
കൊച്ചി: പെരിയാറിൽ രാസമാലിന്യം ഒഴുക്കിയതിനെ തുടർന്ന് മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങിയ സംഭവത്തിൽ പ്രാഥമിക കണക്കുമായി ഫിഷറീസ് വകുപ്പ്. 150ലേറെ മത്സ്യക്കൂടുകൾ പൂർണ്ണമായി നശിച്ചുപോയിട്ടുണ്ട്. സംഭവത്തെ തുടർന്ന് കോടികളുടെ നഷ്ടമാണ് മത്സ്യക്കർഷകർക്കുണ്ടായിരിക്കുന്നത്. വരാപ്പുഴ, ചേരാനെല്ലൂർ, കടമക്കുടി പഞ്ചായത്തുകളിലാണ് ഏറ്റവും കൂടുതൽ നഷ്ടമുണ്ടായിരിക്കുന്നത്. വരാപ്പുഴയിലാണ് ഏറ്റവും കൂടുതൽ മത്സ്യങ്ങൾ ചത്തത്. കൊച്ചി കോർപ്പറേഷൻ മേഖലയിലേക്കും വിഷപ്പുഴ ഒഴുകിയതായി ഫിഷറീസ് വകുപ്പ് റിപ്പോർട്ടിൽ പറയുന്നു.
പെരിയാറിൽ മത്സ്യങ്ങൾ കൂട്ടത്തോടെചത്തു പൊങ്ങിയതിൽ സബ് കളക്ടറുടെ നേതൃത്വത്തിലുള്ള സംയുക്ത അന്വേഷണം ഇന്ന് തുടങ്ങും. ഫോർട്ട് കൊച്ചി സബ് കളക്ടർ കെ. മീര എടയർ വ്യവസായ മേഖലയിലെത്തും. മലിനീകരണ നിയന്ത്രബോർഡ്, ജലസേചന വകുപ്പ്, ഫിഷറീസ് വകുപ്പ് തുടങ്ങിയവരെല്ലാം ഒരുമിച്ചുള്ള അന്വേഷണമാണ്. ഒരാഴ്ചക്കകം റിപ്പോർട്ട് കൊടുക്കാനാണ് കളക്ടറുടെ നിർദേശം. മലിനീകരണ നിയന്ത്രണ വകുപ്പിന്റെ കടവന്ത്രയിലെ ലാബിലാണ് പുഴയിൽ നിന്നെടുത്ത വെള്ളം പരിശോധിക്കുന്നത്. ചത്ത മീനിന്റെ സാമ്പിൾ കുഫോസിലാണ് പരിശോധിക്കുന്നത്. പിസിബി യുടെ അനാസ്ഥയിൽ പ്രതിഷേധിച്ച് നാട്ടുകാർ ഇന്ന് എലൂർ പിസിബി ഓഫീസിലേക്ക് മാർച്ച് നടത്തും. ഫിഷറീസ് വകുപ്പിലെ ഉദ്യോഗസ്‌ഥർക്കാണ് നഷ്ടങ്ങളുടെ കണക്കെടുപ്പ് ചുമതല.
പെരിയാറിൽ അലൈൻസ് മറൈൻ പ്രോഡക്റ്റ് എന്ന കമ്പനി രാസമാലിന്യം ഒഴുകിയതിന്റെ ലക്ഷണങ്ങൾ കണ്ടെന്നു മലിനീകരണ നിയന്ത്രണ ബോർഡ് എൻവയോൺമെന്റൽ എഞ്ചിനീയർ മാധ്യമങ്ങളോട് വ്യക്തമാക്കി. അതാണോ മീനുകൾ ചത്തു പൊങ്ങാനുള്ള കാരണമെന്ന് വ്യക്തമായിട്ടില്ല. അവിടെ നിന്ന് വെള്ളത്തിന്റെ സാംപിൾ ശേഖരിച്ചതായു ഉദ്യോഗസ്ഥൻ വ്യക്തമാക്കി. കോഴി വേസ്റ്റ് പ്രോസസ്സ് ചെയ്യുന്ന കമ്പനിയാണ് അലയ്ൻസ് മറൈൻ. കമ്പനി അടച്ചു പൂട്ടുന്നതിനു മുന്നോടിയായി വിശദീകരണം ചോദിച്ച് നോട്ടിസ് നൽകുമെന്നും എഞ്ചിനീയർ മാധ്യമങ്ങളോട് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam