷനിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിലാണ് നേതാക്കൾ ഇക്കാര്യം പ്രഖ്യാപിച്ചത്. ഒരു മാസത്തിൽ ഒരു കൗൺസിൽ യോഗമെങ്കിലും ചേരണം എന്നതാണ് നടപ്പുരീതി. എന്നാൽ കൗൺസിൽ യോഗം വിളിക്കാൻ ആവശ്യപ്പെട്ട് നഗരസഭ സെക്രട്ടറിക്ക് കത്ത് നൽകിയിട്ടും യോഗം വിളിക്കുന്നില്ലെന്നും എൽ ഡി എഫ് നേതാക്കൾ കുറ്റപ്പെടുത്തി. ഈ സാഹചര്യത്തിൽ ഒരാഴ്ച കൂടി കാത്തിരിക്കുമെന്നും അതിനകം നടപടി ഉണ്ടായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് സി പി എം ജില്ലാ സെക്രട്ടറി വി ജോയി വ്യക്തമാക്കി. നമുക്ക് തെരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടായി. തെറ്റ് തിരുത്തി ശക്തമായി തിരിച്ചുവരും. തിരിച്ചടിയുണ്ടായെങ്കിലും ജനകീയ പ്രക്ഷോഭങ്ങളിൽ നിന്നും പിൻമാറിയിട്ടില്ലെന്നും ജോയി ചൂണ്ടിക്കാട്ടി. 10 വർഷമുണ്ടായ നഷ്ടം നികത്താൻ യു ഡി എഫിനെ സഹായിച്ചുവെന്ന് ബി ജെ പി നേതാവ് പറഞ്ഞല്ലോ. എന്തുകൊണ്ടാണ് മുഖ്യമന്ത്രി വി ഡി സതീശൻ ഇക്കാര്യത്തിൽ ഒന്നും പറയാത്തതെന്നും സി പി എം ജില്ലാ സെക്രട്ടറി ചോദിച്ചു.
കാപ്പാ കേസിലെ പ്രതിയെ പിന്തുണച്ച മുൻ ഡി ജി പിയും ബി ജെ പി കൗണ്‍സിലറുമായ ആർ ശ്രീലേഖയെ മാർച്ച് ഉദ്ഘാടനം ചെയ്ത കെ എൻ ബാലഗോപാൽ വിമർശിച്ചു. പൊലീസിനെ 'പോടാ പുല്ലേ' എന്ന് വിളിച്ചപ്പോൾ ഇങ്ങനെയുള്ള ഒരാളായിരുന്നല്ലോ മുൻപ് സംസ്ഥാനത്തെ ഡി ജി പി എന്ന് ഓർത്ത് കേരള പൊലീസ് ഒന്നടങ്കം ലജ്ജിച്ചുവെന്ന് ബാലഗോപാൽ അഭിപ്രായപ്പെട്ടു. ഒരു ഡി ജി പിക്ക് കീഴിലാണ് സുഗതനെന്ന ഗുണ്ട നിലകൊണ്ടതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പൊലീസ് മേധാവി സ്ഥാനത്ത് നിന്നും വിരമിച്ച ശേഷം ബി ജെ പിയിൽ ചേർന്ന ശേഷം ശ്രീലഖക്ക് എന്ത് മാറ്റമാണ് ഉണ്ടായതെന്ന ചോദ്യം കൂടിയാണ് ബാലഗോപാൽ ഉയർത്തിയത്. ഉത്തരേന്ത്യൻ രാഷ്ട്രീയം ബി ജെ പി തിരുവനന്തപുരത്ത് കൊണ്ടുവരാൻ നോക്കേണ്ടെന്ന് താക്കീത് ചെയ്ത ബാലഗോപാൽ, നിലവിൽ കോർപ്പറേഷനിൽ റീൽസ് ഭരണമാണ് നടക്കുന്നതെന്നും കുറ്റപ്പെടുത്തി. ചെറിയ വത്യാസത്തിലാണ് എൽ ഡി എഫിന് ഭരണം നഷ്ടമായതെന്ന് ഓർമ്മിപ്പിച്ച ബാലഗോപാൽ, ഇവിടെ എന്തും ചെയ്യാമെന്ന് ആരും വിചാരിക്കേണ്ടെന്നും വ്യക്തമാക്കി.
അതേസമയം സുഗതനെ ഉൾപ്പെടുത്തി കൗൺസിൽ യോഗം വിളിക്കരുതെന്ന് മുൻ മന്ത്രി വി ശിവൻകുട്ടി ആവശ്യപ്പെട്ടു. അങ്ങനെയുണ്ടായാൽ ശക്തമായ പ്രക്ഷോഭമായിരിക്കും ഉയരുക. കോർപ്പറേഷനിൽ ആയുധം സൂക്ഷിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്നും ശിവൻകുട്ടി ആവശ്യപ്പെട്ടു. മേയറുടെയും സ്‌റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരുടെയും ഓഫീസിൽ പൊലിസ് പരിശോധന നടത്തണം. ഓഫിസുകളിൽ ആയുധം സൂക്ഷിച്ചിരിക്കുന്നതായി സംശയമുണ്ടെന്നും ശിവൻക്കുട്ടി വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam