
കൊച്ചി;എറണാകുളം ജില്ലയിൽ ഡെങ്കിപ്പനി പടരുന്നു.ജില്ലയിൽ ഈ മാസം 143 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു.പകുതിയിലധികം രോഗികളും കൊച്ചി കോർപ്പറേഷനിലാണ്.രണ്ട് പേർ കോർപ്പറേഷൻ പരിധിയിൽ ഡെങ്കിപ്പനി ബാധിച്ച് മരിച്ചു.കൊതുക് നശീകരണം ഊർജിതമാക്കണമെന്ന് ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടെങ്കിലും കോർപ്പറേഷൻ നടപടിയെടുക്കാന്‍ തയ്യാറായിട്ടില്ല.നഗരസഭയിലെ കൊതുകുനിർമാജന സ്ക്വാഡിന്‍റെ പ്രവർത്തനം നിർജീവമാണെന്നും ആക്ഷേപമുണ്ട്.
സംസ്ഥാനത്ത് ഡെങ്കിപ്പനിയുടെ വ്യാപനമെന്ന് സൂചന; ജാഗ്രതയില്ലെങ്കിൽ അതിതീവ്ര വ്യാപനമെന്ന് വിദഗ്ധ മുന്നറിയിപ്പ്
സംസ്ഥാനം പനിച്ചു വിറയ്ക്കുന്നു. നഗര ഗ്രാമ വ്യത്യാസമില്ലാതെ കേരളം പനിക്കിടക്കയിലമർന്നു. കൊവിഡിനേക്കാൾ അതിവേഗത്തിൽ വൈറൽ പനി പടരുകയാണ്. ഡെങ്കിപ്പനിയും എലിപ്പനിയും ജലജന്യരോഗങ്ങളും പിടിമുറുക്കി കഴിഞ്ഞു. പനി ബാധിച്ച് ഓപികളിലെത്തുന്ന രോഗികളുടെ എണ്ണം ദിവസേന കൂടുകയാണെന്നും ഡോക്ടർമാർ പറയുന്നു. പലപ്പോഴും ആശുപത്രികൾക്ക് താങ്ങാനാകാത്ത വിധത്തിൽ പനി ബാധിതരുടെ എണ്ണം കൂടുകയാണ്. കിടത്തി ചികിൽസ വേണ്ടവരുടെ എണ്ണത്തിലും വർധന ഉണ്ട്.
കാലാവസ്ഥയിലുണ്ടായ മാറ്റം, രോഗവാഹകരായ കൊതുകുകളുടെ സാന്ദ്രത കൂടിയത്, വൃത്തിയില്ലാത്ത ചുറ്റുപാടുകൾ ഇവയാണ് പ്രധാനമായും സാംക്രമിക രോഗങ്ങൾ കുത്തനെ പെരുകാൻ കാരണം. കാലാവസ്ഥ വ്യതിയാനം വൈറൽ പനിയുടെ വ്യാപനത്തിന് ആക്കം കൂട്ടി. ഒരു ദിവസം മാത്രം 12,000-ത്തിന് മുകളിൽ രോഗികൾ വൈറൽ പനി ബാധിതരായി ചികിൽസ തേടുന്നുണ്ടെന്നാണ് കണക്കുകൾ. സ്വകാര്യ ആശുപത്രികളിലെ കണക്ക് കൂടിയാകുമ്പോൾ ഈ കണക്ക് വീണ്ടും ഉയരും.
ഇപ്പോഴത്തെ പനി പകർച്ച ഡെങ്കിപ്പനി വ്യാപനമാകാമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. കേരളത്തിൽ മഴക്കാലത്ത് ഉണ്ടാകുന്ന പനികളിൽ 15 മുതൽ 20 ശതമാനം വരെ ഡെങ്കിപ്പനി ആകാമെന്ന പഠനങ്ങളാണ് ഈ വിലയിരുത്തലിന് അടിസ്ഥാനം. അങ്ങനെ എങ്കിൽ തുടക്കത്തിലേ രോഗം സ്ഥിരീകരിച്ചില്ലെങ്കിൽ രോഗ വ്യാപനം രൂക്ഷമാകും. ഇതിന് മുമ്പ് 2017-ലാണ് കേരളത്തിൽ ഡെങ്കിപ്പനിയുടെ അതിവ്യാപനം ഉണ്ടാകുന്നത്. ഈ സ്ഥിതിയിലേക്ക് കാര്യങ്ങളെത്താതിരിക്കാൻ പനിയുടെ തുടക്കത്തിൽ തന്നെ ഡെങ്കി ബാധ ഇല്ലെന്ന് ഉറപ്പു വരുത്തേണ്ടത് അനിവാര്യമാണ്. എന്നാൽ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, കുടുംബാരോഗ്യ കേന്ദ്രങ്ങൾ അങ്ങനെ തുടങ്ങി താഴേ തട്ടിലുള്ള ആശുപത്രികളിൽ ഡെങ്കി പരിശോധനയ്ക്ക് ആവശ്യമായ കിറ്റുകളില്ലെന്നതും പ്രതിരോധത്തിന് തിരിച്ചടിയാണ്.
മാത്രവുമല്ല ഡെങ്കി പനി ഒരു തവണ ബാധിച്ചവർക്ക് വീണ്ടും രോഗം വന്നാൽ അത് ഗുരുതരമാകാനും മരണത്തിലേക്ക് നയിക്കാനും കാരണമാകും. ഇപ്പോൾ അത്തരത്തിലുള്ള ഒരു സാഹചര്യമുണ്ടെന്നാണ് വിദഗ്ദര്‍ മുന്നറിയിപ്പ് നൽകുന്നത്. ചില ഇടങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പഠനങ്ങളും ഇതിലേക്കാണ് വിരൽ ചൂണ്ടുന്നത്. തിരുവനന്തപുരം ജില്ലയിലാണ് ഡെങ്കിപ്പനി ബാധിതരിലേറെയും. ഒരു പക്ഷേ ആകെ കണക്കിൽ 70 ശതമാനം വരെ രോഗബാധിതർ തലസ്ഥാന ജില്ലയിലാണ്. അടുത്തിടെ തീരുവനന്തപുരത്തെ ശ്രീകാര്യം കേന്ദ്രീകരിച്ച് നടത്തിയ പഠനത്തിൽ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം കൂടുതലായി കണ്ടെത്തി. ആ കണ്ടെത്തിയ ഡെങ്കി ബാധിതരിൽ എല്ലാവര്‍ക്കും കണ്ടെത്തിയത് ടൈപ്പ് മൂന്ന് വൈറസാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam